ഇന്ത്യ മനോഹരമാണ്. ഏറെ കാഴ്ചകളുണ്ട്. പക്ഷേ വിദേശികളോട് രണ്ട് തരം നയമാണ്. ഏറ്റവും പ്രധാനം മറ്റ് രാജ്യക്കാര്‍ പലരും രഹസ്യമായി ചെയ്യാന്‍ പോലും മടിക്കുന്ന കാര്യം വളരെ പരസ്യമായി ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു മടിയുമില്ലെന്നും അവരെഴുതി.
ഇത് സഞ്ചാരികളുടെ കാലമാണ്. ഇന്ത്യയിലേക്കും ഒരു വര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇങ്ങനെ എത്തുന്ന വിനോദ സഞ്ചാരികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ പലപ്പോഴും വൈറലാകാറുണ്ട്. ചിലർ നമ്മുടെ രാജ്യത്തെ വാനോളം പുകഴ്ത്തുമ്പോൾ മറ്റ് ചിലർ വിമർശനങ്ങളും ഉയർത്തുന്നു. സമാനമായ രീതിയിൽ ഇപ്പോഴിതാ ഒരു പോളിഷ് വ്ലോഗർ 6 ആഴ്ച കാലത്തെ ഒറ്റയ്ക്കുള്ള ഇന്ത്യാ സഞ്ചാരത്തിന് ശേഷം തന്‍റെ അനുഭവങ്ങൾ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്. 'ഇന്ത്യയെ കുറിച്ചുള്ള സത്യങ്ങൾ' എന്ന പേരിലാണ് ഇവരുടെ സമൂഹ മാധ്യമ കുറിപ്പ്.
വിക്ടോറിയ എന്ന പോളിഷ് വ്ലോഗറാണ് ഈ കുറിപ്പ്പങ്കുവെച്ചത്. തന്റെ പോസ്റ്റിൽ ഒരേസമയം അവർ ഇന്ത്യയുടെ സൗന്ദര്യത്തെക്കുറിച്ച് അതോടൊപ്പം തന്നെ സന്ദർശന വേളയിൽ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും പങ്കുവെച്ചു. ഇന്ത്യയിൽ കണ്ട കാഴ്ചകൾ തന്നെ ഏറെ അസ്വസ്ഥയാക്കിയത് പൊതുസ്ഥലങ്ങളിൽ ആളുകൾ മാലിന്യം തള്ളുന്ന രീതിയാണെന്നാണ് ഇവർ പറയുന്നു. ആളുകൾ ഒരു മടിയും കൂടാതെ തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നത് താൻ നിരവധി തവണ കണ്ടെന്നും ഇത്തരം പ്രവർത്തികൾ രഹസ്യമായി പോലും ചെയ്യാൻ പാടില്ലാത്തപ്പോഴാണ് ഇന്ത്യയിലെ ജനങ്ങൾ പരസ്യമായി ഇത് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇതൊരു പ്രശ്നമായി ചൂണ്ടിക്കാട്ടിയപ്പോൾ മാലിന്യം തെരുവുകളിൽ വലിച്ചെറിയുന്നതിനെ അനുകൂലിക്കുന്ന നിരവധിപേരെ കണ്ടെന്നാണ് ഇവർ പറയുന്നത്.
ഇന്ത്യയിലെ മാലിന്യ പ്രശ്നത്തെ വിമർശിച്ച വിക്ടോറിയ, പക്ഷേ, ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങളെ പ്രശംസിച്ചു. ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകാൻ വിവിധങ്ങളായ ഗതാഗത മാർഗ്ഗങ്ങൾ ഉണ്ടെന്നും അതുകൊണ്ട് തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ യാത്ര സാധ്യമാകുമെന്നും അവർ അഭിപ്രായപ്പെട്ടു. പലയിടങ്ങളിലും വാസ്തുവിദ്യ അത്ഭുതപ്പെടുത്തുന്നതാണെന്നും എല്ലാ നഗരങ്ങളിലും മനോഹരമായ എന്തെങ്കിലും ഒരു കാഴ്ച കാത്തിരിപ്പുണ്ടെന്നും വിക്ടോറിയ കൂട്ടിച്ചേർത്തു.
അതേസമയം, യാത്ര ഒറ്റയ്ക്കായിരുന്നത് കൊണ്ടും ഒരു സ്ത്രീ ആയിരുന്നത് കൊണ്ടും തനിക്ക് സുരക്ഷയെ കുറിച്ച് അല്പം കൂടുതൽ ബോധവതി ആകേണ്ടിവന്നുവെന്നും അത് ചിലപ്പോഴെങ്കിലും യാത്രകളുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ എഴുതി. ഇന്ത്യൻ യോഗയും ഭൂപ്രകൃതിയും തന്നെ ഏറെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തെന്നാണ് വിക്ടോറിയ അഭിപ്രായപ്പെട്ടത്.
ഇന്ത്യയിൽ പശുക്കളും കുരങ്ങുകളും നായ്ക്കളും ഒരു നിത്യ കാഴ്ചയാണെന്നും അവ പലപ്പോഴും നഗരവീഥികളിലും ഗ്രാമങ്ങളിലും ഒരുപോലെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്നും വിക്ടോറിയ നിരീക്ഷിച്ചു. എന്നാൽ, അവയിൽ പലതിനും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നത് അവരെ ആശങ്കപ്പെടുത്തി. താൻ നേരിട്ട മറ്റൊരു പ്രശ്നമായി ഇവർ ചൂണ്ടിക്കാട്ടിയത്, വിദേശ വിനോദ സഞ്ചാരികളെ ചിലയിടങ്ങളിൽ എങ്കിലും പ്രാദേശികരായ ആളുകൾ പറ്റിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നതാണ്. ഇന്ത്യ അത്ഭുതങ്ങൾ നിറഞ്ഞത്. എന്നാൽ താൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങളിൽ വച്ച് ഏറ്റവും കഠിനമായ യാത്രയായിരുന്നു ഇന്ത്യയിലേതെന്നും പറഞ്ഞു കൊണ്ടാണ് ഇവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൂടാതെ ഇന്ത്യയിൽ ഒറ്റയ്ക്കുള്ള യാത്ര താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വിക്ടോറിയ കൂട്ടിച്ചേർത്തു.