അല്ലു അര്‍ജുന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'പുഷ്പ'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രക്തചന്ദന കടത്ത് തുടങ്ങിയതെന്ന് പിടിയിലായ പ്രതികള്‍...

അല്ലു അര്‍ജുന്‍ ചിത്രമായ 'പുഷ്പ'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രക്ത ചന്ദനക്കടത്ത് നടത്തിയ സംഘം ഉത്തര്‍ പ്രദേശില്‍ പിടിയില്‍. മഥുര കേന്ദ്രമായി പ്രവര്‍ത്തിച്ച ഏഴു പേരടങ്ങുന്ന സംഘത്തെയാണ് പ്രത്യേക ദൗത്യ സേന അറസ്റ്റ് ചെയ്തത്. വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക അന്വഷണ സംഘം നടത്തിയ ഓപ്പറേഷനിലാണ് സിനിമാ സ്‌റ്റൈലില്‍ കള്ളക്കടത്ത് നടത്തുന്ന സംഘം പിടിയിലായത്. ഓപ്പറേഷനില്‍ ഇവരില്‍ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന 563 കിലോഗ്രാം രക്ത ചന്ദനം കണ്ടെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

അല്ലു അര്‍ജുന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'പുഷ്പ'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രക്തചന്ദന കടത്ത് തുടങ്ങിയതെന്ന് പിടിയിലായ പ്രതികള്‍ പറഞ്ഞതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ആന്ധ്രപ്രദേശില്‍ നിന്നും അനധികൃതമായി രക്ത ചന്ദനം മഥുരയില്‍ എത്തിച്ച് അവിടെനിന്നും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുകയായിരുന്നു ഈ സംഘം. ഇതിനായി ഒരു വലിയ ശൃംഖല തന്നെയാണ് ഇവര്‍ സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഹൈവേ പോലീസില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴു പേരടങ്ങുന്ന സംഘത്തെ പിടികൂടിയതെന്നാണ് വിവരം. സുമിത് എന്ന റാം, ബാബു എന്ന ചന്ദ്ര പ്രതാപ്, ദല്‍വീര്‍ എന്ന ദീപക്, അജിത് കുമാര്‍ യാദവ്, സുമിത് ദാസ്, ജിതേന്ദ്ര, രഞ്ജിത് എന്നിവരാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയ ചന്ദന കള്ളക്കടത്ത് സംഘാംഗങ്ങള്‍. ഇതില്‍ സുമിത് റാം എം ബി എ ബിരുദധാരിയാണെന്ന് പി കെ ബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എംബിഎ കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്തതില്‍ നിരാശനായ ഇയാള്‍ പുഷ്പ സിനിമ കണ്ടശേഷം, ചന്ദനക്കടത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആന്ധ്രപ്രദേശില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന ചന്ദന തടികള്‍ മഥുരയില്‍ മരവ്യാപാര ലൈസന്‍സ് ഉള്ള റാണ എന്നയാളുടെ തടി ഫാക്ടറിയില്‍ ആയിരുന്നു ഇവര്‍ സൂക്ഷിച്ചിരുന്നത്. ആവശ്യാനുസരണം ഇവിടെ നിന്നും സ്ഥലങ്ങളിലേക്ക് ഇവര്‍ ചന്ദനത്തടികള്‍ എത്തിക്കുകയായിരുന്നു.