തിരക്കേറിയ റോഡിലൂടെ 15 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പുമായി വിദ്യാര്‍ത്ഥികൾ നടന്നത് 3 കിലോമീറ്റര്‍ ദൂരം.

ബുലന്ദ്ഷഹറിലെ ജഹാംഗിരാബാദ് പ്രദേശത്ത് കൂറ്റന്‍ പെരുമ്പാമ്പുമായി റോഡിലൂടെ നടന്ന് നീങ്ങുന്ന കുട്ടികളുടെയും പ്രദേശവാസികളുടെയും വീഡിയോ സമൂഹ മാധ്യമത്തില്‍ വലിയ ആശങ്ക ഉയര്‍ത്തി. വനപാലകരെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കാതെ ഇവർ പ്രദേശത്ത് കണ്ടെത്തിയ പാമ്പിനെ പിടികൂടുകയും പിന്നീട് അതിനെ വെറും കൈകളിൽ പിടിച്ചുകൊണ്ട് കിലോമീറ്ററുകൾ സഞ്ചരിച്ച് വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഒടുവിൽ ഇവർ തന്നെ പാമ്പിനെ കാട്ടിൽ വിട്ടയച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പെരുമ്പാമ്പിനെ കുട്ടികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാണ്.

പ്രദേശത്ത് കണ്ടെത്തിയ 15 അടി നീളമുള്ള പെരുമ്പാമ്പിനെയാണ് ജഹാംഗിരാബാദിലെ കുട്ടികൾ പിടികൂടിയത്. ജഹാംഗിരാബാദ് കോട്‌വാലി പ്രദേശത്തെ ദുൻഗ്ര ജാട്ട് ഗ്രാമത്തിന് സമീപത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തരാവുകയും ഒപ്പം പാമ്പിനെ കാണാൻ വൻ ജനാബലി തന്നെ തടിച്ചു കൂടുകയും ചെയ്തു. ഇതിനിടയിലാണ് ഏതാനും ഗ്രാമവാസികളും കുട്ടികളും ചേർന്ന് വെറും കൈകൊണ്ട് പാമ്പിനെ എടുത്ത് വീഡിയോ ചിത്രീകരണം നടത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തത്.

Scroll to load tweet…

പാമ്പുമായി റോഡിലൂടെ ഇവർ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഏറെ ഭയപ്പെടുത്തുന്നതും ആശങ്ക ജനിപ്പിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങൾ. തിരക്കേറിയ ഒരു റോഡിലൂടെ കുട്ടികൾ പാമ്പുമായി നടന്നുനീങ്ങുന്നത് വീഡിയോയില്‍ കാണാം. പാമ്പിനെ കാട്ടിൽ കൊണ്ട് പോയി തുറന്ന് വിടുന്നതിന് വേണ്ടിയാണ് ഇവർ മൂന്ന് കിലോമീറ്റർ ദൂരം ഇത്തരത്തിൽ സഞ്ചരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ഇത്രമാത്രം ഭയാനകമായ ഒരു സംഭവം നടന്നിട്ടും ഗ്രാമത്തിലെ ആരും വനം വകുപ്പിനെയോ ബുലന്ദ്ഷഹർ പോലീസ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെയോ വിവരമറിയിച്ചില്ലെന്നത് ഞെട്ടിച്ചെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ അറിയിച്ചത്. ഇങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് എസ്ഡിഎം അനുപ്ഷഹർ പ്രിയങ്ക ഗോയൽ പറഞ്ഞു. സംഭവം വിവാദമായതടെ വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.