'ഇന്ത്യൻ റെയിൽവേയിൽ മാത്രം' എന്ന ടൈറ്റിലോടെ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കാണാനാവുന്നത് ഒരു ജനറൽ കോച്ചിലെ അപ്പർ ബെർത്തിനോട് ചേർന്നുള്ള യൂട്ടിലിറ്റി റാക്കിൽ വസ്ത്രങ്ങൾ ഉണക്കാൻ വേണ്ടി തൂക്കിയിട്ടിരിക്കുന്ന കാഴ്ചയാണ്.

തിരക്കേറിയ ട്രെയിനിൽ യാത്ര ചെയ്യുക എന്നത് കുറച്ച് കഷ്ടപ്പാടുള്ള കാര്യം തന്നെയാണ്. എന്നാൽ, ഇന്ത്യൻ ന​ഗരങ്ങളിൽ തിരക്കില്ലാത്ത ട്രെയിനുകൾ കുറവായിരിക്കും. പ്രത്യേകിച്ചും ദിവസേനയുള്ള യാത്രകൾക്ക് ആളുകൾ ആശ്രയിക്കുന്ന ട്രെയിനുകൾ. എന്തായാലും, ഇന്ത്യയിലെ ട്രെയിനുകളിൽ രസകരമായതും വിചിത്രമായതുമായ അനേകം രം​ഗങ്ങൾ‌ കാണാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതുപോലെ, റെഡ്ഡിറ്റിൽ ഒരു യാത്രക്കാരൻ ഷെയർ ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. പൊതുസ്ഥലത്ത് ആളുകൾക്ക് എങ്ങനെ പെരുമാറണം എന്ന് അറിയില്ല എന്നും പറഞ്ഞാണ് പോസ്റ്റ് ചർച്ചയാവുന്നത്.

'ഇന്ത്യൻ റെയിൽവേയിൽ മാത്രം' എന്ന ടൈറ്റിലോടെ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കാണാനാവുന്നത് ഒരു ജനറൽ കോച്ചിലെ അപ്പർ ബെർത്തിനോട് ചേർന്നുള്ള യൂട്ടിലിറ്റി റാക്കിൽ വസ്ത്രങ്ങൾ ഉണക്കാൻ വേണ്ടി തൂക്കിയിട്ടിരിക്കുന്ന കാഴ്ചയാണ്. '2025 ഓഗസ്റ്റ് 15, രാവിലെ ഏകദേശം 10 മണി. ബാംഗ്ലൂർ (എസ്‌ബി‌സി) - ജയ്പൂർ (ജെ‌പി) സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12975/12976) -ൽ നിന്നുള്ള കാഴ്ചയാണ് ഇത്' എന്നാണ് പോസ്റ്റ് പ്രകാരം മനസിലാവുന്നത്. ആ ട്രെയിനിൽ തനിക്ക് എസി കോച്ച് കിട്ടിയില്ലെങ്കിലും സൗജന്യമായി ലോൺട്രി സേവനം കിട്ടി എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഉണക്കാൻ വേണ്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങളിൽ അടിവസ്ത്രവും കാണാം. പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ചിലർ രസകരമായ കമന്റുകളാണ് നൽകിയിരിക്കുന്നതെങ്കിൽ മറ്റ് ചിലർ വളരെ രൂക്ഷമായിട്ടാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. വസ്ത്രങ്ങളെല്ലാം 'ഉണക്കാനിട്ട സ്ഥിതിക്ക് അയാൾ വല്ലതും ധരിച്ചിട്ടുണ്ടോ' എന്നായിരുന്നു ഒരാളുടെ കമന്റ്. ശരിക്കും ഇതൊരു ഞെട്ടിക്കുന്ന കാഴ്ച തന്നെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആളുകൾ ഇങ്ങനെ പെരുമാറുന്നത് എന്താണ് എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.