മന്ത്രവാദ ചടങ്ങുകളുടെ പേരും പറഞ്ഞ് വീട്ടുകാര്‍ കഴിഞ്ഞ നാല് ദിവസമായി ബാക്കിയുള്ള നാല് മക്കള്‍ക്കും കഴിക്കാന്‍ ആഹാരമൊന്നും കൊടുത്തില്ല. പട്ടിണി കിടന്ന അവര്‍ നാല് പേരും മൃതപ്രാണരായി തീര്‍ന്നു.Photo: Representational image

മന്ത്രവാദത്തിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഒരു പതിനാല് വയസുകാരിയുടെ മൃതദേഹം വീട്ടുകാര്‍ സൂക്ഷിച്ചത് നാല് ദിവസം. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ഗ്രാമമായ ദിഹയിലാണ് സംഭവം. മരിച്ച പെണ്‍കുട്ടിയ്ക്ക് നാല് സഹോദരങ്ങള്‍ കൂടിയുണ്ട്. മന്ത്രവാദ ചടങ്ങുകളുടെ പേരും പറഞ്ഞ് വീട്ടുകാര്‍ കഴിഞ്ഞ നാല് ദിവസമായി ബാക്കിയുള്ള നാല് മക്കള്‍ക്കും കഴിക്കാന്‍ ആഹാരമൊന്നും കൊടുത്തില്ല. പട്ടിണി കിടന്ന അവര്‍ നാല് പേരും മൃതപ്രാണരായി തീര്‍ന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് അവരെ രക്ഷപ്പെടുത്തിയത്.

നാല് ദിവസം കഴിഞ്ഞപ്പോഴേക്കും വീട്ടില്‍ സൂക്ഷിച്ച മൃതുദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സമീപത്തുള്ളവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ അച്ഛന്റെ പേര് അഭയ്രാജ് യാദവ്. അയാള്‍ ഒരു കര്‍ഷകനാണ്. അഭയരാജും ഭാര്യയും അഞ്ച് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. അയാളുടെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്. 

പൊലീസ് വീടിനുള്ളില്‍ കയറിയപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം തറയില്‍ കിടക്കുകയായിരുന്നു. മൃതദേഹം പൂര്‍ണമായും അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. സമീപത്തായി അവളുടെ നാല് സഹോദരങ്ങളെയും പൊലീസ് കണ്ടെത്തി. സഹോദരങ്ങളെ ചികിത്സയ്ക്കായി പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും അയച്ചു.

അതേസമയം, അസുഖത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മകളുടെ അന്ത്യകര്‍മങ്ങള്‍ നടത്താതെ വീട്ടുകാര്‍ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ദിവസങ്ങളോളം വീട്ടില്‍ ഒളിപ്പിച്ച് വച്ച് പൂജകളിലൂടെ തിരികെ ജീവന്‍ വയ്പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. 

പിശാചുബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് വീട്ടുകാരുടെ വിശ്വാസം. അതുകൊണ്ടാണ് അവര്‍ മന്ത്രവാദം കൊണ്ട് ജീവന്‍ വയ്പ്പിക്കാന്‍ ശ്രമിച്ചതും. കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ അവിടത്തെ ദേവതയായ ബംബാ ദേവിയെ പ്രീതിപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചു. ദേവി വരുമെന്നും പെണ്‍കുട്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അവര്‍ വിശ്വസിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടി മരിച്ച ദിവസം മുതല്‍ വീട്ടുകാര്‍ ഉപവാസത്തിലായിരുന്നു. ആഹാരം വര്‍ജിച്ച് വെള്ളം മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ ഒരു മന്ത്രവാദിയുടെ പങ്ക് കണ്ടെത്തിയിട്ടില്ല. എന്തൊക്കെയോ വീട്ടിലിട്ട് കത്തിച്ചതിന്റെ അവശിഷ്ടവും പൊലീസ് കണ്ടെടുത്തു. 

അതേസമയം അഭയരാജും കുടുംബവും തങ്ങളുടെ പറമ്പില്‍ പ്രേതങ്ങളെ കണ്ടുവെന്ന് അവകാശപ്പെടാറുണ്ടെന്നും, അതിന്റെ പേരില്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തുന്നത് പതിവായിരുന്നുവെന്നും ചില അയല്‍വാസികള്‍ അവകാശപ്പെട്ടു. 

ഈ കുടുംബത്തിന് നാട്ടുകാരും, മറ്റ് ബന്ധുക്കളുമായും കാര്യമായ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ആരെങ്കിലും അടുത്തേയ്ക്ക് വന്നാല്‍ അവരെ കല്ലെറിഞ്ഞ് വീട്ടുകാര്‍ ഓടിക്കുമായിരുന്നുവത്രെ. സംഭവത്തിന് ശേഷം ഡോക്ടര്‍മാരുടെ ഒരു സംഘം കുടുംബത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വീട്ടുകാര്‍ എല്ലാവരും മാനസികാസ്വാസ്ഥ്യമുള്ളവരാണെന്ന് പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. സംഭവത്തില്‍, ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.