മദ്യപിച്ച് വാഹനം ഓടിച്ചയാൾ ബോധം വന്ന് നോക്കിയപ്പോൾ കാര്‍ വീടിന്‍റെ മതിലിന് മുകളിൽ. 

വാഹനങ്ങൾ കൊണ്ട് പലതരത്തിലുള്ള സാഹസിക പ്രവർത്തനങ്ങൾ നടത്തുന്നവരെ നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇത്തരത്തിൽ ഒന്ന് ആദ്യമാകും. സംഭവം വേറൊന്നുമല്ല, മദ്യപിച്ച് വാഹനമോടിച്ച ആൾ അബോധാവസ്ഥയിൽ വാഹനം ഓടിച്ചു കയറ്റിയത് വീടിൻറെ മതിലിന് മുകളിലേക്ക്. ഒടുവിൽ വാഹനം താഴെയിറക്കാൻ ക്രെയിൻ കൊണ്ടുവരേണ്ടിവന്നു. വ്യാഴാഴ്ച ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-ദുണ്ടിഗൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ച് സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് കണ്ടത് മതിലിന് മുകളിൽ ഇരിക്കുന്ന ടാറ്റ ആൾട്രോസ് വണ്ടിയാണ്. തുടർന്ന് ക്രെയിനിന്‍റെ സഹായത്തോടെ പോലീസുകാർ വാഹനം താഴെയിറക്കി. പരിസരവാസികൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ മതിലിന് മുകളിൽ ഇരിക്കുന്ന കാറും തുടർന്ന് ക്രെയിനിന്‍റെ സഹായത്തോടെ വാഹനം താഴെയിറക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാം. വാഹന ഉടമ തന്നെയാണ് ഓടിച്ചിരുന്നതെന്നും ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹന ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

Scroll to load tweet…

ഈ വർഷം ജൂണിൽ ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നും സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു മഹീന്ദ്ര സ്കോർപിയോ നിയന്ത്രണം വിട്ട് നിർമ്മാണത്തിലിരുന്ന ഒരു വീടിൻറെ മതിൽ ഇടിച്ചു തകർത്ത് ഒരു ഓട്ടോറിക്ഷയുടെ മുകളിലേക്ക് കയറുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവ സമയത്ത് ഓട്ടോറിക്ഷയിലും പരിസരപ്രദേശത്തും ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അമിത വേഗതയും അശ്രദ്ധയും മൂലം ഓരോ ദിവസവും നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.