പാര്‍ക്ക് ചെയ്തിരുന്ന ഒരു വെളുത്ത കോം‌പാക്റ്റ് എസ്‌യുവി പിന്നിലേക്ക് പാഞ്ഞ് വരികയും ഹോട്ടല്‍ ലോബിയിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.  

പകടങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നു. അത് പലപ്പോഴും മനുഷ്യരുടെ കൈയില്‍ നിന്നും സംഭവിക്കുന്നതാണെങ്കിൽ മറ്റ് ചിലപ്പോൾ വാഹനങ്ങളിലെ തകരാർ മൂലം സംഭവിക്കുന്നതാകാം. പക്ഷേ, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലെ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയോ അതോ വാഹനത്തിന്‍റെ സാങ്കേതിക പ്രശ്നമോ എന്ന തര്‍ക്കത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ.

ഉത്തർപ്രദേശിലെ ബറേലിയിലുള്ള ആഡംബര റമദ ഹോട്ടലിന്‍റെ സ്വീകരണ മുറിയിലേക്ക് ഇടിച്ചു കയറിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു പങ്കുവയ്ക്കപ്പെട്ടിരുന്നത്. വീഡിയോയില്‍ ഒരു കുടുംബം തങ്ങളുടെ വാഹനം കാത്ത് ഹോട്ടലിന് മുന്നില്‍ നിൽക്കുന്നത് കാണാം. അതിനിടെ മുന്നിലുണ്ടായിരുന്ന കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലേക്ക് ഒരാൾ കയറി ഇരിക്കുന്നു. പിന്നാലെ തൊട്ട് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വെളുത്ത കോം‌പാക്റ്റ് എസ്‌യുവി പിന്നിലേക്ക് പാഞ്ഞ് വരികയും ഹോട്ടല്‍ ലോബിയിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്യുന്നു.

ഇതിനിടെ കാര്‍ ആദ്യം കണ്ട കാറിനെ ഇടിക്കുകയും ഹോട്ടല്‍ ലോബിയുടെ ചില്ലുകൾ തകര്‍ക്കുന്നതും വീഡിയോയിൽ കാണാം. സമീപത്ത് നിന്നിരുന്ന ജീവനക്കാരും അതിഥികളും ഭയന്ന് നാലുപാടും ഓടുന്നതും വീഡിയോയില്‍ കാണാം. ഈ സമയം സമീപത്ത് കുട്ടികളും ഉണ്ടായിരുന്നു. ഹോട്ടലിൽ അത്താഴത്തിന് ശേഷം മടങ്ങുകയായിരുന്ന വനിതാ അഭിഭാഷകയും ഡോക്ടറായ ഭർത്താവുമായിരുന്നു കാറിലുണ്ടായിരുന്നതെന്ന് ഹോട്ടലിലെ ദൃക്‌സാക്ഷികൾ പറഞ്ഞതായി ഹിന്ദി ന്യൂസ് പോർട്ടലായ പത്രികയുടെ റിപ്പോർട്ട് ചെയ്തു.

Scroll to load tweet…

അഭിഭാഷകയായിരുന്നു കാറോടിച്ചത്. റിവേഴ്സ് ഗിയറിലുണ്ടായിരുന്ന കാര്‍, അഭിഭാഷക ആക്സിലേറ്ററില്‍ കാലമര്‍ത്തിയതോടെ പിന്നിലേക്ക് പോയി. പരിഭ്രാന്തരായ അവര്‍ക്ക് ആക്സിലേറ്ററില്‍ നിന്നും കാലെടുക്കാന്‍ കഴിയും മുമ്പ് കാര്‍ അതിവേഗം ഹോട്ടൽ ലോബിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയെങ്കിലും പരാതികളില്ലാതിരുന്നതിനാല്‍ കേസെടുത്തില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.