അലഞ്ഞ് തിരിയുന്ന കാളകളെ പ്രദേശവാസികൾ ഇപ്പോൾ 'മരണത്തിന്‍റെ ഏജന്‍റു'മാരെന്നാണ് വിളിക്കുന്നത്.

ധ്യപ്രദേശിലെ കട്‍ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമിച്ച് അലഞ്ഞ് തിരിയുന്ന കാള. മാധവ് നഗർ പോലീസ് സ്റ്റേഷന് കീഴിലുള്ള റോബർട്ട് ലൈൻ പ്രദേശത്ത് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചു. മൃഗങ്ങളും ഇപ്പോൾ മനുഷ്യനെ വഴി നടക്കാന്‍ സമ്മതിക്കുന്നില്ലെന്ന് നിരവധി പേരാണ് കുറിപ്പെഴുതിയത്.

പുറത്ത് നിൽക്കുകയായിരുന്ന ഒരു സ്ത്രീ വീട്ടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് സമീപത്തുണ്ടായിരുന്ന, അലഞ്ഞ് തിരിയുന്ന ഒരു കാള അവരെ കുത്തിയിടുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ വീട്ടമ്മ നിലത്തേക്ക് തലയടിച്ച് വീണു. പിന്നാലെ കാള ഇവരുടെ മേലെ കയറി നിന്ന് ഒന്നു രണ്ട് തവണ ചവിട്ടി. ഈ സമയത്ത് നിലവിളി കേട്ട് വീട്ടിനുള്ളില്‍ നിന്നും ഒരു പെണ്‍കുട്ടി പുറത്തേക്ക് വരികയും വീണ് കിടക്കുന്ന സ്ത്രീയെ എഴുന്നേല്‍പ്പിക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.

എന്നാൽ, കാള പെണ്‍കുട്ടിയെയും കുത്താനായി ആയുന്നു. ഇതോടെ റോഡിലൂടെ ഒരു കുട്ടി ഒരു റൗണ്ട് ഓടുന്നു. കാള പെണ്‍കുട്ടിയെ പിന്തുടരുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ കാളയുടെ കുത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി പെണ്‍കുട്ടി വീട്ടിനുള്ളിലേക്ക് ഓടിക്കയറുന്നു. ഇതിനിടെ മറ്റൊരാൾ കൂടി സംഭവ സ്ഥലത്തേക്ക് എത്തിയെങ്കിലും അയാളെയും കാള കുത്തിയോടിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Scroll to load tweet…

സംഭവം അറിഞ്ഞ് സ്ഥലത്ത് തടിച്ച് കൂടിയ നാട്ടുകാര്‍ മുനിസിപ്പൽ കോർപ്പറേഷനെ കുറ്റപ്പെടുത്തി. തെരുവ് മൃഗങ്ങളെ നിയന്ത്രിക്കാൻ ജില്ലാ കളക്ടറുടെ കർശന ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, കാളകളും മറ്റ് കന്നുകാലികളും തെരുവില്‍ സ്വതന്ത്രരായി വിഹരിക്കാന്‍ വിടുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അലഞ്ഞ് തിരിയുന്ന കാളകളെ പ്രദേശവാസികൾ ഇപ്പോൾ 'മരണത്തിന്‍റെ ഏജന്‍റു'മാരെന്നാണ് വിളിക്കുന്നതെന്ന് ഫ്രീ പ്രസ് ജേർണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം സംഭവങ്ങളില്‍ മൃഗങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസെടുക്കാറുള്ളതെന്നും എന്നാല്‍ തെരുവിൽ അലഞ്ഞ് തിരിയുന്നവയ്ക്കെതിരെ അത്തരത്തില്‍ കേസെടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും പോലീസുകാരും കൈമലര്‍ത്തുന്നു.