ബെംഗളൂരു ഗ്രീൻ ലൈൻ മെട്രോയിൽ ഒരാൾ യാചിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ സംഭവം നമ്മ മെട്രോയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർത്തി. ടിക്കറ്റെടുത്ത് ട്രെയിനിൽ കയറിയ ഇയാൾ യാത്രയ്ക്കിടെ യാചിക്കാൻ തുടങ്ങി.
ബെംഗളൂരു ഗ്രീൻ ലൈൻ മെട്രോയിൽ യാത്ര ചെയ്യുന്നവര്‍ തങ്ങളുടെ മുന്നിലെ യാചകനെ കണ്ട് ഞെട്ടി. ഇതങ്ങനെ സംഭവിച്ചു? ശ്രീരാംപുര സ്റ്റേഷന് സമീപത്ത് നിന്ന് ഓടുന്ന ട്രെയിനിനുള്ളിൽ ഒരാൾ യാചിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമ ഉപയോക്താക്കളും ഞെട്ടി. ഇതെങ്ങനെ സാധിച്ചു.? അതും മെട്രോയില്‍.
വിഡിയോ
മെട്രോയിലെ ഒരു യാത്രക്കാരന്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ഒരു നീല ഷർട്ടും ബ്രൗണ്‍ നിറത്തിലുള്ള ടീ ഷർട്ടും ധരിച്ച ഒരാൾ മെട്രോയിലെ ഒരോ യാത്രക്കാരന്‍റെയും അടുത്ത് പോയി കൈ നീട്ടി യാചിക്കുന്നത് വീഡിയോയില്‍ കാണാം. ആരും തന്നെ അയാൾക്ക് പണം കൊടുക്കാന്‍ തയ്യാറായില്ല. പലരും തങ്ങളുടെ മൊബൈലില്‍ നിന്നും മുഖം ഉയർത്താന്‍ പോലും തയ്യാറായില്ലെന്നതാണ് സത്യം. അതേസമയം മറ്റ് ചിലര്‍ അമ്പരപ്പോടെ യാചകനെ നോക്കുന്നതും വീഡിയോയില്‍ കാണാം. യാചകന്‍ നടന്ന് പോയതി പിന്നാലെ രണ്ട് പോലീസുകാരും അയാൾ പോയ ഭാഗത്തേക്ക് നടക്കുന്നതും വീഡിയോയില്‍ കാണാം.
പ്രതികരണം
ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പെട്ടെന്ന് പ്രചരിച്ചു, നിരവധി ഉപയോക്താക്കൾ ആശങ്കയും വിമർശനവും പ്രകടിപ്പിച്ചു. ശുചിത്വത്തിനും മറ്റും ഏറെ പേരുകേട്ട നമ്മ മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ പ്രതീക്ഷിക്കുന്ന സുരക്ഷയെയും അച്ചടക്കത്തെയും ഇത്തരം സംഭവങ്ങൾ ദുർബലപ്പെടുത്തുന്നുവെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ എഴുതി.
ഒക്ടോബർ 14 നായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. MRCL പറയുന്നത്, "ഇന്നലെ രാവിലെ 11 മണിക്ക് മജസ്റ്റിക്കിൽ നിന്ന് ടിക്കറ്റുമായി അയാൾ ട്രെയിനിൽ കയറി ദാസറഹള്ളിയിൽ നിന്ന് പുറത്തിറങ്ങി. യാത്രയ്ക്കിടെ അയാൾ പിന്നീട് യാചിക്കാൻ തുടങ്ങി. എന്നിരുന്നാലും, ഹോംഗാർഡുകളുടെ പതിവ് പട്രോളിംഗിനിടെ അത്തരമൊരു പ്രവൃത്തി കണ്ടില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് യാസീർ മുഷ്താഖ് എക്സില്‍ കുറിച്ചു. എല്ലാ വഴികളിലും സുരക്ഷാ പരിശോധനകൾ ഉണ്ടായിരുന്നിട്ടും അയാൾക്ക് എങ്ങനെ മെട്രോയിൽ കയറാന്‍ കഴിഞ്ഞുവെന്ന് നെറ്റിസൺമാർ ചോദ്യം ചെയ്തു. അതേസമയം മറ്റ് ചിലര്‍ നമ്മ ബെംഗളൂരുവിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുറിച്ചു.


