ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലൗയയ്ക്ക് മുന്നിൽ വെച്ചായിരുന്നു ഈ വിവാഹാഭ്യര്‍ത്ഥന. 

പ്രണയം സജീവമായൊരു അഗ്നിപര്‍വ്വതം പോലെയാണെന്നാണ് മലയാള റാപ്പർ വേടന്‍റെ പാട്ടുകൾ പറയുന്നത്. എന്നാല്‍പ്പിന്നെ സമീവമായ അഗ്നിപർവ്വതത്തിന് മുന്നില്‍ നിന്നൊരു വിവാഹാ അഭ്യര്‍ത്ഥനയായാലോ? ഇത് കവി ഭാവനയല്ല. സൗത്ത് ഡക്കോട്ടയിലെ വീശിയടിച്ച് ചുഴലിക്കാറ്റിന് മുന്നില്‍ നിന്നും നടത്തിയ വിവഹാഭ്യര്‍ത്ഥനയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളെ അമ്പരപ്പിച്ച വിവാഹാഭ്യര്‍ത്ഥനയായിരുന്നു അത്. ഭൂമിക്കടയില്‍ നിന്നും ഉരുകി ഉയര്‍ന്ന ലാവ ഭൂമിക്ക് മുകളില്‍ ഒരു കൂറ്റന്‍ തീക്കനല്‍പോലെ ജ്വലിച്ച് നില്‍ക്കവെ അതിന് മുന്നില്‍ നിന്നും മാര്‍ക്ക് സ്റ്റുവർട്ട് തന്‍റെ ദീർഘകാല പ്രണയിനിയായ ഒലിവിയ പോസ്റ്റിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. മാര്‍ക്ക് സ്റ്റുവർട്ടാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ചിത്രങ്ങൾ പങ്കുവച്ചത്.

വാഷിംഗ്ടൺ ഡിസിയിലെ താമസിക്കുന്ന മാർക്ക് സ്റ്റുവർട്ട് തന്‍റെ കാമുകി ഒലിവിയ പോസ്റ്റിനോട് പ്രണയാഭ്യർത്ഥന നടത്തുന്ന നാടകീയത നിറഞ്ഞ മൂന്ന് ചിത്രങ്ങളാണ് പങ്കുവച്ചത്. ഹവായിയൻ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലൗയയ്ക്ക് മുന്നിൽ വെച്ചാണ് മാർക്ക്, ഒലിവിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മാര്‍ക്കിന്‍റെ ചോദ്യത്തോട് വിവാഹ മോതിരം സ്വീകരിച്ച് കൊണ്ടായിരുന്നു ഒലിവിയയുടെ പ്രതികരണം.

View post on Instagram

അതിശയകരവും (അപകടകരവുമായ) ഒരു വിവാഹാഭ്യർത്ഥനയ്ക്ക് മുന്നിൽ ഒലീവിയയ്ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവൾ സമ്മതം മൂളി. ആ സന്തോഷ നിമിഷത്തില്‍ ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 'ഇന്നലെ ഞാൻ എന്‍റെ ദീർഘകാല കാമുകിയായ ഒലീവിയ പോസ്റ്റിനോട് വിവാഹാഭ്യർത്ഥന നടത്തി, അവൾ സമ്മതം പറഞ്ഞു! കിലൗയയുടെ മുന്നിൽ അങ്ങനെ ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അനുഭവമായിരുന്നു. പെലെ, ഈ നിമിഷത്തിന് നന്ദി!' ചിത്രങ്ങൾ പങ്കുവച്ച് കാണ്ട് മാർക്ക് എഴുതി. ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. നിരവധി പേര്‍ കുറിപ്പുകളുമായെത്തി. നിരവധി പേരാണ് ചിത്രങ്ങൾ 'എപ്പിക്' എന്ന് അവകാശപ്പെട്ടത്. 'നീ എന്‍റെ ജീവിതത്തിലെ ലാവയാണ്' എന്നായിരുന്നു ഒരു കുറിപ്പ്. 'ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വിവാഹനിശ്ചയ ഫോട്ടോ' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.