57-ാം വയസ്സിൽ ആദ്യമായി നീന്തൽ പഠിക്കുന്ന അമ്മയുടെ വീഡിയോ മകൾ പങ്കുവെച്ചതോടെ അത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുടുംബത്തിനായി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച ഒരമ്മ, പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് പുതിയ കാര്യങ്ങൾ പഠിച്ച് ജീവിതം ആസ്വദിക്കുന്നതിന്‍റെ പ്രചോദനാത്മകമായ കഥയാണിത്.
ജീവിതത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് ഓർമിപ്പിച്ച് 57 -ാം വയസ്സിൽ ആദ്യമായി നീന്തൽ പഠിക്കുന്ന അമ്മയുടെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് മകൾ. അനു ശർമയാണ് തന്‍റെ അമ്മ 57 -ാം വയസിൽ നീന്തൽ പഠിക്കുന്ന വീഡിയോ പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി, പിന്നാലെ വീഡിയോ തങ്ങളെയും പ്രചോദിപ്പിക്കുന്നെന്നും നീന്തൽ പഠിക്കാൻ തോന്നുന്നെന്ന് കുറിച്ച് കൊണ്ട് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.
'എല്ലാവരും പഠിക്കണം'
നീന്തൽക്കുളത്തിൽ പരിശീലനം നടത്തുന്ന അമ്മയോട് ആദ്യമായി നീന്തുന്നതിനെക്കുറിച്ച് മകൾ ചോദിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തനിക്ക് ഏറെ സന്തോഷവും ആവേശവുമാണെന്നും നേരത്തെ തന്നെ നീന്തൽ പഠിക്കാൻ ചേർന്നിരുന്നെങ്കിൽ നന്നായിരുന്നെന്നും അമ്മ പറയുന്നു. പുതിയ അനുഭവം ഏറെ ആസ്വദിക്കുകയാണെന്നും എല്ലാവരും നീന്തൽ പഠിക്കണമെന്നും അവർ പറയുന്നുണ്ട്. എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ കഥയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ കൂടുതൽ സ്പർശിച്ചത്.
വർഷങ്ങളോളം കുടുംബത്തിനും ഉത്തരവാദിത്തങ്ങൾക്കുമായി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച ജീവിതമായിരുന്നു അമ്മയുടേതെന്ന് അനു കുറിപ്പിൽ പറയുന്നു. പെൺമക്കൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത കുടുംബത്തിലാണ് അമ്മ ജനിച്ചത്. വിവാഹശേഷവും സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് അവർ കടന്നുപോയതെന്നും അനു കൂട്ടിച്ചേർക്കുന്നു.
'ഇന്ന് സ്വന്തം ഇഷ്ടങ്ങളോടൊപ്പം ജീവിതം'
കുടുംബത്തെ വളർത്തുന്നതിനും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുമിടയിൽ 'എനിക്ക് എന്താണ് വേണ്ടത്?' എന്ന ചോദ്യം സ്വയം ചോദിക്കാൻ പോലും അമ്മയ്ക്ക് അവസരം ലഭിച്ചില്ല. എന്നാൽ 57-ാം വയസ്സിൽ ആ ചോദ്യം സ്വയംചോദിച്ച് തുടങ്ങിയിരിക്കുകയാണ് അമ്മയെന്നും മകൾ പറയുന്നു. നീന്തൽ പഠിക്കുന്നതിനൊപ്പം യാത്ര ചെയ്യാനും സ്വതന്ത്രമായി ജീവിക്കാനും സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാനും അമ്മ ഇപ്പോൾ സമയം കണ്ടെത്തുകയാണെന്നും അനു കൂട്ടിച്ചേർക്കുന്നു.
മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിന്‍റെ ആദ്യപകുതി മക്കളുടെ സന്തോഷത്തിനായി മാറ്റിവെച്ചെങ്കിൽ, ഇനി അവരുടെ ജീവിതം മനോഹരമാക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തമാണെന്ന സന്ദേശവും അനു പങ്കുവച്ചു. 'ഇത് വളരെ മനോഹരവും പ്രചോദനകരവുമാണ്', 'സ്വയം തെരഞ്ഞെടുക്കാൻ ഒരിക്കലും വൈകിയിട്ടില്ല' തുടങ്ങിയ അഭിനന്ദന കുറിപ്പുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.


