യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത് തന്നെ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത് എന്നും പറഞ്ഞുകൊണ്ടാണ്. എന്നാൽ, വലിയ വിമർശനങ്ങൾ യുവാവിന്റെ വീഡിയോയ്ക്ക് താഴെ വന്നുകഴിഞ്ഞു.
ഇന്ത്യയിലെ കച്ചവടക്കാരൻ പറ്റിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ട്രാവൽ വ്ലോഗർ പങ്കുവച്ച വീഡിയോയ്ക്കെതിരെ വിമർശനം. ഒരു വളരെ സാധാരണക്കാരനായ വഴിയോരക്കച്ചവടക്കാരനെ ബുദ്ധിമുട്ടിച്ചു എന്ന പേരിലാണ് വ്ലോഗർക്കെതിരെ വിമർശനമുയരുന്നത്.
@nativety എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. കൊൽക്കട്ടയിലെ ഒരു മാർക്കറ്റിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. യുവാവ് ഇവിടെ നിന്നും സ്നാക്സ് ഒക്കെ വാങ്ങിയ ശേഷം ബാഗ് വിൽക്കുന്ന ഒരു കച്ചവടക്കാരന്റെ അടുത്തെത്തുന്നത് കാണാം. ശേഷം ബാഗുകളുടെ വില ചോദിക്കുന്നുമുണ്ട്.
യുവാവ് ബാഗിന് വില ചോദിക്കുന്നു. ആദ്യം കച്ചവടക്കാരൻ പറയുന്നത് 500 രൂപ എന്നാണ്. ബാഗ് വേണ്ട എന്ന് പറഞ്ഞ് യുവാവ് മുന്നോട്ട് നടക്കുന്നു. കച്ചവടക്കാരൻ അത് കുറച്ച് 400 രൂപയാക്കുന്നു. അപ്പോഴും വേണ്ട എന്ന് പറഞ്ഞ് യുവാവ് മുന്നോട്ട് നടക്കുകയാണ്. കുറച്ചുകൂടി സത്യസന്ധമായ വില പറയാനും പറയുന്നുണ്ട്. അങ്ങനെ പലതവണ പറഞ്ഞ ശേഷം അവസാനം കുറച്ച് കുറച്ച് കച്ചവടക്കാരൻ 50 രൂപയ്ക്ക് ബാഗ് തരാമെന്നാണ് പറയുന്നത്.
രണ്ട് മില്ല്യണിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത് തന്നെ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത് എന്നും പറഞ്ഞുകൊണ്ടാണ്. എന്നാൽ, വലിയ വിമർശനങ്ങൾ യുവാവിന്റെ വീഡിയോയ്ക്ക് താഴെ വന്നുകഴിഞ്ഞു. പൊരിവെയിലത്ത് ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരാളെ ഇങ്ങനെ പരിഹസിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതായിരുന്നു എന്നാണ് പലരുടേയും അഭിപ്രായം.
'ആ ബാഗിന് അതിനേക്കാൾ വില വരും അയാൾക്ക് വീട്ടിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഇങ്ങനെ ചെയ്യരുത്' എന്നായിരുന്നു ഒരാളുടെ അഭിപ്രായം. 'തെരുവിൽ സ്വന്തം കുടുംബത്തെ പോറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരാളെ ബുദ്ധിമുട്ടിച്ച നിങ്ങളെ കുറിച്ചോർത്ത് അപമാനം തോന്നുന്നു. നിങ്ങള്‍ ഭക്ഷണത്തിന് 20 ഡോളര്‍ ടിപ്പ് നൽകും, എന്തിനാണ് 10 ഡോളര്‍ ബാഗിന് വിലപേശുന്നത് സുഹൃത്തേ' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.


