ജിയു ജിറ്റ്‌സു പരിശീലനത്തിനിടെ പരിശീലകന്‍റെ അസാധാരണമായ ഒരു നീക്കം വിദ്യാർത്ഥിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേഷപ്പിച്ചു. പിന്നാലെ വിദ്യാര്‍ത്ഥി മാസങ്ങളോളം കഴുത്തിന് താഴെ തളര്‍ന്ന് കിടന്നു. 

ളരി, കരാട്ടെ മുതല്‍ ഏറ്റവും പുതിയ ആയോധന കല വരെ ഏറെ സൂക്ഷ്മത ആവശ്യമുള്ള ഒന്നാണ്. ഒന്ന് പാളിപ്പോയാല്‍ എതിരാളിയുടെ ജീവന്‍ തന്നെ അപകടത്തിലാകും. അതിനാലാണ് യഥാര്‍ത്ഥ മാസ്റ്റര്‍മാരുടെ അടുത്ത് ഇത്തരം വിദ്യകൾ അഭ്യസിക്കാന്‍ പോകണമെന്ന് പറയുന്നതും. 2018 -ല്‍ ജിയു-ജിറ്റ്സു പരിശീലനത്തിനിടെ കഴുത്തിന് താഴേക്ക് തളർന്ന് പോയ യുഎസ് യുവാവിന് ആശ്വസ വാര്‍ത്ത. ജിയു ജിറ്റ്സുവില്‍ തുടക്കക്കാരനായ ജാക്ക് ഗ്രീനർ (30) -നാണ് കഴുത്തിന് താഴേക്ക് തളര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി കിടക്കുന്നത്.

2018-ൽ സാൻ ഡീഗോയിലെ ഡെൽ മാർ ജിയു ജിറ്റ്‌സു ക്ലബ്ബിൽ വച്ച് നടന്ന പരിശീലനത്തിനിടെയാണ് സംഭവം. വൈറ്റ് ബെൽറ്റ് കളിക്കാരനായ ജാക്ക് ഗ്രീനർ, 'സിനിസ്ട്രോ' എന്ന് വിളിപ്പേരുള്ള രണ്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കളിക്കാരനായ തന്‍റെ പരിശീലകൻ ഫ്രാൻസിസ്കോ ഇതുറാൾഡുമായി (33) പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പരിശീലനത്തിനിടെ ജാക്ക് ഗ്രീനറിന്‍റെ കഴുത്ത് ഒടിഞ്ഞ് അദ്ദേഹം കഴുത്തിന് താഴേക്ക് തളര്‍ന്ന് വീണു. ജാക്കിന്‍റെ കഴുത്ത് അസാധാരണമായ രീതിയില്‍ ഒടിയുന്ന വീഡിയോ അന്ന് പ്രചരിച്ചിരുന്നു.

ബ്ലാക്ക് ബെല്‍റ്റ് പരിശീലകന്‍ തന്‍റെ ശരീരഭാരം മുഴുവനും ജാക്കിന്‍റെ കഴുത്തിലേക്ക് മാറ്റിയെന്നും ഇതോടെ ജാക്കിന്‍റെ കൈകാലുകൾ തളര്‍ന്ന് പോയെന്നും വിചാരണ വേളയില്‍ ബ്രസീലിയൻ ജിയു-ജിറ്റ്സു ഇതിഹാസം റെനർ ഗ്രേസി സാക്ഷിയായി മൊഴി നല്‍കി. ഫ്രാൻസിസ്കോ, ജാക്കിന്‍റെ കഴുത്തില്‍ ശക്തമായി അമർത്തിയതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ സെർവിക്കൽ കശേരുക്കൾ തകര്‍ന്നു. ഇതോടെ ജാക്ക് ക്വാഡ്രിപ്ലെജിക് ആയി മാസങ്ങളോളം ആശുപത്രിയില്‍ കിടന്നു. ഇതോടെ സര്‍വ്വകലാശാല ബിരുദ പഠനം മുടങ്ങി. പിന്നാലെയാണ് ജാക്ക്, ജിയു-ജിറ്റ്‌സു സ്റ്റുഡിയോയ്ക്കും ഫ്രാൻസിസ്കോയ്ക്കുമെതിരെ കേസ് ഫയൽ ചെയ്തത്.

ഒടുവില്‍ സാൻ ഡീഗോ ജൂറി ജാക്കിന് 46 മില്യൺ ഡോളർ അനുവദിച്ച് 2023 -ൽ വിധി പുറപ്പെടുവിച്ചു. എന്നാല്‍, വിധിക്കെതിരെ സ്റ്റുഡിയോ അപ്പീൽ പോയി. കേസ് സുപ്രീം കോടതിയിലെത്തി. ഒടുവില്‍ കാലിഫോര്‍ണിയ സുപ്രീം കോടതി വിധി ശരിവച്ചു. മൊത്തം 56 മില്യൺ ഡോളർ (480 കോടി രൂപ) ആണ് ജിയു-ജിറ്റ്‌സു സ്റ്റുഡിയോയും ഫ്രാൻസിസ്കോയും ചേര്‍ന്ന് നല്‍കേണ്ടത്. വിധി പരിക്കേറ്റ അത്‌ലറ്റുകളുടെ നിയമ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് ജാക്കിന്‍റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഇന്ന് മോട്ടിവേഷണല്‍ സ്പീക്കറും പര്‍വ്വതാരോഹകനുമാണ് ജാക്. ഒപ്പം അദ്ദേഹം കായിക പരിശീലനത്തിലെ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ച് അവബോധം വളർത്തുന്നു.