പ്രകൃതിയെയും വൃക്ഷങ്ങളെയും സംരക്ഷിക്കുന്നതിനായി  പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലങ്ങളായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്  ഉത്തര്‍പ്രദേശിലെ പരിസ്ഥിതി പ്രവര്‍ത്തകനായ പരാഗ്ദുത് മിശ്ര. വനം സംരക്ഷിക്കാനായി ജനങ്ങളോട് അപേക്ഷിച്ച് മടുത്ത അദ്ദേഹം അവസാനം ദൈവത്തോട് 'നേരിട്ട്' സഹായം ചോദിക്കാന്‍ നിശ്ചയിച്ചു. എന്നാല്‍ ആ തീരുമാനം വെറുതെയായില്ല. അദ്ദേഹത്തിന് ഇതുവരെ ആയിരത്തിലധികം മരങ്ങളെയാണ് ഇങ്ങനെ രക്ഷിക്കാന്‍ സാധിച്ചത്.

വര്‍ദ്ധിച്ചു വരുന്ന വനനശീകരണത്തില്‍ ആശങ്കപൂണ്ട മിശ്ര ജനങ്ങളെ വൃക്ഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ഒരു പുതിയ കാര്യം ചെയ്യാന്‍ തീരുമാനിച്ചു. അതിനായി വൃക്ഷങ്ങളുടെ തടിയില്‍ അദ്ദേഹം ദേവന്മാരുടെയും ദേവതകളുടെയും ചിത്രം കൊത്തിവക്കാന്‍ തുടങ്ങി. ചായക്കൂട്ടുകള്‍ ഉപയോഗിച്ച് അദ്ദേഹം ആ ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കി. അങ്ങനെ മരത്തിന്റെ തടിയില്‍ കുടിയിരിക്കുന്ന ദൈവങ്ങളെയും ഒപ്പം മരത്തിനെയും ഗ്രാമവാസികള്‍ ആരാധിക്കാന്‍ തുടങ്ങി.

മിശ്രയുടെ ഈ പുതിയ ആശയം ഒരു വന്‍ വിജയമായി തീര്‍ന്നു. ഒരുപാട് മരങ്ങളെ അദ്ദേഹത്തിന് ഇതുവഴി സംരക്ഷിക്കാനായി. ''വികസനത്തിന്റെയും റോഡ് വിപുലീകരണത്തിന്റെയും പേരില്‍ ഒരുപാട് വനഭൂമിയാണ് നഷ്ടമായത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ, പാരിസ്ഥിതിക സന്തുലിതാവസ്ഥയെക്കുറിച്ചോ കാര്യമായ അറിവില്ലാത്തവരാണ് ഞങ്ങളുടെ ഗ്രാമീണര്‍. എന്നാല്‍ മരങ്ങളില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ കൊത്തിവക്കുന്നത്, ദൈവ വിശ്വാസികളായ ഗ്രാമീണരെ മരം മുറിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിച്ചു'-നാഗ്വ പഞ്ചായത്തിന്റെ തലവന്‍ മിശ്ര പറഞ്ഞു.

ഇതിനാവശ്യമായ ബ്രഷും, ടൂളുകളും, ചായക്കൂട്ടുകളും എല്ലാം മിശ്രയുടെ കൈയില്‍ എപ്പോഴും ഉണ്ടാകും.   റോഡുകളുടെ ഇരു വശങ്ങളിലായി നില്‍ക്കുന്ന മരങ്ങളിലാണ് അദ്ദേഹം ദൈവങ്ങളെ ഇങ്ങനെ കൊത്തിവക്കാറുള്ളത്. ത്രിശൂലം, ഹനുമാന്‍, ദേവി തുടങ്ങിയ എല്ലാ രൂപങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ ജീവന്‍ വെക്കും. അങ്ങനെ അദ്ദേഹം ഓരോ ദൈവങ്ങളെയും ഓരോ മരത്തിന്റെ രക്ഷാധികാരികളാകുന്നു. ഒരു മരത്തില്‍ കൊത്തുപണിചെയ്യാനും ചായം പൂശാനുമായി അദ്ദേഹത്തിന് 200 രൂപയാണ് ചിലവ്. അത് അദ്ദേഹം സ്വന്തം പോക്കറ്റില്‍ നിന്നാണ് ചിലവാക്കുന്നത്. അദ്ദേത്തിന്റെ മഹത്വവും അത് തന്നെയാണ്. ഇത്തരം സേവനങ്ങളുടെ പേരില്‍ സ്വന്തം കീശനിറക്കാന്‍ നോക്കുന്ന ആളുകള്‍ക്കിടയില്‍ മിശ്ര വേറിട്ട് നില്കുന്നു. 

'അശാസ്ത്രീയമായി മരങ്ങള്‍ മുറിച്ചതിനെ തുടര്‍ന്ന് ഞങ്ങളുടെ പഞ്ചായത്തില്‍ മരങ്ങള്‍  തന്നെ ഇല്ലാതായി.എന്നാല്‍ എന്റെ തന്ത്രം ഫലിച്ചു. ഇപ്പോള്‍ ഞങ്ങള്‍ പ്രകൃതിയെ സ്‌നേഹിക്കുന്നവരാണ്,' മിശ്ര പറഞ്ഞു. 

കഴിഞ്ഞ തവണ അദ്ദേഹം അധികാരിയായത്തിനുശേഷം നട്ടുപിടിപ്പിച്ച എല്ലാ മരങ്ങളും പക്ഷെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ വെട്ടിമാറ്റപ്പെട്ടു. ഇത് ഒരു വലിയ നഷ്ടമായിയെന്നും, ഇപ്പോള്‍ സര്‍വശക്തന്റെ അനുഗ്രഹത്താല്‍ വീണ്ടും മരങ്ങള്‍ ഈ ഗ്രാമത്തില്‍ തളിര്‍ത്തു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഗ്രാമത്തില്‍ ആകെ എണ്ണായിരത്തോളം ആളുകളാണുള്ളത്. അതേസമയം പഞ്ചായത്തിലെ മരങ്ങളുടെ എണ്ണം പതിനായിരത്തോളം വരും. ആളുകള്‍ അവയെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് അതിനെതിരെ ഇത്തരമൊരു പ്രചരണം ഞാന്‍ ആരംഭിച്ചത്'- മിശ്ര പറഞ്ഞു.

മിശ്രയുടെ ഈ പുതിയ ശ്രമങ്ങള്‍ വിജയം കണ്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഗ്രാമങ്ങളിലെ ആളുകളും ഇപ്പോള്‍  ഇതേ മാര്‍ഗ്ഗം ഉപയോഗിച്ച് മരങ്ങളെ സംരക്ഷിക്കാന്‍ തുടങ്ങിയിരിക്കയാണ്.