'നിങ്ങൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ മദ്യപിക്കാൻ പോകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക. പ്രായപൂർത്തിയാകാതെ മദ്യപിക്കുക എന്നത് ഒരു ചെറിയ പ്രശ്നം അല്ല’ എന്നാണ് അധികൃതർ പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

അരിസോണയിലെ ടെമ്പെയിൽ കഴിഞ്ഞയാഴ്ച നടന്ന ഒരു പൊലീസ് ഓപ്പറേഷനിൽ ബാറിൽ നിന്ന് പ്രായപൂർത്തിയാവാത്തവരടക്കം അറസ്റ്റിലായത് 249 പേർ. ടെമ്പെ ടാവേൺ എന്ന ബാറിൽ പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനവും, വ്യാജ ഐഡി ഉപയോഗവും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടന്നത്. ഫോക്സ് 10 ഫീനിക്‌സിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ ഓപ്പറേഷൻ നടന്നത്. അറസ്റ്റിലായവരിൽ പലരും വ്യാജ ഐഡികൾ ഉപയോഗിക്കുകയോ മദ്യം വാങ്ങാൻ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു. അരിസോണ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലിക്കർ ലൈസൻസസ് ആൻഡ് കൺട്രോളും ടെമ്പെ പൊലീസും സഹകരിച്ചാണത്രെ റെയ്ഡ് നടത്തിയത്.

‘പ്രധാനമായും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനത്തെ ലക്ഷ്യമിട്ടാണ് ഈ റെയ്ഡ് നടന്നത്. എപ്പോഴും സാധുവായിട്ടുള്ള ഒരു ഐഡി കാർഡ് കരുതണം. നിങ്ങൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ മദ്യപിക്കാൻ പോകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക. പ്രായപൂർത്തിയാകാതെ മദ്യപിക്കുക എന്നത് ഒരു ചെറിയ പ്രശ്നം അല്ല’ എന്നാണ് അധികൃതർ പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അറസ്റ്റിലായ 249 പേരിൽ 246 പേരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു, ബാക്കിയുള്ളവരെ ടെമ്പെ സിറ്റി ജയിലിലേക്ക് മാറ്റി എന്നും റിപ്പോർട്ടുകൾ പറയുന്നു.

പൊലീസ് അന്വേഷണം പൂർത്തിയാക്കിയതിനുശേഷം മാത്രമേ ബാറിന് പിഴ ചുമത്തുകയോ ലൈസൻസ് താൽക്കാലികമായി നിർത്തിവയ്ക്കുകയോ പോലുള്ള നടപടികൾ സ്വീകരിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ടെമ്പെ ടാവേണിൽ ആദ്യമായിട്ടല്ല ഇത്തരത്തിൽ ഒരു നടപടിയുണ്ടാകുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സമാനമായ ഒരു റെയ്ഡിൽ 167 പേർ അറസ്റ്റിലായിരുന്നു. എന്തായാലും, സംഭവം അരിസോണയിൽ വലിയ ചർച്ചയായി മാറി. എന്തുകൊണ്ടാണ് ബാറുകൾ കൃത്യമായി തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കാത്തത് എന്ന് പലരും വിമർശിച്ചു.