വിവാഹശേഷം അഫ്‌സലും സബീനയും ഒരു വാടകമുറിയിൽ പുതിയ ജീവിതം ആരംഭിച്ചു. മാതാപിതാക്കളുടെ വീടിന് സമീപമായിരുന്നു അത്. എല്ലാ വൈകുന്നേരവും അഫ്‌സൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം സബീനയെ അത്താഴം ഉണ്ടാക്കാൻ സഹായിക്കുന്നു. "അവൻ പകൽ മുഴുവൻ ജോലി ചെയ്യുന്നു. എന്നിട്ടും എനിക്ക് വേണ്ടി വൈകീട്ട് വീട്ടിലെ ജോലികളും ചെയ്യുന്നു" സബീന പറഞ്ഞു.
ഇന്റർനെറ്റിൽ ഹൃദയസ്പർശിയായ നിരവധി പ്രണയകഥകൾ നമ്മൾ കാണാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ ഒരു യുവദമ്പതികളുടെ ഹൃദയം തൊടുന്ന ഒരു പ്രണയകഥ(love story) -യാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മായങ്ക് ഓസ്റ്റൻ സൂഫിയാണ് തന്റെ ഇൻസ്റ്റാപേജായ ഡൽഹിവാല(thedelhiwalla)യിൽ ചിത്രങ്ങൾ സഹിതം അവരുടെ കഥ ഷെയർ ചെയ്തിട്ടുള്ളത്. അഫ്‌സലെന്നും സബീനയെന്നുമാണ് ദമ്പതികളുടെ പേര്.
ദില്ലിയിലെ സരായ് കാലെ ഖാനിലെ ചായക്കടയിലാണ് അവർ ഇരിക്കുന്നത്. 21 -കാരനായ അഫ്‌സലിന്റേതും 19 കാരിയായ സബീനയുടേതും (Afzal and Sabeena) പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണ് ചായ. ഈ ചായക്കടയിൽ കയറി അവർ ചായ കുടിക്കുന്ന ഒരു പതിവുണ്ട്. അതിലിപ്പോൾ എന്താ ഇത്ര വലിയ കാര്യമെന്ന് ചിന്തിക്കുന്നുണ്ടോ? അവർ രണ്ട് ഗ്ലാസുകളിൽ നിന്നല്ല ചായ കുടിക്കുന്നത്, പകരം ഒരേ ഗ്ലാസിൽ നിന്നാണ്. ഇത് മായങ്കിനെ വല്ലാതെ ആകർഷിച്ചു. ചോദിച്ചപ്പോൾ ഇങ്ങനെ കുടിക്കാനാണ് തങ്ങൾക്ക് ഇഷ്ടമെന്ന് അഫ്സൽ പറയുന്നു. അവർ പരസ്പരം അത്രകണ്ട് സ്നേഹിക്കുന്നു. അവർ എല്ലാം ഒരുമിച്ച് പങ്കിടാൻ ആഗ്രഹിക്കുന്നു. ഇത് മാത്രമല്ല, അഫ്‌സലും സബീനയും ഒരേ പ്ലേറ്റിൽ നിന്നാണ് ആഹാരം കഴിക്കുന്നത് പോലും. അങ്ങനെ ഒരു പാത്രത്തിൽ നിന്ന് ഉണ്ട്, ഒരു പായയിൽ ഉറങ്ങി ഒരു മനസ്സായി അവർ ജീവിക്കുന്നു.
ഒരു വർഷം മുമ്പാണ് തങ്ങൾ വിവാഹിതരായതെന്ന് ഇരുവരും പറഞ്ഞു. വീട്ടുകാർ അവരുടെ വിവാഹത്തിന് എതിരായിരുന്നു. ദിവസക്കൂലിക്കാരനാണ് അഫ്‌സൽ. എന്നാൽ, വിവാഹത്തെ വീട്ടുകാർ എതിർത്തത് അതുകൊണ്ടല്ല. മറിച്ച് ചെറുപ്പം മുതലേ പരസ്പരം അറിയാവുന്ന, അടുപ്പമുള്ള അവർ തമ്മിൽ പ്രണയിക്കുന്നത് വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അവരുടെ പ്രണയം ആരംഭിച്ചത് 2019 -ലെ ശൈത്യകാലത്താണ് എന്ന് അഫ്സൽ പറയുന്നു. അതിന് മുൻപ് അവർക്കും അത്തരമൊരു ചിന്ത ഉണ്ടായിരുന്നില്ലെന്ന് അഫ്സൽ പറഞ്ഞു. വിവാഹശേഷം അഫ്‌സലും സബീനയും ഒരു വാടകമുറിയിൽ പുതിയ ജീവിതം ആരംഭിച്ചു. മാതാപിതാക്കളുടെ വീടിന് സമീപമായിരുന്നു അത്. എല്ലാ വൈകുന്നേരവും അഫ്‌സൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം സബീനയെ അത്താഴം ഉണ്ടാക്കാൻ സഹായിക്കുന്നു. "അവൻ പകൽ മുഴുവൻ ജോലി ചെയ്യുന്നു. എന്നിട്ടും എനിക്ക് വേണ്ടി വൈകീട്ട് വീട്ടിലെ ജോലികളും ചെയ്യുന്നു" സബീന പറഞ്ഞു. എന്നാൽ, എല്ലാ ദമ്പതികൾക്കിടയിലുമെന്ന പോലെ അവർക്കിടയിലും ധാരാളം വഴക്കുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, എത്ര വഴക്കുണ്ടായാലും, സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് അവർ പറയുന്നു.
ഒരു വർഷത്തെ ദാമ്പത്യം ഇരുവരുടെയും ജീവിതത്തെ മാറ്റിമറിച്ചു. “ഞാൻ കൂടുതൽ ഉത്തരവാദിത്തമുള്ളവനും കൂടുതൽ കഠിനാധ്വാനിയുമായി മാറിയിരിക്കുന്നു. എനിക്ക് ഒരു ദിവസം 300 രൂപയേ കിട്ടൂ. അതുകൊണ്ട് വീട് നടത്താൻ സാധിക്കില്ല. എനിക്ക് ഇനിയും കൂടുതൽ പണിയെടുക്കേണ്ടി വരും" അഫ്‌സൽ പറഞ്ഞു. അവർ രണ്ടുപേരും ഒരു പാർക്കിൽ വച്ചാണ് വിവാഹിതരായത്. സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ അതിഥികൾക്ക് പെപ്‌സിയും വെള്ള രസഗുളയുമാണ് തങ്ങൾ വിതരണം ചെയ്തതെന്ന് അവർ പറയുന്നു. എന്താണ് അവരെ പരസ്‍പരം അടുപ്പിച്ചതെന്ന് ചോദിച്ചപ്പോൾ പ്രണയികൾക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു. "അവന്റെ ഹെയർസ്റ്റൈൽ വളരെ മനോഹരമാണ്. അവൻ സംസാരിക്കുന്ന രീതി എനിക്കിഷ്ടമാണ്" അഫ്‌സലിനെക്കുറിച്ച് സബീന പറയുന്നു. അവളുടെ സ്വഭാവമാണ് തനിക്ക് ഇഷ്ടപ്പെട്ടത് എന്ന് സബീനയെക്കുറിച്ച് അഫ്‌സലും പറഞ്ഞു. ഇൻറർനെറ്റിൽ അവരുടെ കഥ വായിച്ച നിരവധിപ്പേർ അവർക്ക് ആശംസകൾ നേർന്നു.
(ചിത്രത്തിന് കടപ്പാട്: thedelhiwalla/insta)
