പത്തുവയസ്സുകാരനായ മകൻ അമ്മയ്ക്ക് നൽകിയ ഹൃദയസ്പർശിയായ പിറന്നാൾ സമ്മാനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്കൂൾ ബാഗിൽ ഒളിപ്പിച്ചുവെച്ച സ്വർണ്ണം പൂശിയ വാച്ചും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പുമാണ് മകൻ അമ്മയ്ക്ക് നൽകിയത്.  

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധമായിരിക്കും ഒരു പക്ഷേ, ഏറ്റവും ശക്തമായ ആത്മബന്ധം. കുട്ടികളുടെ നിഷ്ക്കളങ്കതയും മാതാപിതാക്കളുടെ കരുണയം അവിടെ ഒന്നിച്ച് നിൽക്കുന്നു. കുട്ടികളുടെ നിഷ്ക്കളങ്കതയോടെയുള്ള പ്രവര്‍ത്തികൾ പലപ്പോഴും സമൂഹ മാധ്യമ ഉപയോക്താക്കളെയും ഏറെ ആ‍കർഷിക്കാറുണ്ട്. അത്തരമൊരു നിഷ്ക്കളങ്കത കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ കണ്ടവര്‍ കുട്ടിയെയും അവന്‍റെ അമ്മയെയും ഒരു പോലെ അഭിനന്ദിച്ചു.

മകന്‍റെ വക അമ്മയ്ക്ക് പിറന്നാൾ സമ്മാനം

തീർത്തും ഹൃദയസ്പർശിയായ ഒരു വീഡിയോ, 10 വയസ്സുകാരൻ മകൻ തന്‍റെ അമ്മയ്ക്ക് ഹൃദയത്തിൽ നിന്നും നല്‍കിയ പിറന്നാൾ സമ്മാനം. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഈ ഊഷ്മള വീഡിയോ ഹിറ്റായി കഴിഞ്ഞു. ഈ വൈറൽ ക്ലിപ്പിൽ ഒരു ആൺകുട്ടി തന്‍റെ സ്കൂൾ ബാഗിൽ നിന്ന് ഒരു ചെറിയ സമ്മാനപ്പെട്ടി പുറത്തെടുക്കുന്നു. അവന്‍റെ ഇളയ സഹോദരൻ കൗതുകത്തോടെ ഇത് നോക്കുന്നുണ്ട്. അമ്മ ഈ നിമിഷം റെക്കോർഡ് ചെയ്യുമ്പോൾ, അവന്‍റെ നാണത്തോടെയുള്ള ചിരിയും ആവേശവും കാഴ്ചയ്ക്ക് കൂടുതൽ മനോഹാരിത നൽകുന്നു. ഭംഗിയായി പൊതിഞ്ഞ പാക്കറ്റിനുള്ളിൽ ഒരു സ്വർണ്ണം പൂശിയ വാച്ചും നിങ്ങളുടെ വികൃതിയായ മകന്‍റെ ആശംസകൾ എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും കാണാം.

View post on Instagram

അമ്മയ്ക്കും മകനും അഭിനന്ദനം

തന്‍റെ കുട്ടിയോടുള്ള അളവില്ലാത്ത സ്നേഹത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പോടെ അമ്മ പങ്കുവെച്ച ഈ വീഡിയോ കാഴ്ചക്കാർക്കും ആവേശമായി. സമ്മാനങ്ങൾ സ്വീകരിക്കേണ്ട പ്രായത്തിൽ തന്‍റെ അമ്മയ്ക്ക് മനോഹരമായ ഒരു സമ്മാനം നൽകാൻ കാണിച്ച കുട്ടിയുടെ മനസിനെ നിരവധി പേർ പ്രശംസിച്ചു. കുട്ടിയുടെ ചിന്താശക്തിയെയും സർഗ്ഗാത്മകതയെയും എടുത്തുകാട്ടിയ സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പുകളായിരുന്നു നിറയെ. സമൂഹ മാധ്യമ ഉപയോക്താക്കൾ അവനെ ബുദ്ധിമാനും സ്നേഹമുള്ളവനുമായ മകൻ എന്നാണ് വിശേഷിപ്പിച്ചത്. മറ്റൊരാൾ അവൻ ചിന്താശക്തിയുള്ളവനും അഭിരുചിയുള്ളവനുമാണെന്ന് എഴുതി. സ്നേഹത്തിന്‍റെ ലളിതമായ ആംഗ്യങ്ങളാണ് പലപ്പോഴും ഏറ്റവും ആഴത്തിലുള്ള അർത്ഥം നൽകുന്നതെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് ഈ വീഡിയോ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ഇതിനോടകം തന്നെ ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കാണുകയും അമ്മയ്ക്കും മകനും സ്നേഹാശംസകൾ നേരുകയും ചെയ്തത്. നെഗറ്റിവിറ്റി വ്യാപകമായി പ്രചരിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരം സുന്ദര നിമിഷങ്ങൾ നൽകുന്നത് ശുഭപ്രതീക്ഷയാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടിട്ടു. അതേസമയം മറ്റ് ചിലര്‍ ഇത്രയും വലിയൊരു സമ്മാനം വാങ്ങാൻ കുട്ടിയുടെ കൈയില്‍ പണം ഏവിടെ നിന്നെന്ന ചോദ്യങ്ങളുയർത്തി.