അശ്വനി കുമാർ എന്ന ഉദ്യോഗസ്ഥനാണ് ഇതിലെ നായകൻ. പ്ലാറ്റ്‌ഫോമിലെ പടികൾ കയറാനും ട്രെയിനിൽ പ്രവേശിക്കാനും ബുദ്ധിമുട്ടുന്ന ഒരു യാത്രക്കാരനെ അദ്ദേഹം കണ്ടു. കൃത്രിമക്കാൽ ഉപയോഗിച്ചായിരുന്നു ആ മനുഷ്യൻ നടന്നിരുന്നത്.

മനുഷ്യത്വം മരിച്ചുവെന്നും നന്മയുള്ള മനുഷ്യർ ഇല്ലാതായെന്നുമുള്ള അഭിപ്രായങ്ങൾ പലപ്പോഴും പലരും പറയാറുണ്ടെങ്കിലും അതല്ല സത്യം എന്നു തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. നന്മയും കരുതലുമുള്ള നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോയിലെ ദൃശ്യങ്ങൾ. ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഈ സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഭിന്നശേഷിക്കാരനായ ഒരു യുവാവിനെ റെയിൽവേ പ്ലാറ്റ്ഫോമിൽ കൂടി എടുത്തുകൊണ്ടു വന്ന് തിരക്കേറിയ ഒരു ട്രെയിനിൽ കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. തൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം ഈ പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത പ്രവൃത്തി സോഷ്യൽ മീഡിയയിൽ ഇപ്പോൾ കയ്യടി നേടുകയാണ്.

യു.പി. പൊലീസിലെ അശ്വനി കുമാർ എന്ന ഉദ്യോഗസ്ഥനാണ് ഇതിലെ നായകൻ. പ്ലാറ്റ്‌ഫോമിലെ പടികൾ കയറാനും ട്രെയിനിൽ പ്രവേശിക്കാനും ബുദ്ധിമുട്ടുന്ന ഒരു യാത്രക്കാരനെ അദ്ദേഹം കണ്ടു. കൃത്രിമക്കാൽ ഉപയോഗിച്ചായിരുന്നു ആ മനുഷ്യൻ നടന്നിരുന്നത്. അദ്ദേഹത്തിൻറെ പ്രയാസം മനസ്സിലാക്കിയ അശ്വനി കുമാർ ഒട്ടും മടിക്കാതെ ആ മനുഷ്യനെ തൻ്റെ തോളിൽ എടുത്ത്, തിരക്കേറിയ പ്ലാറ്റ്‌ഫോമിലൂടെ നടന്ന് ട്രെയിനിന്റെ കോച്ചിൽ കയറ്റി ഇരുത്തുകയായിരുന്നു. ഒരാളെ ട്രെയിനിൽ കയറ്റുക എന്നതിലുപരി, സഹാനുഭൂതിയും കരുതലും ഒക്കെ വെളിവാക്കുന്ന ഒരു പ്രവൃത്തിയായാണ് സോഷ്യൽ മീഡിയ ഇതിനെ വിലയിരുത്തുന്നത്. 

View post on Instagram

ഈ സംഭവം മുഴുവൻ അശ്വനി കുമാർ പിന്നീട് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു: 'സഹായിക്കാൻ പണം ആവശ്യമില്ല, സഹായിക്കാനുള്ള മനസ്സാണ് വേണ്ടത്. അത് നിങ്ങളിൽ ഉണ്ട്' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.