കെണി വച്ച് പിടിക്കുന്ന കരടിയുടെ ഇറച്ചിക്ക് സ്വാദ് കൂടുതലാണ് എന്നാണ് സാറ്റോ പറയുന്നത്. 250 ഗ്രാം വരുന്ന 10 പാക്കറ്റുകളെങ്കിലും ആഴ്ചയിൽ സാറ്റോ വിൽക്കുന്നുണ്ടത്രെ. ആഴ്ചയിൽ ശരാശരി ആയിരം രൂപ വരെ ഇതിൽ നിന്നും സാറ്റോയ്ക്ക് കിട്ടും.
ജപ്പാനിൽ അങ്ങോളമിങ്ങോളം ഭക്ഷണവും പാനീയവും കിട്ടുന്ന വെൻഡിംഗ് മെഷീനുകൾ കാണാം. എന്നാൽ, ഇപ്പോൾ വാർത്തയാവുന്നത് ഒരു വിദൂരനഗരത്തിൽ സ്ഥാപിച്ച വെൻഡിംഗ് മെഷീനിൽ കരടിയുടെ ഇറച്ചി കിട്ടും എന്നതാണ്. കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. ഒരു നാട്ടുകാരനാണ് ഈ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. വംശനാശ സാധ്യതയുള്ള ഇനങ്ങളായി അറിയപ്പെടുന്ന ഏഷ്യൻ ബ്ലാക്ക് ബിയറിന്റെ ഇറച്ചിയാണ് വെൻഡിംഗ് മെഷീനിൽ കിട്ടുന്നത്.
ജപ്പാൻ ഗ്രാമങ്ങളിലെ ചില ഭാഗങ്ങളിൽ കരടി ആക്രമണം ഇപ്പോൾ വർധിച്ചു വരുന്ന ഒരു പ്രശ്നം തന്നെയാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കാരണം വനങ്ങളിൽ ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതു കാരണം അവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങി വരികയാണത്രെ. "കരടികൾ പട്ടണത്തിൽ എത്തിയാൽ അവ അപകടകാരികളാണ്. അതിനാൽ തന്നെ വേട്ടക്കാർ കെണികൾ സ്ഥാപിക്കുകയോ അവയ്ക്ക് നേരെ വെടിവയ്ക്കുകയോ ചെയ്യും" തന്റെ നൂഡിൽ ഷോപ്പിന് പുറത്ത് വെൻഡിംഗ് മെഷീൻ സ്ഥാപിച്ച ഡെയ്ഷി സാറ്റോ പറഞ്ഞു.
വംശനാശ സാധ്യതയുള്ള ഇനങ്ങളായി കണക്കാക്കുന്നു എങ്കിലും എണ്ണം വളരെ അധികം കുറവല്ല എന്നതിനാൽ തന്നെ ജപ്പാനിൽ കരടി ഇറച്ചി കഴിക്കുന്നതിന് നിയമ പ്രശ്നങ്ങളില്ല. കെണി വച്ച് പിടിക്കുന്ന കരടിയുടെ ഇറച്ചിക്ക് സ്വാദ് കൂടുതലാണ് എന്നാണ് സാറ്റോ പറയുന്നത്. 250 ഗ്രാം വരുന്ന 10 പാക്കറ്റുകളെങ്കിലും ആഴ്ചയിൽ സാറ്റോ വിൽക്കുന്നുണ്ടത്രെ. ആഴ്ചയിൽ ശരാശരി ആയിരം രൂപ വരെ ഇതിൽ നിന്നും സാറ്റോയ്ക്ക് കിട്ടും.
കഴിഞ്ഞ വർഷം മാത്രം ജപ്പാനിൽ കരടികളുമായിട്ടുള്ള ഏറ്റുമുട്ടലിൽ 75 പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു എന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
