ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ട ഹെയര്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് യു എസ്. ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ നിര്‍ബന്ധിതമായി പാര്‍പ്പിച്ചിരിക്കുന്ന മുസ്ലിം ന്യൂനപക്ഷക്കാര്‍ നിര്‍മ്മിച്ച വസ്‍തുക്കളാണ് എന്ന സംശയത്തിന്‍മേലാണ് യു എസ്സിന്‍റെ നടപടി. ഒരുതരത്തിലുമുള്ള മനുഷ്യാവകാശലംഘനവും യു എസ് വെച്ചുപൊറുപ്പിക്കില്ലെന്നും നടപടിയെ ന്യായീകരിച്ചുകൊണ്ട് യു എസ് വ്യക്തമാക്കിക്കഴിഞ്ഞു. സിന്‍ജിയാങില്‍ നിന്നാണ് ഈ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. അവിടെയാണ് 'റീ -എജ്യുക്കേഷന്‍' എന്ന് പേരിട്ട് ഒരു ദശലക്ഷത്തോളം ന്യൂനപക്ഷക്കാരായ മുസ്‍ലിംകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

'ഈ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി നിരവധിപ്പേരുടെ മനുഷ്യാവകാശമാണ് ലംഘിച്ചിരിക്കുന്നത്' എന്ന് യു എസ് കസ്റ്റംസ് ഒഫീഷ്യല്‍ ബ്രേന്ദ സ്‍മിത്ത് പറയുന്നു. എന്നാല്‍, ചൈന പറയുന്നത് ഈ ആരോപണങ്ങളെല്ലാം തികച്ചും വാസ്‍തവ വിരുദ്ധമാണെന്നാണ്. എന്നാല്‍, ഈ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കുട്ടികളാണോ അതോ തടവുപുള്ളികളാണോ എന്ന കാര്യം യു എസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‍സിയിലെയും തുറമുഖത്തുവെച്ചാണ് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സിന്‍ജിയാങ്ങിലെ ഒരു കമ്പനിയുടേതാണ് ഈ ഉത്പന്നങ്ങള്‍. ഏജന്‍സി പറയുന്നത് ഇവിടെ നിര്‍ബന്ധിത ബാലവേലയും മനുഷ്യാവകാശലംഘനവും നടക്കുന്നുണ്ട് എന്നാണ്. 800,000 ഡോളറിൽ കൂടുതൽ വിലമതിക്കുന്ന 13 ടൺ ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ ഭാഗമായിരുന്നു പിടിച്ചെടുത്ത ഹെയർ ഉത്പന്നങ്ങളും.

കഴിഞ്ഞ മാസം, സിൻജിയാങ്ങിലെ ലോപ് കൗണ്ടി മെക്സിൻ ഹെയർ പ്രൊഡക്റ്റ് കമ്പനിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും പിടിച്ചെടുക്കാന്‍ ഏജൻസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിര്‍ബന്ധിതമായി കുട്ടികളോ, തൊഴിലാളികളോ നിര്‍മ്മിക്കുന്ന ഏത് ഉത്പന്നങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന നിയമം യു എസ്സിലുണ്ട്. 'ഇങ്ങനെ ഉത്പന്നങ്ങള്‍ തടങ്കലില്‍ വെക്കുന്നത് കൃത്യമായ ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടിത്തന്നെയാണ്. യു എസ് വിതരണ ശൃംഖലകള്‍ ഒരുതരത്തിലുമുള്ള മനുഷ്യാവകാശലംഘനങ്ങളും വെച്ചുപൊറുപ്പിക്കില്ലെ'ന്നും മിസ്റ്റര്‍ സ്‍മിത്ത് പറഞ്ഞു. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ അമേരിക്ക ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സിൻജിയാങ്ങിലെ മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങളെ തടങ്കലിൽ വയ്ക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നുവെന്നുമുള്ള വിവരത്തിന്‍റെ പുറത്തായിരുന്നു ഇത്. ഡിപാര്‍ട്‍മെന്‍റ് ഓഫ് കൊമേഴ്‍സ് സിന്‍ജിയാങ്ങിലെ 37 കമ്പനികളുമായി ബിസിനസ് ബന്ധമുണ്ടാക്കുന്നതില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇവിടങ്ങളില്‍ നിര്‍ബന്ധിത വേലയും മനുഷ്യാവകാശലംഘനവും നടക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു ഇത്. അതുപോലെ കഴിഞ്ഞ മാസമാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഉയിഗുര്‍ ഹ്യുമന്‍ റൈറ്റ്സ് ആക്ടില്‍ ഒപ്പുവെച്ചത്. സിന്‍ജിയാങ്ങില്‍ നിന്നുള്ള നിരീക്ഷണം ശക്തമാക്കാനും ഇതുവഴി തീരുമാനമുണ്ടായിരുന്നു. 

വായിക്കാം:

നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും വന്ധ്യംകരണവും; ചൈനയിലെ ഉയിഗുറുകള്‍ അനുഭവിക്കുന്നത്..

ഉയിഗുര്‍ സ്ത്രീകളുടെ കിടപ്പറയില്‍ വരെ ചാരന്‍; ചൈനയിലെ ഉയിഗുര്‍ ജീവിതം