Asianet News MalayalamAsianet News Malayalam

റേഷന്‍ വാങ്ങാന്‍ എത്തിയത് ബെന്‍സ് കാറില്‍, കൊണ്ടുപോയത് നിരവധിചാക്കുകള്‍!

ഒരാള്‍ മെഴ്‌സിഡസ് ബെന്‍സ് കാറില്‍ റേഷന്‍കടയിലെത്തി ലോഡ് കണക്കിന് റേഷന്‍ ചാക്കുകള്‍ ഡിക്കിയില്‍ കയറ്റി കൊണ്ടുപോകുന്നതാണ് വീഡിയോ.

Video of Punjab man picks up cheap ration in a Mercedes Benz
Author
First Published Sep 7, 2022, 7:02 PM IST


വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരാള്‍ മെഴ്‌സിഡസ് ബെന്‍സ് കാറില്‍ റേഷന്‍കടയിലെത്തി ലോഡ് കണക്കിന് റേഷന്‍ ചാക്കുകള്‍ ഡിക്കിയില്‍ കയറ്റി കൊണ്ടുപോകുന്നതാണ് വീഡിയോ. റേഷന്‍ കടയിലെ നീണ്ട ക്യൂവിനെ അവഗണിച്ചാണ് ഇയാള്‍ ബെന്‍സില്‍ എത്തി റേഷന്‍ വാങ്ങി പോകുന്നത്.

പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം. പഞ്ചാബ് സംസ്ഥാനത്തിന്റെ നമ്പര്‍ പ്ലേറ്റുള്ള തന്റെ കാറിന്റെ ഡിക്കിയില്‍ ഒരാള്‍ റേഷന്‍ ചാക്കുകള്‍ കയറ്റുന്നത് കാണാം. റേഷന്‍ കടയ്ക്ക് മുന്‍പില്‍ നീണ്ട ക്യൂവിനെ വകവയ്ക്കാതെയാണ് വിവി ഐ പി സ്‌റ്റൈലില്‍ ഉള്ള ഇയാളുടെ എന്‍ട്രി. ഇയാള്‍ എത്തിയ ഉടന്‍ തന്നെ റേഷന്‍ കടയിലെ ഒരു ജീവനക്കാരന്‍ കാറിലേക്ക് ചാക്കുകെട്ടുകള്‍ കയറ്റി കൊടുക്കുന്നു. ചുറ്റും നില്‍ക്കുന്ന ആരെയും വകവയ്ക്കാതെ അയാള്‍ അതുമായി തിരിച്ചു പോകുന്നു. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ റീട്വീറ്റ് ചെയ്ത വൈറല്‍ വീഡിയോ അനുസരിച്ച്, പഞ്ചാബ് ഗവണ്‍മെന്റിന്റെ അട ദാല്‍ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കുന്ന ഗോതമ്പ് ആണ് ചാക്ക് കെട്ടുകളായി അദ്ദേഹം കൊണ്ടുപോയത്. ഇത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) ആളുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ആ സമയം റേഷന്‍ വാങ്ങാന്‍ ക്യൂവില്‍ നിന്ന് ഒരാളാണ് വീഡിയോ എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

 

രമേശ് സൈനി എന്ന ആളാണ് ബെന്‍സ് കാറില്‍ എത്തി റേഷന്‍ ഗോതമ്പ് വാങ്ങിച്ചത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇയാള്‍ രംഗത്തെത്തി. കാര്‍ തന്‍േതല്ല എന്നും ഇന്ത്യയില്‍ ഇല്ലാത്ത തന്റെ ബന്ധുക്കളില്‍ ഒരാളുടേതാണെന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു. ആ ബന്ധു ഇന്ത്യയില്‍ താമസിക്കുന്നില്ലാത്തതിനാല്‍ കാര്‍ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് ഇയാളുടെ വാദം. 

കാര്‍ തന്റെ വീട്ടില്‍ ആണ് നിര്‍ത്തിയിടുന്നത് എന്നും കാറുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം നോക്കുന്നത് താനാണെന്നും ഇയാള്‍ പറഞ്ഞു. ഡീസല്‍ വണ്ടിയായതിനാല്‍ ഇടയ്ക്ക് ഡ്രൈവ് ചെയ്തില്ലെങ്കില്‍ വണ്ടി കേടായി പോകുമെന്നും അതുകൊണ്ടാണ് റേഷന്‍ വാങ്ങാന്‍ വന്നപ്പോള്‍ കാറുമായി വന്നതെന്നും ആണ് ഇയാള്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios