ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങിയ സാധനങ്ങൾക്ക് പകരം ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങൾ തിരികെ നൽകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു ഡെലിവറി ഏജന്റ് ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഉപോഗിച്ച് നോക്കി ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിശ്ചിത ദിവസത്തിനുള്ളിൽ തിരികെ കൊടുക്കാമെന്ന് വാഗ്ദാനത്തോടെയാണ് പല ഓണ്‍ലൈന്‍ സൈറ്റുകളും സാധനങ്ങൾ കൈമാറുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കൈമാറ്റങ്ങളിൽ പലപ്പോഴും പഴയ സാധനങ്ങൾ കൊടുക്കുന്നുവെന്ന പരാതി ഉയരുകയാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍, തനിക്ക് ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളാണ് യുവതിയും വീട്ടുകാരും തന്നതെന്ന് ആരോപിച്ച് ഡെലിവറി ഏജന്റ് ചിത്രീകരിച്ച വീഡിയോ വൈറലായി.
ഉപയോഗിച്ചവയെന്ന് ആരോപണം
വീഡിയോയില്‍ ഡെലിവറി ഏജന്‍റ് യുവതിയും വീട്ടുകാരും ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളാണ് തിരികെ തന്നതെന്ന് ആരോപിച്ചു. പിന്നാലെ ഇയാൾ ബൈക്കിലിരുന്ന ഒരു കറുത്ത പാന്‍റും മണ്ണ് പറ്റിയ ഒരു വെളുത്ത ഷൂവും കാണിക്കുന്നു. അവ, ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളും ഷൂവുമാണെന്ന് യുവാവ് ആരോപിക്കുന്നു. പിന്നലെ യുവാവ് പാന്‍റും ഷര്‍ട്ടും യുവതിയുടെ വീട്ടിലേക്ക് തന്നെ എറിഞ്ഞ് കൊടുക്കുന്നു. മൂന്ന് പെണ്‍കുട്ടികളും ഒരു സ്ത്രീയും അവിടെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
നെറ്റിസെന്‍സിന്‍റെ പ്രതികരണം
വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് പക്ഷം തിരിഞ്ഞു. ചിലര്‍ യുവതികൾ ചെയ്തത് ശരിയായില്ലെന്ന് വാദിച്ചു. എന്നാൽ മറ്റ് ചിലര്‍ ഇത്തരം തട്ടിപ്പുകൾ വര്‍ദ്ധിക്കുകയാണെന്നും സാധനം വാങ്ങി ഒന്നോ രണ്ടോ തവണ ഉപയോഗിച്ച ശേഷം അവ കൊള്ളില്ലെന്ന് പറഞ്ഞ് തിരിച്ച് കൊടുക്കുന്നത് ഇപ്പോൾ ഒരു പതിവ് ശീലമായിക്കുന്നുവെന്നായിരുന്നു ഇത്തരക്കാരുടെ ആരോപണം. ആളുകളുടെ ഇത്തരം പ്രവര്‍ത്തികൾ കാരണം ഡെലിവറി ഏജന്‍റുകൾക്ക് വലിയ നഷ്ടം സഹിക്കേണ്ടിവരുന്നെന്ന് ചിലരെഴുതി. ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ സ്ഥിരമായിരിക്കുന്നെന്നായിരുന്നു മറ്റ് ചിലരുടെ പരാതി. ചില ആളുകൾ 'റിട്ടേൺ പോളിസി'യെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. പക്ഷേ ഡെലിവറി ചെയ്യുന്ന ആളോട് വിഷമം തോന്നുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.
