അല്പം നിരാശയോടെയാണ് അവര്‍ വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ അത് ഭാഗ്യമായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.

ഭാഗ്യം വരുന്ന വഴി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. മേരിലാന്‍ഡിലെ 70 -കാരിയായ ഒരു സ്ത്രീയെ ഭാഗ്യം തുണച്ച കഥ കേട്ടാല്‍ ആരും ഒന്ന് അമ്പരന്നു പോകും. ലോട്ടറി കടയില്‍ ഉദ്ദേശിച്ച് ചെന്ന ലോട്ടറി ടിക്കറ്റിനു പകരം അബദ്ധത്തില്‍ തെറ്റായി മാറി വാങ്ങിയ ലോട്ടറിയാണ് ഈ സ്ത്രീക്ക് ഭാഗ്യം സമ്മാനിച്ചത്. ഒന്നും രണ്ടുമല്ല അമ്പതിനായിരം ഡോളറാണ് (39.71 ലക്ഷം രൂപ) സമ്മാനത്തുകയായി ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. 

മേരി ലാന്‍ഡിലെ താമസക്കാരിയായ 70 കാരി സ്ഥിരമായി ലോട്ടറി എടുക്കുന്ന സ്വഭാവക്കാരിയാണ്. മുമ്പും ചെറിയ തുകകള്‍ ഒക്കെ ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി ലോട്ടറി എടുക്കുന്നത് ഇവരുടെ ഒരു പതിവായിരുന്നു. അങ്ങനെയാണ് അന്ന് അവര്‍ ലോറലിലെ ഷോപ്പ്‌ഴ്‌സ് സ്റ്റോര്‍ സന്ദര്‍ശിച്ചത്.

മള്‍ട്ടി മാച്ച് ഡ്രോയിങ്ങിനുള്ള ടിക്കറ്റ് എടുക്കാനായിരുന്നു അവര്‍ സ്റ്റോറില്‍ എത്തിയത്. ഡ്രോയിംഗിന് ശേഷം ടിക്കറ്റ് പരിശോധിക്കുമ്പോഴാണ് താന്‍ മള്‍ട്ടി-മാച്ചിന് പകരം ബോണസ് മാച്ച് 5 ഡ്രോയിംഗിനുള്ള ടിക്കറ്റാണ് തെറ്റായി വാങ്ങിയതെന്ന് അവര്‍ക്ക് മനസ്സിലായത്.

അന്ന് അല്പം നിരാശയോടെയാണ് അവര്‍ വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ അത് ഭാഗ്യമായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.നറുക്കെടുപ്പില്‍ അവരെടുത്ത ടിക്കറ്റിന് സമ്മാനമായി ലഭിച്ചത് അമ്പതിനായിരം ഡോളര്‍ ആണ്. തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും. മുമ്പ് 500 ഡോളര്‍ വരെ സമ്മാനം അടിച്ചിട്ടുണ്ട് എന്നും ഇവര്‍ പറഞ്ഞു. 

ഈ പണം കൊണ്ട് തനിക്ക് ധാരാളം പദ്ധതികള്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഏതായാലും എഴുപതാം വയസ്സില്‍ തന്നെ തേടിയെത്തിയ ഈ മഹാഭാഗ്യത്തിന്റെ സന്തോഷത്തിലാണ് അവര്‍. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ല. ഇവരുടെ സുരക്ഷയെ കരുതിയാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവിടാത്തത് .