അതേ സമയം ലോകത്തിലെ ഏറ്റവും സൗഹാർദ്ദപരമായ നഗരങ്ങളായി സർവേ കണ്ടെത്തിയത് ടൊറൊന്റോയും സിഡ്‍നിയും ആണ്.
പലപ്പോഴും നമ്മുടെ നാട്ടിൽ നിന്നും ജോലി ആവശ്യത്തിനും മറ്റുമായി വലിയ നഗരങ്ങളിലേക്ക് മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാൽ, ഏറ്റവും സൗഹാർദ്ദപരമല്ലാത്ത ഇന്ത്യയിലെ നഗരങ്ങൾ ഏതൊക്കെയാണ്? ലോകത്തിലെ തന്നെ സൗഹാർദ്ദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയിൽ നിന്നുമുള്ള രണ്ട് നഗരങ്ങൾ. ഭാഷാപഠനത്തിനും മറ്റുമുള്ള ഓൺലൈൻ പ്ലാറ്റ്‍ഫോമായ Preply നടത്തിയ പഠനത്തിലാണ് സൗഹാർദ്ദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് നഗരങ്ങളും പെട്ടിരിക്കുന്നത്.
മുംബൈയും ദില്ലിയുമാണ് ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ കമ്മ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്‌സ് നടത്തിയ ഒരു സർവേയിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 53 നഗരങ്ങളിലെ താമസക്കാർ അവരുടെ നഗരങ്ങൾ എത്രത്തോളം സൗഹാർദ്ദപരവും സൗഹൃദപരമല്ലാത്തതുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ റാങ്കുകൾ നൽകിയിരുന്നു. അതിൽ ഇന്ത്യൻ നഗരങ്ങളൊന്നും തന്നെ സൗഹാർദ്ദപരമായ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. എന്നാൽ, Preply നടത്തിയ പഠനത്തിൽ സൗഹാർദ്ദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ രണ്ട് നഗരങ്ങൾ ഇടം പിടിച്ചിരിക്കയാണ്.
ഘാന, മൊറോക്കോ, മുംബൈ, കുലാലംപൂർ, റിയോ ഡി ജനീറോ, ദില്ലി എന്നിങ്ങനെയാണ് പട്ടിക പോകുന്നത്. ആറ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സന്ദർശകരുടെ മടങ്ങിവരവിന്റെ നിരക്ക്, സുരക്ഷാ നിരക്ക്, LGBTQ+ സമത്വം, മൊത്തത്തിലുള്ള സന്തോഷം, ഒരു കോമൺ ഭാഷയിലൂടെയുള്ള ആശയവിനിമയം എത്രത്തോളം നടക്കുന്നു, സ്റ്റാഫിന്റെ പെരുമാറ്റത്തിലെ സൗഹൃദം എന്നിവയാണ് അവ.
അതേ സമയം ലോകത്തിലെ ഏറ്റവും സൗഹാർദ്ദപരമായ നഗരങ്ങളായി സർവേ കണ്ടെത്തിയത് ടൊറൊന്റോയും സിഡ്‍നിയും ആണ്. ന്യൂയോർക്ക്, ഡബ്ലിൻ, കോപ്പൻഹേഗൻ, മോൺട്രിയൽ, മാഞ്ചസ്റ്റർ എന്നിവയും ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദം സൂക്ഷിക്കുന്ന നഗരങ്ങളിൽ പെടുന്നവയാണ് എന്നും സർവേ പറയുന്നു.
