റെയില്‍വേ പാലത്തിന്‍റെ കൂറ്റന്‍ ബീമുകൾക്ക് മുകളിലൂടെ ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെ നീങ്ങുന്ന കുട്ടികൾ.
സാഹസീക ഇഷ്ടപ്പെടുന്നവരേറെയാണ്. എന്നാല്‍ ഇത് അല്പം കൂടിപ്പോയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്. സംഗതി എന്താണെന്നല്ലേ, വലിയൊരു പുഴയ്ക്ക് കുറുകെ നിർമ്മിച്ച കൂറ്റന്‍ റെൽവേ പാലത്തിന്‍റെ ഏറ്റവും മുകളിലെ ഇരുമ്പ് ബൂമുകളിലൂടെ കോളയും കുടിച്ച് നടക്കുന്ന രണ്ട് കൗമാരക്കാരുടെ വീഡിയോ കണ്ടായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ വീഡിയോകൾ ഇവര്‍ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
മുപ്പത്തി നാലായിരത്തിന് മേലെ ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ ഗ്രാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂട്ടുകാരനോടൊപ്പം പാലത്തിന് മുകളില്‍ ഒരു ക്യാമ്പിംഗ് എന്ന പേരിലാണ് മിക്ക വീഡിയോകളും പങ്കുവച്ചിട്ടുള്ളത്. ആൺകുട്ടികളിൽ ഒരാൾ ക്യാമറ പിടിച്ചിരുന്നു. മറ്റൊരു കുട്ടി ഇടുങ്ങിയ ബീമുകൾക്ക് മുകളിലൂടെ തലങ്ങും വിലങ്ങും യാതൊരു ഭയാശങ്കയുമില്ലാതെ നടക്കുന്നു. പിന്നാലെ ഇരുവരും കൈയില്‍ കരുതിയ എനർജി ഡ്രിങ്ക് കുടിക്കുന്നതും വീഡിയോയില്‍ കാണാം.
റെയില്‍വേ പാലത്തിന്‍റെ ഉയര്‍ന്ന ബീമുകൾക്കും പാലത്തിനും വളരെ താഴെയായി കലങ്ങി മറിഞ്ഞ് നദി ഒഴുകുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ ഒരു കുട്ടി പാലത്തിന്‍റെ ചരിഞ്ഞ കൈവരിയിലൂടെ താഴെക്ക് ഊര്‍ന്നിറങ്ങുന്നത് കാണിക്കുന്നു. മറ്റൊരു ക്ലിപ്പിൽ, കുട്ടി ഒരു ബീമിന്‍റെ അരികിൽ ഇരിക്കുന്നത് കാണാം. കാലുകൾ താഴേക്ക് തൂക്കിയിട്ട് വളരെ റിലാക്സായുള്ള ഇരിപ്പിൽ അവന്‍ കൈയിലെ എനർജി ഡ്രിങ്ക് കുടിച്ച് കൊണ്ടിരുന്നു. 'സുഹൃത്തുക്കളേ, ഞാൻ സുരക്ഷിതനാണെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു' വീഡിയോയുടെ അടിക്കുറിപ്പായി എഴുതി. പബ്ജി കളി ഏറ്റവും ഉയരത്തില്‍ എന്നായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. അവസാന ലക്ഷ്യസ്ഥാനമെന്നായിരുന്നു മറ്റൊരു കുറിപ്പ്.


