മായയ്ക്കും വീരുവിനും മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മായയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും വീരു ഇപ്പോഴും പരിചരണത്തിലാണ്.
മക്കളുടെ ജീവൻ രക്ഷിക്കുന്ന കാര്യത്തിലാവുമ്പോൾ മുന്നുംപിന്നും നോക്കാതെ ഏതൊരമ്മയും അച്ഛനും ഇറങ്ങിപ്പുറപ്പെടും എന്ന് പറയാറുണ്ട്. അതുപോലെ തന്റെ അഞ്ചുവയസുകാരനായ മകനെ അക്രമിക്കാനൊരുങ്ങിയ മുതലയെ വെറും കയ്യോടെ നേരിട്ട ഒരു സ്ത്രീയാണ് ഇപ്പോൾ വാർത്തയാവുന്നത്. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നിന്നുള്ള യുവതിയാണ് അസാമാന്യധൈര്യം കാഴ്ചവെച്ചുകൊണ്ട് തന്റെ മകന്റെ ജീവൻ ഒരു മുതലയിൽ നിന്നും രക്ഷിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ധാക്കിയ ഗ്രാമത്തിലാണ് സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വീടിനടുത്തുള്ള ഒരു ഓടയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വീരു എന്ന കുട്ടി. പെട്ടെന്നാണ് വെള്ളത്തിൽ നിന്നും ഒരു മുതല അവനെ പിടികൂടാൻ ശ്രമിക്കുന്നത്. അത് കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ സമയത്താണ് അവന്റെ അമ്മയായ മായ എന്ന 40 -കാരി അവന്റെ നിലവിളി കേൾക്കുന്നതും സ്ഥലത്തേക്ക് ഓടിയെത്തുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
'ഞാനെന്റെ ജീവിതത്തെ കുറിച്ച് ചിന്തിച്ചേയില്ല, ഞാൻ അലറി, എടുത്തുചാടി' എന്നാണ് മായ പറയുന്നത്. 'മുതല അവനെ താഴേക്ക് വലിച്ചിടാൻ നോക്കുകയായിരുന്നു, പക്ഷേ ഞാൻ എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പിടിച്ചുനിന്നു. അതിനെ അടിച്ചു. ഞാനതിനോട് പൊരുതി. ഒടുവിൽ, ഒടുവിൽ ഒരു ഇരുമ്പുവടി കയ്യിൽ കിട്ടി. അതിൽ നിന്നുള്ള അടിയേറ്റതോടെ അതെന്റെ കുട്ടിയെ മോചിപ്പിച്ചു. എന്റെ മകന്റെ ജീവൻ രക്ഷിക്കാനായി അതാണ് പ്രധാന'മെന്നും മായ പറഞ്ഞു.
മായയ്ക്കും വീരുവിനും മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മായയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും വീരു ഇപ്പോഴും പരിചരണത്തിലാണ്.
മുൻ ഗ്രാമത്തലവനായ രാജ്കുമാർ സിംഗ് ഉടനെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിവരമറിയിച്ചിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാം സിംഗ് യാദവിന്റെയും എസ്ഡിഒ റാഷിദ് ജമീലിന്റെയും നേതൃത്വത്തിലുള്ള സംഘം കുടുംബത്തെ സന്ദർശിച്ചു. മുതലയെ കണ്ടെത്തി പിടികൂടുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.
