സൈക്കിൾ പതിയ പോകുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റന്‍ മതിഞ്ഞ് ഇദ്ദേഹത്തിന്‍റെ മുകളിലേക്ക് മറിയുകയായിരുന്നു.
പഞ്ചാബിലെ മൻസ ജില്ലയിലെ ജവ്ഹാർക്കെ ഗ്രാമത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് കർഷകന് ദാരുണാന്ത്യം. മതിൽ പൂർണ്ണമായി ദേഹത്തേക്ക് ഇടിഞ്ഞ് വീണതിനെ തുടർന്ന് അദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് തുടർച്ചയായി കനത്ത മഴയാണ് മതിൽ പൊളിഞ്ഞു വീഴാൻ കാരണമായതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവ സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ക്യാമറകളിൽ ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞു. മരണപ്പെട്ടയാൾ ജഗ്ജീവൻ എന്ന കർഷകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ സ്പീഡ് ബ്രേക്കർ കടക്കുന്നതിനിടെ, റോഡിന് സമീപത്തെ മതിൽ പെട്ടെന്ന് അദ്ദേഹത്തിന്‍റെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ അദ്ദേഹം അതിദാരുണമായി മരണപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. @thind_akashdeep എന്നയാളാണ് വീഡിയോ പങ്കുവച്ചത്. 'തുടർച്ചയായ മഴയെത്തുടർന്ന് മൻസയിലെ ജാവർക്കെ ഗ്രാമത്തിൽ ഒരു മതിൽ ഇടിഞ്ഞുവീണ് 60 വയസ്സുള്ള ജഗ്ജീവൻ എന്ന കർഷകൻ മരിച്ചു. മതിലിനടയില്‍ കുടുങ്ങിപ്പോയ അദ്ദേഹം അവിടെ വെച്ച് തന്നെ മരണപ്പെട്ടു.'
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സർക്കാർ സംവിധാനങ്ങൾക്കെതിരെ നിരവധിയാളുകൾ വിമർശനം ഉയർത്തി രംഗത്തെത്തി. ഒരു സാധാരണ പൗരന്‍റെ ജീവന് പോലും സുരക്ഷിതത്വം നൽകാൻ കഴിയാത്ത സർക്കാർ എത്രമാത്രം നിഷ്ക്രിയമാണെന്ന് ആളുകൾ ചോദ്യം ഉയർത്തി. കൃത്യമായ സമയത്ത് നവീകരണ പ്രവർത്തികൾ നടത്തി നമ്മുടെ പൊതു സംവിധാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ ശിവ് സിറ്റി കോളനിക്കടുത്തുള്ള സ്മാർട്ട് സിറ്റി 3 കോളനിയിൽ നിർമ്മാണത്തിലിരുന്ന വാട്ടർ ടാങ്കിന്‍റെ മതിൽ തകർന്ന് നിരവധി പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


