വിവാഹ സത്ക്കാരത്തിനിടെ ഒരു യുവതി തന്‍റെ പ്ലേറ്റില്‍ അവശേഷിച്ച കോഴിക്കാല്‍ ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് തന്‍റെ പേഴ്സിലേക്ക് വെക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ഭക്ഷണം ഇല്ലാതെ ഒരു ഇന്ത്യന്‍ വിവാഹം സങ്കല്‍പിക്കാന്‍ പോലുമാകില്ല. ഓരോ മത വിശ്വാസികളും തങ്ങളുടെ ജീവിത വിശ്വാസങ്ങൾക്ക് അനുസൃതമായ ഭക്ഷണമാണ് വിവാഹാഘോഷങ്ങൾക്കായി ഒരുക്കുന്നതെങ്കിലും ഇന്ന് മിക്ക വിവാഹത്തിനും മാംസാഹാരം നിര്‍ബന്ധമാണ്. പലപ്പോഴും ഭക്ഷണത്തിന്‍റെ പേരില്‍ രണ്ട് വിവാഹ സംഘങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവാണ്. പലപ്പോഴും അത് പപ്പടത്തിന്‍റെയും മറ്റും പേരാണെന്നതാണ് അതിലും രസകരം. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ ഒരു യുവതി വിവാഹ സത്ക്കാരത്തിനിടെ ഒരു കോഴിക്കാലെടുത്ത് തന്‍റെ ബാഗിൽ ഒളിപ്പിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി.
പേഴ്സിലേക്ക് കയറിയ കോഴിക്കാല്‍
'അച്ഛന്‍റെ പെണ്‍കുട്ടി എപ്പോഴും ഒരു പഴ്‌സ് കൊണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി, വീഡിയോ കാണുക, നിങ്ങൾക്ക് ഒരു ആവേശം തോന്നും.' എന്ന കുറിപ്പോടെ ഐജാസ് കൗസർ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു യുവതി ഭക്ഷണം കഴിച്ച ശേഷം തന്‍റെ പ്ലേറ്റില്‍ അവശേഷിച്ച ഒരു കോഴിക്കാൽ എടുത്ത് ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് തന്‍റെ ലക്ഷ്വറി പേഴ്സിലേക്ക് വയ്ക്കുന്നത് കാണാം. സാമാന്യം വലിയ കോഴിക്കാലായതിനാല്‍ അവര്‍ അല്പം പാടുപെട്ടാണ് അത് തന്‍റെ പേഴ്സിലേക്ക് കുത്തിക്കയറ്റിയത്. വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് മുകളില്‍ ആളുകൾ കണ്ടുകഴിഞ്ഞു.
മറുപടികൾ
സംഗതി സമൂഹ മാധ്യമ ഉപയോക്താക്കളെ രസം പിടിപ്പിച്ചു. നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായെത്തി. ചിലര്‍ അത് വളരെ നല്ലൊരു പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ചു. അതിനായി അവര്‍ നിരത്തിയ കാരണം, അവര്‍ കഴിച്ച് കഴിഞ്ഞതിനാൽ ആ കോഴിക്കാല് ഇനി വേസ്റ്റിലേക്ക് പോകും. എന്നാല്‍ അവര്‍ അത് വീട്ടിലേക്ക് എടുക്കാന്‍ തീരുമാനിച്ചതോടെ ആ കോഴിക്കാല് മറ്റൊരു വിശപ്പ് കുടി ഇല്ലാതാക്കുമെന്ന് ചിലര്‍ കണക്ക് കൂടി. മറ്റ് ചിലര്‍ അച്ഛന്‍റെ പെണ്‍മക്കളുടെ പേഴ്സുകളെ കുറിച്ച് പുകഴ്ത്തി. അവയില്‍ എന്തും കയറുമെന്നും അതൊരു പൊങ്ങച്ച സഞ്ചി എന്നതിലുപരി നിരവധി കാര്യങ്ങൾ ഒളിച്ചിരിക്കുന്ന ഒരു ലോകമാണെന്ന് നിരവധി പേരാണ് എഴുതിയത്. അതേ സമയം മറ്റ് ചിലര്‍ ആ സ്ത്രീയെ മോശമായി ചിത്രീകരിച്ചു.


