ബെംഗളൂരുവിലെ വാടകക്കാർക്ക് അമിതമായ വാട്ടർ ബില്ലുകൾ നൽകേണ്ടി വരുന്നതായി പരാതി. ഉയർന്ന വാടകയ്ക്ക് പുറമെ വീട്ടുടമകൾ വാട്ടർ ബില്ലുകളും കൂട്ടുന്നതായി സമൂഹമാധ്യമങ്ങളിൽ ആക്ഷേപം.
ബെംഗളൂരുവിലെ വാടകക്കാര്‍ക്ക് നേരെയുള്ള അമിത ചാർജ്ജുകൾ ആളുകളുടെ ഉറക്കം കെടുത്തുന്നു. ഉയർന്ന വാടകയ്ക്ക് പിന്നാലെ ഇപ്പോൾ വീട്ടുടമകൾ അമിതമായി വാട്ടർ ബില്ലുകൾ ഉയർത്തുകയാണെന്നാണ് വാടകക്കാർ സമൂഹ മാധ്യമങ്ങളില്‍ പരാതി ഉയർത്തുന്നു. വാടക ഇനത്തിലെ അമിത ചാർജ്ജിന് പിന്നാലെയാണ് ഇപ്പോൾ വെള്ളത്തിന്‍റെ ബില്ലുകൾ ഉയർത്തുന്നതെന്നാണ് വാടകക്കാരുടെ പരാതി. രണ്ട് ബിഎച്ച്കെ ഫ്ലാറ്റിന് പോലും ഇന്ന് ബെംഗളൂരുവില്‍ ഒരു ആഡംബര ഫ്ലാറ്റിന്‍റെ വാടക കൊടുക്കണം. ഓരോ വര്‍ഷവും അല്ലെങ്കില്‍ പുതിയ താമസക്കാരന്‍ വരുമ്പോൾ വാടക ഒറ്റയടിക്കാണ് ഉയരുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ വൈദ്യുതി, വെള്ള ചാർജുകൾ, അറ്റകുറ്റപ്പണികൾ എന്നീ പേരുകൾ പറഞ്ഞ് അമിത പണം ഈടക്കുന്നതെന്നാണ് വാടക്കാരുടെ പരാതി.
കൈ പൊളിക്കുന്ന വെള്ളക്കരം
@ananttodani എന്ന് റെഡ്ഡിറ്റ് ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് കുറപ്പെഴുതിയത്. എല്ലാ മാസവും അവിശ്വസനീയമാംവിധത്തിൽ വെള്ളത്തിന്‍റെ ചാർജ്ജ് കുതിച്ച് ഉയരുകയാണെന്ന് വാടകക്കാരന്‍ ആരോപിച്ചു. ഒപ്പം അദ്ദേഹം ഒരു വാട്ടർ ബില്ലും പങ്കുവച്ചു. വീട്ടുടമസ്ഥന് യാതൊരു ദയാദാക്ഷ്യണവുമില്ലെന്നും അദ്ദേഹമെഴുതി. 'എന്‍റെ വീട്ടുടമസ്ഥൻ എല്ലാ മാസവും ബിജ്യുഎസ്എസ്ബിയുടെ (ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്) അമിതമായ വാട്ടർ ചാർജുകൾ ഈടാക്കി എന്നെ കുറ്റപ്പെടുത്തുന്നു' എന്ന് ടാഗ്‌ലൈനോടെയാണ് അദ്ദേഹം തന്‍റെ അനുഭവം കുറിച്ചത്. ബില്ലിൽ പരാമർശിച്ചിരിക്കുന്ന കണക്കുകൾ ഞെട്ടിക്കുന്നതായിരുന്നു. 1,65,000 ലിറ്റർ വെള്ളത്തിന് വീട്ടുടമ ആവശ്യപ്പെട്ടത് 15,800 രൂപ!
'സാധാരണയായി ഞങ്ങൾക്ക് എല്ലാ മാസവും ഏകദേശം 10,000 രൂപയുടെ വെള്ളക്കരമാണ് ലഭിക്കുക. അതേസമയം ഇവിടെ ഞങ്ങൾ 2 പേർ മാത്രമാണ് താമസിക്കുന്നത്. അതിൽ തന്നെ ഞങ്ങളിരുവരും മിക്ക സമയവും ഓഫീസിലോ പുറത്തോ ആയിരിക്കും. ഇതേ കുറിച്ച് എപ്പോ ചോദിച്ചാലും എന്തെങ്കിലും മണ്ടത്തരം പറഞ്ഞ് അയാൾ ഒഴിയാന്‍ നോക്കും. ഇനി ഇത്രയും തുക നല്‍കിയാൽ തന്നെ രണ്ടാഴ്ച കൂടുമ്പോൾ ഒന്നോ രണ്ടോ ദിവസം ഒരു തുള്ളി വെള്ളം പോലും കിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ഇത്തരമൊരു അവസ്ഥയില്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം തന്‍റെ വായനക്കാരോട് ചോദിച്ചു.
വായനക്കാരുടെ മറുപടി
ബില്ല് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അന്തവിട്ടു. ഇത്തരമൊരു ബില്ല് അസാധ്യമാണെന്ന് പലരും എഴുതി. ഒന്നെങ്കില്‍ മീറ്ററിലേക്ക് കാറ്റ് പോവുകയോ അതല്ലെങ്കിൽ മീറ്റർ റീഡിംഗ് ചെയ്യുന്നയാളുടെ കണ്ണുകൾക്ക് എന്തെങ്കിലും കുഴപ്പങ്ങളോ ഉണ്ടാകുമെന്നായിരുന്നു പലരും കുറിച്ചത്. രണ്ട് പേര്ക്ക് പരമാവധി ബെംഗളൂരു നഗരത്തിലെ വാട്ടർ ബില്ല് 300 രൂപയാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് വാട്ടർ അതോറിറ്റിയില്‍ പോയി കണക്ഷൻ ശരിയാക്കാനായിരുന്നു മറ്റ് ചിലര്‍ ഉപദേശിച്ചത്. മറ്റ് വാടകക്കാരുമായി പ്രശ്നം സംസാരിക്കാനും അവര്‍ക്കും ഇത്രയും ബില്ലുകളാണോ ലഭിക്കുന്നതെന്ന് അന്വേഷിക്കാനും മറ്റ് ചിലര്‍ ഉപദേശിച്ചു.


