രക്ഷപ്പെട്ടത് കണ്ണില്‍ കൈവിരല്‍ കുത്തിയിറക്കിയാണെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. ആക്രമണത്തിനിടയില്‍ ഇവരില്‍ ഒരാളുടെ കൈവിരല്‍ സ്രാവുകള്‍ കടിച്ചെടുത്തിട്ടുണ്ട്. അതുപോലെ ലൈഫ് ജാക്കറ്റ് ഭാഗങ്ങളും സ്രാവുകള്‍ കടിച്ചെടുത്തു. 


മത്സ്യബന്ധനത്തിനിടയില്‍ ബോട്ട് മറിഞ്ഞ് കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികള്‍ നടത്തിയത് ജീവന്‍ മരണ പോരാട്ടം. ആക്രമിക്കാന്‍ കൂട്ടമായി എത്തിയ സ്രാവുകളില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ആണ് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് നാല് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തങ്ങള്‍ കടലില്‍ അകപ്പെട്ട വിവരം പുറംലോകത്ത് അറിയിക്കാന്‍ കഴിയാതെ വന്നതോടെ 28 മണിക്കൂറില്‍ അധികമാണ് ഇവര്‍ കടലില്‍ ജീവനുവേണ്ടി പോരാടിയത്. 

മൂന്ന് മത്സ്യത്തൊഴിലാളികളാണ് കടലില്‍ മുങ്ങിപ്പോയത്. ലൈഫ് ജാക്കറ്റുകളുടെ ബലത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ ഇവര്‍ കടലില്‍ അതിജീവിച്ചു നിന്നത്. ബോട്ട് പൂര്‍ണമായും മുങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ തങ്ങളുടെ കയ്യില്‍ അവശേഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍ മത്സ്യബന്ധനത്തിനിടയില്‍ പിടികൂടുന്ന മീനുകളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ചെസ്റ്റ് ബോക്‌സിലേക്ക് മാറ്റി. ഈ ബോക്‌സിനു മുകളില്‍ തന്നെയാണ് ഇവര്‍ പിടിച്ചു കിടന്നതും. 

ഇവര്‍ സഞ്ചരിച്ചിരുന്ന 24 അടിയുള്ള ബോട്ടാണ് മുങ്ങിയത്. സെല്‍ഫോണുകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നെങ്കിലും ബോട്ട് മുങ്ങുന്ന സ്ഥലത്ത് സെല്‍ഫോണ്‍ സിഗ്‌നലുകള്‍ കിട്ടിയിരുന്നില്ല. ബോട്ട് മുങ്ങുന്നതിനു തൊട്ടുമുന്‍പായി ഇവര്‍ വിഎച്ച്എഫ് റേഡിയോയില്‍ കോസ്റ്റ് ഗാര്‍ഡിന് സന്ദേശമയിച്ചിരുന്നു. പക്ഷേ തങ്ങള്‍ അകപ്പെട്ടുപോയ സ്ഥലം എവിടെയാണെന്ന് കൃത്യമായ അറിയിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. സന്ദേശം ലഭിച്ചു ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു എങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഇതിനിടയില്‍ കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ രക്ഷപ്പെടാനുള്ള അവസാന ശ്രമം എന്ന വണ്ണം സെല്‍ഫോണ്‍ സിഗ്‌നല്‍ കിട്ടാനായി കടലിലൂടെ കിലോമീറ്ററുകള്‍ നീന്തി. ഭാഗ്യമെന്ന് പറയട്ടെ ഒടുവില്‍ ഫോണ്‍ ചാര്‍ജ് തീരുന്നതിന് തൊട്ടുമുന്‍പായി തന്റെ ലൊക്കേഷന്‍ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ ഇയാള്‍ക്ക് സാധിച്ചു. ഈ സമയം മറ്റു രണ്ടുപേര്‍ കടലില്‍ സ്രാവുകളുമായി പോരാടുകയായിരുന്നു. ഐസ് ചെസ്റ്റ് ബോക്‌സില്‍ പിടിച്ചു കിടന്നിരുന്ന ഇവരെ ആക്രമിക്കാന്‍ നാല് വമ്പന്‍ സ്രാവുകള്‍ ആണ് എത്തിയത്. 

ശനിയാഴ്ച രാവിലെ കടലില്‍ അകപ്പെട്ടുപോയ ഇവരുടെ അടുത്തേക്ക് ഞായറാഴ്ചയാണ് സ്രാവുകള്‍ കൂട്ടമായി ആക്രമിക്കാന്‍ എത്തിയത്. അപ്പോഴേക്കും മത്സ്യത്തൊഴിലാളികള്‍ ഏറെ തളര്‍ന്നു കഴിഞ്ഞിരുന്നു. പക്ഷേ എന്നിട്ടും അവര്‍ പോരാടി. തനിക്ക് നേരെ വന്ന ഒരു സ്രാവില്‍ നിന്ന് രക്ഷപ്പെട്ടത് അതിന്റെ കണ്ണില്‍ കൈവിരല്‍ കുത്തിയിറക്കിയാണെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. ആക്രമണത്തിനിടയില്‍ ഇവരില്‍ ഒരാളുടെ കൈവിരല്‍ സ്രാവുകള്‍ കടിച്ചെടുത്തിട്ടുണ്ട്. അതുപോലെ ലൈഫ് ജാക്കറ്റ് ഭാഗങ്ങളും സ്രാവുകള്‍ കടിച്ചെടുത്തു. 

അപ്പോഴേക്കും ലൊക്കേഷന്‍ മനസ്സിലായ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഇവരെ രക്ഷിക്കാനായി എത്തി.രണ്ട് പേരെ വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റുമ്പോഴും, 4 മുതല്‍ 6 അടി വരെ (1.2 മുതല്‍ 1.8 മീറ്റര്‍ വരെ) നീളമുള്ള നാല് കറുത്ത സ്രാവുകള്‍ അവരെ വട്ടമിട്ട് ഉപദ്രവിക്കുകയായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് ബോട്ട് ക്രൂവിലെ നാവികന്‍ ആന്‍ഡ്രൂ സ്റ്റോണ്‍ പറഞ്ഞു. രക്ഷപ്പെടുത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ ക്ഷീണിതരും പരിഭ്രാന്തരും ആയിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ പറയുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി. ഇതിനു ശേഷം മൂന്നുപേരും സ്വന്തം നാട്ടിലേക്ക് മടങ്ങി. തൊഴിലാളികളുടെ കൂടുതല്‍ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ന്യൂ ഓര്‍ലിയാന്‍സിന്റെ തെക്കുകിഴക്കായി മിസിസിപ്പി ഡെല്‍റ്റയുടെ അവസാന ഇടുങ്ങിയ സ്ട്രിപ്പില്‍ നിന്ന് 25 മൈല്‍ അകലെയാണ് കോസ്റ്റ് ഗാര്‍ഡ് ഇവരെ കണ്ടെത്തിയത്.