നട്ടുച്ചയ്ക്ക് തിരക്കേറിയ തെരുവില്‍ നായയെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച ഉടമയുടെ കാറിന് പിന്നാലെ ഓടുന്ന നായയുടെ വീഡിയോ കാഴ്ചക്കാരില്‍ വലിയ വേദനയാണ് സൃഷ്ടിച്ചത്. 

പേക്ഷിച്ച് കടന്നു കളഞ്ഞ ഉടമയുടെ കാറിന് പിന്നാലെ വളർത്ത് നായ പിന്തുടർന്ന് ഓടിയത് രണ്ട് കിലോമീറ്റർ ദൂരം. ഹരിയാനയിലെ ഫരീദാബാദിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഉടമയുടെ കാറിന് പിന്നാലെ ഓടുന്ന നായയുടെ ദൃശ്യങ്ങൾ സംഭവത്തിന് ദൃക്സാക്ഷിയായ നാട്ടുകാരിൽ ഒരാളാണ് പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഫരീദാബാദിലെ തിരക്കേറിയ റോഡിൽ നായയെ ഉപേക്ഷിച്ച് ഉടമ കാറിൽ മടങ്ങുന്നതിനിടയിലാണ് നായ കാറിനെ പിന്തുടർന്നത്. ഏറെ ഹൃദയഭേദകമായ രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.

"@TheViditsharma" എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ചാരനിറത്തിലുള്ള ഒരു കാറിന് പിന്നാലെയാണ് നായ ഓടുന്നത്. നായയുടെ ഉടമയുടേത് തന്നെയാണ് ആ കാറെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ക്യുആർജി ആശുപത്രിക്ക് സമീപത്തുള്ള തിരക്കേറിയ റോഡിൽ നട്ടുച്ചയ്ക്ക് നായയെ ഇറക്കി വിട്ടതിന് ശേഷം ഉടമ മടങ്ങി പോകാൻ ശ്രമിക്കുമ്പോഴാണ് നായ പിന്നാലെ കൂടിയത്. HR51 CF 2308 എന്നാണ് കാറിന്‍റെ രജിസ്ട്രേഷൻ നമ്പർ. നായ ദീർഘദൂരം പിന്നാലെ ഓടിയിട്ടും ഉടമ കാർ നിർത്തുകയോ അതിനെ ഒപ്പം കൂട്ടുകയോ ചെയ്യാതിരുന്നത് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കി.

Scroll to load tweet…

രണ്ടു കിലോമീറ്റർ ദൂരത്തോളമായി നായ പിന്തുടരുന്നുവെന്നും എന്നാൽ ഉടമ അല്പം പോലും മനസ്സാക്ഷി കാണിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നത് കേൾക്കാം. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ കുരച്ച് കൊണ്ട് തന്‍റെ ഉടമയെ പിന്തുടരുന്ന നായയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി. വീഡിയോ വൈറലായതോടെ സംഭവത്തിന് കാരണക്കാരനായ വാഹന ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും ആക്ടിവിസ്റ്റുകളും രംഗത്ത് എത്തി. കാർ ഓടിച്ചിരുന്ന വ്യക്തിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ സമൂഹ മാധ്യമങ്ങളുടെ പങ്കുവയ്ക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.