രാത്രി കോഴിയുമായി പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ ആവശ്യപ്പെട്ടത് നീതി. തന്‍റെ കോഴിക്ക് നേരെയുണ്ടായ അക്രമത്തിന് നീതി വേണം. നഷ്ടപരിഹാരം വേണ്ട. 

പോലീസ് സ്റ്റേഷന് മുന്നിലെത്തിയ വൃദ്ധയായ സ്ത്രീയുടെ കൈയിലൊരു കോഴി, കാര്യമന്വേഷിച്ച് പോലീസുകാരോട് അയല്‍ക്കാരൻ തന്‍റെ കോഴിയെ അക്രമിച്ചെന്നും നിതീ വേണമെന്നും വൃദ്ധയുടെ ആവശ്യം കേട്ട് ഞെട്ടിയത് പോലീസുകാര്‍. സംഭവം തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ വച്ച് സ്ത്രീയും പോലീസും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അയൽവാസിയുടെ ആക്രമണത്തിൽ രണ്ട് കാലുകളും ഒടിഞ്ഞ തന്‍റെ കോഴിയെയും കൈയില്‍പ്പിടിച്ചാണ് സ്ത്രീ രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തിയത്. ഗൊല്ലഗുഡെമിൽ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അയൽവാസി വടി കൊണ്ട് തന്‍റെ കോഴിയുടെ രണ്ട് കാലും തല്ലിയൊടിച്ചെന്നാണ് സ്ത്രീയുടെ പരാതി. അവര്‍ പോലീസുകാരോട് വാക്കുകൾ ഇടറിക്കൊണ്ട് സംഭവം വിവരിക്കുന്നത് വീഡിയോയില്‍ കാണാം.

Scroll to load tweet…

സംഭവത്തില്‍ തനിക്ക് ഏറെ സങ്കടം വന്നെന്നും തന്‍റെ കോഴിയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം പരാതിപ്പെടാനാണ് പോലീസ് സ്റ്റെഷനിലെത്തിയതെന്നും അവര്‍ പോലീസിനോട് പറഞ്ഞു. ഒപ്പം തന്‍റെ കോഴിയുടെ കാല്‍ തല്ലിയൊടിച്ചതിന് അയല്‍വാസിയായ രാകേഷിനെതിരെ കേസെടുക്കണമെന്നും ഗംഗമ്മ പോലീസിനോട് ആവശ്യപ്പെട്ടു. പകല്‍ പറമ്പില്‍ ചുറ്റിത്തിരിയുന്ന കോഴി വൈകുന്നേരമാകുമ്പോൾ വീട്ടിലെത്തും. എന്നാല്‍ അന്നേ ദിവസം തന്‍റെ വൈക്കോൽ കൂനയ്ക്ക് സമീപം കോഴിയെ കണ്ട രാകേഷ് അതിന്‍റെ കാല്‍ വടികൊണ്ട് അടിച്ച് ഒടിക്കുകയായിരുന്നെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു.

പക്ഷിക്കുണ്ടായ വേദനയ്ക്ക് തനിക്ക് പണമോ നഷ്ടപരിഹാരമോ ആവശ്യമില്ലെന്നും എന്നാല്‍ നീതി വേണമെന്നും പറഞ്ഞ അവര്‍ രാകേഷിനെതിരെ നടപടി ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് പോലീസ് പറഞ്ഞപ്പോഴായിരുന്നു അവര്‍ അത് വേണ്ടെന്ന് പറഞ്ഞത്. തന്‍റെ കോഴിക്ക് ഇപ്പോൾ പഴയത് പോലെ നടക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ പിറ്റേന്ന് പകല്‍ ഗ്രാമത്തിലെത്തുമ്പോൾ തര്‍ക്കത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞ് പോലീസ് ഗംഗമ്മയെ സമാധാനിപ്പിച്ച് അയക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.