അതിശക്തമായ മഴയ്ക്കും കാറ്റിനുമിടയില്‍ വളരെ കൂളായി വിമാനം ലാന്‍റ് ചെയ്ത് പൈലറ്റ്. 

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമിടയില്‍ സുരക്ഷിതമായി ലാന്‍റ് ചെയ്ത എയർ ഇന്ത്യന്‍ പൈലറ്റിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനം. കഴിഞ്ഞ ചൊവ്വാഴ്ച ( ഓഗസ്റ്റ് 19) മുംബൈ എയര്‍പ്പോട്ടിലാണ് സംഭവം. വിമാനയാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുംബൈ ഈ സീസണിലെ ഏറ്റവും ശക്തമായ മഴയെ പെയ്യുമ്പോഴാണ് എയർ ഇന്ത്യന്‍ പൈലറ്റിന്‍റെ പെർഫെക്ട് ലാന്‍ഡിംഗ് നടന്നത്. പ്രക്ഷുബ്ധമായ കാലാവസ്ഥയെ മറികടന്ന് വിമാനം സുഗമമായി ഇറങ്ങുന്നതും, വളരെ സാവധാനം മഴ നനഞ്ഞ റൺവേയിലേക്ക് സ്പർശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വീഡിയോയുടെ തുടക്കത്തിൽ വിമാന ചിറക് മാത്രമേ കാണാന്‍ കഴിയൂ. അത്രയേറെ മഴമേഘങ്ങളാണ് ചുറ്റും. പതുക്കെ വിമാനം താഴുമ്പോൾ മേഘകീറുകൾ പിന്നിലേക്ക് നീങ്ങുന്നു. പതുക്കെ നഗരത്തിലെ കെട്ടിടങ്ങൾ ദൃശ്യമായി തുടങ്ങും. മുന്നോട്ട് നീങ്ങുന്തോറും കെട്ടിടങ്ങൾ കൂറച്ച് കൂടി അടുത്ത് നിന്ന് വ്യക്തമായി കാണാം. ഒടുവില്‍ വളരെ ശ്രദ്ധയോടെ വിമാനം റണ്‍വേയില്‍ പറന്നിറങ്ങുന്നു. ഇതിനിടെ വിമാനയാത്രക്കാരൻ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഒരു ഇളക്കം പോലും ദൃശ്യമാകുന്നല്ല. അത്രയേറെ സൂക്ഷ്മമായാണ് വിമാനം ലാന്‍റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തം. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങളില്‍ പോലും ഒരു ചെറിയ അസ്വസ്ഥത പോലെ തോന്നിപ്പിക്കാത്ത അത്രയും കൃത്യതയോടെയായിരുന്നു വിമാനമിറങ്ങിയത്.

Scroll to load tweet…

വിദ്യാസാഗർ ജഗദീശന്‍ എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങൾ ഇതിനകം ഒന്നര ലക്ഷത്തോളം ആളുകൾ കണ്ട് കഴിഞ്ഞു. അതിശക്തമഴയുടെ മധ്യത്തില്‍ മുംബൈ വിമാനത്താവളത്തിലെ ലാന്‍റിംഗ്, മങ്ങിയ കാഴ്ചയ്ക്കിടെയിലും സുരക്ഷിതമായ ലാന്‍റിംഗ് നടത്തിയ ക്യാപ്റ്റന്‍ നീരജ് സേത്തിയ്ക്ക് അഭിനന്ദനമെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് വിദ്യാസാഗര്‍ കുറിച്ചു. അതിശക്തമായ മഴയെ തുടർന്ന് മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗതാഗതം താറുമാറായി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് 250 ഓളം വിമാനങ്ങൾ യാത്ര വൈകുകയോ വഴി തിരിച്ച് വിടുകയോ ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് ഈ പെർഫെക്ട്. സമൂഹ മാധ്യമ ഉപയോക്താക്കൾ പൈലറ്റിനെ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്.