ലാവോസിലെ ഒരു സ്കൂളിൽ എത്തിയ വെളുത്ത വംശജയായ യുവതിയെ കണ്ട് കുട്ടികൾ ഭയന്ന് കരഞ്ഞോടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവതി കുട്ടികളുടെ വീഡിയോ ചിത്രീകരിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം.
മൂന്നാം ലോക രാജ്യങ്ങളിലേക്ക് എത്തുന്ന യൂറോപ്യന്മാർക്കും യുഎസുകാര്‍ക്കും ഓസ്ട്രേലിയക്കാര്‍ക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെക്കാൾ ഒരാല്പം ബഹുമാനം കൂടുതൽ ലഭിക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് മനുഷ്യന്‍റെ ബോധവുമായി ബന്ധപ്പെട്ടതാണ്. വെള്ളത്തവര്‍, ലോകം ഭരിച്ചവർ തുടങ്ങിയ ബിംബങ്ങളാണ് യൂറോപ്യന്മാരെ കുറിച്ച് പൊതുവായുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ ഒരു വെളുത്ത വംശജയെ കണ്ട കുട്ടികൾ ഭയന്ന് കരഞ്ഞ് കൊണ്ട് ഓടുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വീഡിയോയിലുള്ളത്
ലാവോയിലെ ഒരു പ്രാദേശിക സ്കൂളിൽ നിന്നുള്ള വീഡിയോയായിരുന്നു അത്. ഒരു വെള്ളക്കാരിയായ സ്ത്രീയെ കണ്ട് ഒരു സ്കൂളിലെ കുട്ടികൾ കരഞ്ഞ് കൊണ്ട് പരക്കം പായുന്നത് വീഡിയോയിൽ കാണാം. കുട്ടികളെ പ്രതികരണം കണ്ട് യുവതി ആദ്യം ഒന്ന് അമ്പരക്കുകയും പിന്നാലെ ചിരിച്ച് കൊണ്ട് കുട്ടികളുടെ പുറകെ പോകുന്നതും വീഡിയോയിൽ കാണാം. തന്‍റെ വെളുത്ത നിറമാണ് കുട്ടികളെ ഭയപ്പെടുത്തിയതതെന്ന് യുവതി വീഡിയോയിൽ പറയുന്നതും കേൾക്കാം. യുവതി ഒരു പ്രൈമറി സ്കീകളിലേക്ക് കയറാന്‍ തുടങ്ങുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കുട്ടികൾ സ്കൂളിലൂടെ പരക്കം പായുന്നത് വീഡിയോയിൽ കാണാം. ചിലര്‍ മേശയ്ക്കും ബഞ്ചുകൾക്കും ഇടയിൽ ഓളിച്ചിരിക്കാന്‍ പാടുപെടുന്നു. മറ്റ് ചിലര്‍ ചെരുപ്പ് കൈയിലെടുത്ത് കരഞ്ഞ് കൊണ്ട് ഓടുന്നതും വീഡിയോൽ കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സമൂഹ മാധ്യമ ഉപയോക്താക്കൾ
അവർക്ക് നമ്മളെ പേടിയാണോ? ഇവിടെ അധികം വിനോദ സഞ്ചാരികൾ വരാറില്ലേ. കുട്ടികൾ ഓടിപ്പോകുകയാണ്. ഒരു കുട്ടി കരയുന്നു. ഈ കുട്ടികൾ മിടുക്കരാണ്. വെള്ളക്കാർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം, നിങ്ങൾക്കറിയാമോ? യുവതി വീഡിയോയിൽ ചോദിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തിയത്. ചിലർ ഇൻഫ്ലുവൻസർമാരാണ് പ്രശ്നമെന്ന് എഴുതി. വിളറി വെളുത്തവരെ മരിച്ചവരായോ ദുരാത്മാക്കളായോ ആണ് പല സമൂഹങ്ങളും കാണുന്നതെന്നായിരുന്നു ചിലരുടെ അഭിപ്രായം. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ചിത്രീകരിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ചിലര്‍ ചോദ്യം ചെയ്തു. ഒരു ടൂറിസ്റ്റ് എന്തിനാണ് സ്കൂളിലേക്ക് പോയത്. യുവതി അത് കാഴ്ച ബംഗ്ലാവാണെന്ന് കരുതിയോ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ രൂക്ഷമായ ചോദ്യം.


