യാത്രയ്ക്കിടെ തനിക്ക് തൊണ്ട വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതായി ഇവര്‍ പറയുന്നു. കൈയിലുണ്ടായിരുന്ന കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് അവര്‍ സ്വയം പരിശോധന നടത്തി. റിസല്‍റ്റ് പോസിറ്റീവായിരുന്നു.

അഞ്ചു മണിക്കൂര്‍ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കഴിയേണ്ടി വരിക, അതും കൊവിഡ് പോസിറ്റീവ് ആയതിനു ശേഷമുള്ള ഐസോലേഷന്‍! ആരും വിരണ്ടു പോവുന്ന ഈ അനുഭവം ഒരു അമേരിക്കന്‍ സ്‌കൂള്‍ അധ്യാപികയ്ക്കാണ്. വിമാനത്തിനുളളില്‍ യാത്രക്കിടെ സ്വയം നടത്തിയ കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ്, അവര്‍ ഈ മുന്‍കരുതല്‍ സീകരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 20-നായിരുന്നു സംഭവം. ഐസ്‌ലാന്‍ഡിലെ റെജാവിക്കില്‍നിന്നും അമേരിക്കയിലെ ചിക്കാഗോയിലേക്ക് ഐസ്‌ലാന്‍ഡ് എയര്‍ വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മാരിസ ഫോറ്റിയോ എന്ന അധ്യാപിയ്ക്കാണ് ഈ അനുഭവം. യാത്രയ്ക്കിടെ തനിക്ക് തൊണ്ട വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതായി ഇവര്‍ പറയുന്നു. കൈയിലുണ്ടായിരുന്ന കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് അവര്‍ സ്വയം പരിശോധന നടത്തി. റിസല്‍റ്റ് പോസിറ്റീവായിരുന്നു. തുടര്‍ന്ന്, അവര്‍ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു. അതിനുശേഷം, ടോയിലറ്റിലേക്ക് മാറി. യാത്ര തുടരുന്നതു വരെ അവിടെയിരുന്നു. ജീവനക്കാര്‍ ഭക്ഷണവും വെള്ളവുമെല്ലാം ഇടയ്ക്കിടെ നല്‍കി. 

വിമാന യാത്രയ്ക്കു മുമ്പായി കൊവിഡ പരിശോധന പൂര്‍ത്തിയാവണമെന്ന നിയമം നിലവിലുണ്ട്. എന്നാല്‍, ആ പരിശോധനയില്‍ ഇവര്‍ നെഗറ്റീവായിരുന്നോ എന്ന കാര്യം വ്യക്തമല്ല. തുടര്‍ന്നാണ് വീണ്ടും വിമാനത്തിനുള്ളില്‍ വെച്ച് അവര്‍ സ്വയം പരിശോധിച്ചത്. 

''അതാരു വല്ലാത്ത അനുഭവമായിരുന്നു. 150 യാത്രക്കാര്‍ ഉണ്ടായിരുന്നു വിമാനത്തില്‍. അവര്‍ക്ക രോഗം പിടിക്കുമോ എന്നായിരുന്നു എന്റെ ഭയം. ''-മാരിസ എന്‍ ബി സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

വിമാനത്തിലെ ടോയിലറ്റില്‍നിന്നും പകര്‍ത്തിയ വീഡിയോ അവര്‍ ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് പെട്ടെന്നു തന്നെ വൈറലായി. നാലു മില്യന്‍ പേരാണ് ഈ വീഡിയോ കണ്ടത്. വീഡിയോയയില്‍ അവര്‍ വിമാനത്തിനുള്ളില്‍ തന്നെ സഹായിച്ച ഒരു വിമാന ജീവനക്കാരിയെക്കുറിച്ചും പറയുന്നുണ്ട്. ''ടോയിലറ്റില്‍ കഴിഞ്ഞ അഞ്ച് മണിക്കൂറിനുള്ളില്‍ അവര്‍ എനിക്ക് ഭക്ഷണവും പാനീയങ്ങളും ഉറപ്പാക്കി. ഞാന്‍ ഒകെ ആണോ എന്ന് ഇടയ്ക്കിടെ അന്വേഷിച്ച് ഉറപ്പുവരുത്തി.'-മാരിസ അഭിമുഖത്തില്‍ പറഞ്ഞു. 

ഐസ്ലാന്‍ഡില്‍ എത്തിയപ്പോള്‍ ഒരു ഹോട്ടലിലാരംഭിച്ച റെഡ്ക്രോസിന്റെ കൊവിഡ് കേന്ദ്രത്തില്‍ താന്‍ ഐസോലേഷനില്‍ കഴിഞ്ഞിരുന്നതായി അവര്‍ വെളിപ്പെടുത്തി. ഒമിക്രോണ്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍, അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.