അതിവേഗത്തിൽ കുതിക്കുന്ന ബൈക്ക്, നിർത്താതെ ചുംബിച്ച് യുവതിയും യുവാവും, എന്തിനീ സാഹസമെന്ന് നെറ്റിസൺസ്
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അധികൃതർ യുവാവിനെതിരെ ട്രാഫിക് നിയമം ലംഘിച്ചതിന് നടപടി എടുക്കുകയും പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വാഹനങ്ങളും റോഡും യാത്ര ചെയ്യാനുള്ളതാണ് അല്ലേ? എന്നാൽ, ഇന്ന് പല വീഡിയോകളും കാണുമ്പോൾ നമുക്ക് രോഷം തോന്നാറുണ്ട്. സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും അപകടത്തിലാവും വിധമാണ് പലരും ഇന്ന് റോഡിലൂടെ സഞ്ചരിക്കുന്നത്. അത്തരത്തിലുള്ള അനവധി വീഡിയോകൾ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.
അതുപോലെ ആളുകളെ രോഷം കൊള്ളിച്ച് കൊണ്ട് പുതിയ ഒരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജയ്‍പൂരിൽ ബൈക്കിൽ പോകവേ ചുംബിക്കുന്ന ഒരു യുവാവും യുവതിയുമാണ് വീഡിയോയിൽ. യുവാവ് ബൈക്കോടിക്കുകയും പിന്നിലിരിക്കുന്ന യുവതി യുവാവിനെ ചുംബിക്കുകയും ചെയ്യുകയാണ്.
അങ്ങേയറ്റം അപകടകാരിയായ ദൃശ്യങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയെ ആകെത്തന്നെ ഇത് രോഷം കൊള്ളിച്ചു. അപകടം എന്നതിനെ കൂടുതൽ അപകടകരം എന്ന് പറയുന്നതിലേക്ക് എത്തിക്കുവാനെന്ന മട്ടിൽ ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാണുന്ന ആരേയും ഭയപ്പെടുത്തുന്നതാണ് ഈ രംഗം. യാത്രക്കാരിൽ ആരോ പകർത്തിയ രംഗമാണ് ആദ്യം പ്രാദേശികമായും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായും പ്രചരിക്കപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട വീഡിയോയിൽ ബൈക്ക് വളരെ അധികം വേഗത്തിലാണ് സഞ്ചരിക്കുന്നത്. യുവതി പിറകിൽ ഇരുന്ന് കൊണ്ട് യുവാവിനെ ചുംബിക്കുകയാണ്. തിരികെ യുവാവും ചുംബിക്കുന്നുണ്ട്. ഇരുവരും ഇത് തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അധികൃതർ യുവാവിനെതിരെ ട്രാഫിക് നിയമം ലംഘിച്ചതിന് നടപടി എടുക്കുകയും പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വണ്ടിയുടെ നമ്പർ നോക്കി ഉടമയോടാണ് പിഴയടക്കാൻ ആവശ്യപ്പെട്ടത് എന്ന് പൊലീസ് വിശദീകരിച്ചു.
നേരത്തെയും ഇതുപോലെയുള്ള അപകടകരമായ അനേകം പ്രവൃത്തികൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും നടപടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.