താൻ ആരാണ് എന്നോ എന്താണ് എന്നോ ആരോടും പറയരുത് എന്നും രഹസ്യമായി ആ വിവരം സൂക്ഷിക്കണം എന്നുമാണ് യുവാവ് പ്രദീപിനോട് പറഞ്ഞിരിക്കുന്നത്. 

ഫെബ്രുവരി 14 പ്രണയികളുടെ ദിനമാണ്. അന്ന് മിക്കവരും തങ്ങൾ പ്രണയിക്കുന്നവർക്ക് വേണ്ടി സമ്മാനങ്ങളും നൽകാറുണ്ട്. അതിൽ പ്രധാനികളാണ് പൂക്കൾ. അതും മിക്കവാറും റോസാപ്പൂക്കളാവും. എന്നാൽ, ആരെങ്കിലും പ്രണയിനിക്ക് വേണ്ടി റോസാപ്പൂന്തോട്ടം തന്നെ ഉണ്ടാക്കിയതായി അറിയുമോ? അങ്ങനെ ചെയ്യുന്ന കാമുകന്മാരും ഉണ്ട്. അങ്ങനെ ഉണ്ടായ പൂന്തോട്ടമാണ് '​ശ്രിയ ഗുലാബ് ഉപവൻ'. ​ഗാസിയാബാദിലാണ് ഇത്.

പരിസ്ഥിതി പ്രവർത്തകനായ പ്രദീപ് ദഹ്‍ലിയ നടത്തുന്ന ഫാമിനകത്താണ് 'ശ്രിയ ഗുലാബ് ഉപവൻ' എന്ന പൂന്തോട്ടം. എന്നാൽ, ഈ പൂന്തോട്ടം അങ്ങനെയും ഇങ്ങനെയും ഒന്നും ഉണ്ടായതല്ല. അതിന് പിന്നിൽ ഒരു പ്രണയത്തിന്റെ കഥയുണ്ട്. ഒരുദിവസം ഒരു യുവാവ് പ്രദീപിനെ തേടിയെത്തി. തന്റെ കാമുകിയായ ശ്രിയയുടെ പേരിൽ പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നും പറഞ്ഞു. പ്രദീപിനാണെങ്കിൽ ആ ഐഡിയ വളരെ അധികം ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണത്രെ ഈ ​പൂന്തോട്ടം ഉണ്ടാകുന്നത്. എട്ട് മാസം കൊണ്ടാണ് ഈ പൂന്തോട്ടം ഒരുങ്ങിയിരിക്കുന്നത്. 

കുറേക്കാലമായി പ്രദീപ് ഈ ഫാം നടത്തി വരുന്നുണ്ട്. അവിടെ നിന്നും നിരവധി ആളുകളാണ് ചെടികളും വിത്തുകളും വാങ്ങാനായി എത്തുന്നത്. എന്നാൽ, ഇങ്ങനെ ഒരു പ്രണയത്തിന് വേണ്ടി ഒരു പൂന്തോട്ടം ഒരുക്കുന്നത് ആദ്യമായിട്ടായിരിക്കും. ഏതായാലും ആരാണ് ആ പ്രേമം അസ്ഥിക്ക് പിടിച്ച കാമുകൻ എന്ന് പ്രദീപ് വ്യക്തമാക്കിയിട്ടില്ല. താൻ ആരാണ് എന്നോ എന്താണ് എന്നോ ആരോടും പറയരുത് എന്നും രഹസ്യമായി ആ വിവരം സൂക്ഷിക്കണം എന്നുമാണ് യുവാവ് പ്രദീപിനോട് പറഞ്ഞിരിക്കുന്നത്. 

ഈ പൂന്തോട്ടവും അതിലെ പൂക്കളും കാണുന്ന ആരും തന്റെ കാമുകിയേയും തങ്ങളുടെ പ്രണയവും ഓർക്കണം അവരുടെ ഓർമ്മയിലെന്നും ഈ പ്രണയകഥ ഉണ്ടാകണം എന്നുള്ളത് കൊണ്ടാണത്രെ കാമുകൻ ഇങ്ങനെ ഒരു പൂന്തോട്ടം തന്നെ പ്രണയിനിക്ക് സമർപ്പിക്കാൻ നിർമ്മിച്ചെടുത്തത്. 

(ചിത്രം പ്രതീകാത്മകം)