മുംബൈയിലെ മെട്രോ പില്ലറിൽ അനധികൃതമായി പതിച്ച പരസ്യം നീക്കം ചെയ്ത യുവാവിന്‍റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. നഗരസൗന്ദര്യം സംരക്ഷിക്കാൻ സ്വയം മുന്നിട്ടിറങ്ങിയ യുവാവിനെ 'സിറ്റിസൺ ഹീറോ' എന്ന് വിശേഷിപ്പിച്ച സോഷ്യൽ മീഡിയ, അദ്ദേഹത്തെ അഭിനന്ദിച്ചു.
ഭിത്തിയോ, മതിലോ, തൂണുകളോ എന്തുമായിക്കൊള്ളട്ടെ ഒഴിഞ്ഞു കിടക്കുന്ന ഒരു സ്ഥലം കണ്ടാൽ അവിടെ എന്തെങ്കിലുമൊക്കെ പരസ്യങ്ങൾ ഒട്ടിച്ചു വയ്ക്കുന്നത് നമ്മുടെ നാട്ടിൽ ഇന്ന് സാധാരണമായിക്കഴിഞ്ഞു. അതിന് വൈദ്യുത പോസ്റ്റുകൾ എന്നോ മെട്രോപ്പില്ലറുകളെന്നോ ഉള്ള വ്യത്യാസങ്ങൾ ഒന്നുമില്ല. എവിടെ ഒരു ഭിത്തിയോ ഇടമോ കണ്ടോ അവിടെ പോസ്റ്റർ ഓട്ടിച്ചിരിക്കുമെന്നതാണ് അവസ്ഥ. ഇത്തരത്തിൽ പതിക്കുന്ന പരസ്യങ്ങളും പോസ്റ്ററുകളുമൊക്കം ആ നിർമ്മിതിയുടെ മനോഹാരിത നഷ്ടപ്പെടുത്തുന്നു. കാലങ്ങളോളം അവിടെ തന്നെ പതിഞ്ഞിരിക്കുന്ന പോസ്റ്ററുകൾ ക്രമേണ ആ നിർമ്മിതിയുടെ ഘടനയ്ക്ക് തന്നെ കേട് പാടിന് ഇടയാക്കി തീർക്കുന്നു. അത്തരം പരസ്യങ്ങൾ കണ്ടാൽ അത് അവഗണിച്ച് കളയും എന്നല്ലാതെ അവിടെ നിന്നും നീക്കം ചെയ്യാൻ നമ്മളിലാരും മെനക്കെടാറില്ല. എന്നാൽ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു യുവാവ് മുംബൈയിലെ മെട്രോ പില്ലറിൽ ആരോ ഒട്ടിച്ചുവെച്ച ഒരു പരസ്യം നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് ഈ പോസ്റ്റിറിലുള്ളത്.
വേണം സിവിക് സെൻസ്
മുംബൈയിലെ ഒരു മെട്രോ പില്ലറിൽ അനധികൃതമായി ഒട്ടിച്ചിരിക്കുന്ന പരസ്യ ചിത്രം വലിച്ച് കീറുന്ന യുവാവിന്‍റെ ചിത്രം കാർത്തിക് നാടാർ എന്നയാളാണ് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ചത്. തുടർന്ന് മറ്റൊരു ചിത്രത്തിൽ, ബാനർ നീക്കം ചെയ്ത് ഹെൽമെറ്റ് ധരിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. ഇതുകൂടാതെ മനോഹാരമായി പെയിന്‍റ് ചെയ്തിരിക്കുന്ന മെട്രോ പില്ലറുകളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ പെയിൻറ് ചെയ്ത മെട്രോപില്ലറുകളുടെ ഭംഗി നഷ്ടപ്പെടുത്തും വിധമായിരുന്നു പില്ലറിൽ പരസ്യം പതിച്ചിരുന്നത്.
തൻറെ സമൂഹ മാധ്യമ കുറിപ്പിൽ കാർത്തിക് നാടാർ, "ഏതോ ഒരു വിഡ്ഢി തന്‍റെ ബിസിനസ് പരസ്യം മുംബൈ മെട്രോ ലൈൻ 2B യുടെ തൂണിൽ ഒട്ടിക്കാൻ തീരുമാനിച്ചു, അടുത്ത അസൈൻമെന്‍റ് ? രാഷ്ട്രീയ ബാനറുകൾ. ഉടൻ ആരംഭിക്കുന്നു!" എന്നായിരുന്നു എഴുതിയിരുന്നത്. തൂണിൽ ഒട്ടിച്ചിരുന്ന പരസ്യത്തിലെ നമ്പറിലേക്ക് താൻ വിളിച്ചു സംസാരിച്ചുവെന്നും എന്നാൽ, ഒരാഴ്ച സമയം നൽകിയിട്ടും ആരും അത് നീക്കം ചെയ്യാത്തതിനാലാണ് താൻ തന്നെ അത് ചെയ്തതെന്നും അദ്ദേഹം തന്‍റഎ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഭിനന്ദിച്ച് എംഎംഎംഒസിഎൽ
നാടാറിന്‍റെ പോസ്റ്റ് 1.1 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് കണ്ടത്. ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും അദ്ദേഹത്തെ സ്വയം കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്തതിനും നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിച്ചതിനും അഭിനന്ദിച്ചു. സിറ്റിസൺ ഹീറോ എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ ചിലർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡും (എംഎംഎംഒസിഎൽ) നാടാറിനെ അഭിനന്ദിച്ച് രംഗത്തെത്തി. കൂടാതെ പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്ന സ്ഥാപനത്തിന് പിഴ ചുമത്തിയതായും അവർ വ്യക്തമാക്കി.


