പരാതി കേൾക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഒരു ഉപഭോക്താവ് തന്‍റെ ഓല സ്കൂട്ടർ ഷോറൂമിന് മുന്നിലിട്ട് കത്തിച്ചു. കൂട്ടറിന്‍റെ സ്റ്റിയറിംഗ് പ്രശ്നം പരിഹരിക്കാത്തതിലുള്ള ദേഷ്യമാണ് ഇതിന് കാരണമായി പറയുന്നത്. .
ഗുജറാത്തിലെ പലന്‍പൂരിലെ ഓല ഷോറൂമിന്‍റെ പുറത്ത് എത്തിയ യുവാവ് തന്‍റെ ഓല സ്കൂട്ടർ കിടത്തിയിടുകയും പിന്നാലെ മണ്ണെണ്ണ ഒഴിച്ച് തീ കൊടുക്കുകയും ചെയ്തു. പെട്ടെന്ന് ഷോറൂമിന് മുന്നില്‍ ഒരാൾ തന്‍റെ വാഹനം കത്തിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പിന്നാലെ ഓലയുടെ സര്‍വ്വീസ് സെറ്ററുകൾക്കും കമ്പനിയുടെ ഗുണനിലവാരമില്ലായ്മയെയും കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ച.
വീഡിയോ
തെലുങ്കു സ്ക്രൈബ് എന്ന എക്സ് അക്കൗണ്ടിൽ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ, ഷോറൂമിന് മുന്നിലിട്ട് ഉപഭോക്താവ് ഓല വണ്ടിക്ക് തീയിട്ടു. സ്റ്റിയറിംഗും വീലും തമ്മിലുള്ള വാഹനത്തിന്‍റെ പ്രശ്നം പരിഹരിക്കാനുള്ള ഉപഭോക്താവിന്‍റെ പരാതി കേൾക്കാന്‍ കമ്പനി സ്റ്റാഫ് തയ്യാറാകാത്തതാണ് കാരണം. അദ്ദേഹം തന്‍റെ ഓല സ്കൂട്ടറില്‍ ഭാര്യയും കുഞ്ഞുമായി ഗുജറാത്തിലെ പാലന്‍പൂർ ഭാഗത്ത് കൂടി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു പ്രശ്നം സംഭവിച്ചത്.
തകരാല്‍ സംഭവിച്ചതിന് പിന്നാലെ അദ്ദേഹം വാഹനം കമ്പനിയുടെ ഷോറൂമിലെത്തിച്ച് പരാതിപ്പെട്ടു. പലതവണ പരാതിപ്പെട്ടെങ്കിലും കമ്പനി സ്റ്റാഫ് അദ്ദേഹത്തെ ചൊവിക്കൊള്ളാന്‍ തയ്യാറായില്ല. പിന്നാലെ ദേഷ്യം വന്ന ഉപഭോക്താവ് ഷോറൂമിന് മുന്നിലിട്ട് മണ്ണെണ്ണ ഒഴിച്ച് വാഹത്തിന് തീ കൊളുത്തുകയായിരുന്നു.
പ്രതികരണം
രണ്ട് ദിവസം കൊണ്ട് വീഡിയോ ഏതാണ്ട് എട്ടര ലക്ഷത്തിന് മുകളില്‍ പേരാണ് കണ്ടത്. നിരവധി പേര്‍ ഓല സര്‍വ്വീസ് സെന്‍ററുകൾക്കെതിരെ പരാതിയുമായി പിന്നാലെയെത്തി. ഇത് ആദ്യത്തെ സംഭവമല്ലെന്നും നിരവധി പേര്‍ കുറിച്ചു. കമ്പനി സ്റ്റാഫുകളുടെ പെരുമാറ്റവും വാഹനത്തിന്‍റെ സാങ്കേതിക പ്രശ്നങ്ങളെ കുറിച്ചും ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുമുള്ള ഉപഭോക്താക്കൾ പരാതി പറഞ്ഞു. തകരാറുള്ള സ്കൂട്ടറുമായി ഷോറൂമിലെത്തിയാല്‍ ഒരാൾ പോലും പരാതി കേൾക്കാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.


