പ്രതിമാസം 60,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി 22-കാരി ഉപേക്ഷിച്ചു. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും ഉയർന്ന തുക ലഭിച്ചിട്ടും വേണ്ടെന്ന് വച്ചത് എന്തിനെന്ന ചോദ്യത്തിനും അവർ മറുപടി നല്‍കി.
പ്രതിമാസം 60,000 രൂപ ശമ്പളമുണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി 22-കാരിയായ യുവതി. ഇൻസ്റ്റഗ്രാം റീലിലൂടെയാണ് ഉപാസന എന്ന പെൺകുട്ടി ഉയർന്ന ശമ്പളം ഉണ്ടായിട്ടും തന്‍റെ ജോലി രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തിയത്. സാമ്പത്തിക നേട്ടത്തേക്കാൾ വലുതാണ് ആരോഗ്യമെന്ന് തോന്നിയതിനാലാണ് തന്‍റെ ജോലി ഉപേക്ഷിച്ചതെന്നാണ് ഈ യുവതി അവകാശപ്പെട്ടത്.
എന്തു കൊണ്ട്
സാമ്പത്തിക ഭദ്രത വേണ്ടെന്ന് വെച്ച് ആരോഗ്യം തെരഞ്ഞെടുക്കാനുള്ള തന്‍റെ തീരുമാനത്തെക്കുറിച്ച് ഉപാസന വീഡിയോയിൽ വിശദീകരിച്ചു. ജോലി എളുപ്പമായിരുന്നെങ്കിലും, രാത്രി ഷിഫ്റ്റ് തന്‍റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഉപാസന പറയുന്നു. “ഓരോ മൂന്നാമത്തെ ദിവസവും എനിക്ക് തലവേദന, അസിഡിറ്റി, രക്തസമ്മർദ്ദം കുറയുക അല്ലെങ്കിൽ ഉത്കണ്ഠ തുടങ്ങിയ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമായിരുന്നു. 22 വയസ്സിൽ തന്നെ ഞാൻ സാമ്പത്തികമായി സുരക്ഷിതയായിരുന്നു. പക്ഷേ എന്‍റെ മുന്നിൽ ഒരു തെരഞ്ഞെടുപ്പുണ്ടായിരുന്നു: ഒന്നുകിൽ പണം അല്ലെങ്കിൽ ആരോഗ്യം,” ഉപാസന പറയുന്നു.
അഭിനന്ദിച്ച് സോഷ്യൽ മീഡിയ
പണം വന്ന് പോകും. എന്നാൽ ആരോഗ്യം നശിച്ചാൽ മറ്റൊന്നിനും പ്രസക്തിയുണ്ടായിരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'ജീവിതത്തിന്‍റെ പ്രവചനാതീതമായ സ്വഭാവം' എന്ന് തലക്കെട്ടോടെയുള്ള ഈ പോസ്റ്റ് ഓൺലൈനിൽ വലിയ ശ്രദ്ധ നേടി. നിരവധി ആളുകളാണ് ഉപാസനയുടെ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയത്. പലരും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. "ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്. നിങ്ങൾക്ക് എല്ലാവിധ ആശംസകളും... ഞങ്ങൾ എല്ലാവരും താങ്കൾക്ക് പിന്തുണ നൽകുന്നു," ഒരു ഉപഭോക്താവ് കുറിച്ചു. "മനസ്സമാധാനത്തിന് വേണ്ടി സാമ്പത്തിക ഭദ്രത ഉപേക്ഷിക്കാൻ കാണിച്ച ധൈര്യം വളരെ വലുതാണ്," എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഉപാസനയുടെ ഈ കഥ, ജോലി - ജീവിത ബാലൻസ്, രാത്രി ഷിഫ്റ്റ് ചെയ്യുന്നതിന്‍റെ ആരോഗ്യപരമായ ദോഷങ്ങൾ, ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങളെക്കാൾ ദീർഘകാല ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്‍റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടു.


