മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട യുവാവ് തന്‍റെ ഓട്ടോ ഓടിച്ച് കയറ്റിയത് റെയില്‍വേ ട്രാക്കിലേക്ക്. ഇതിനിടെ സമീപത്തെ പാളത്തിലൂടെ ഒരു ട്രെയിന്‍ കടന്ന് പോയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

താനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹൈദരാബദില്‍ ഒരു യുവതി റീൽസ് ഷൂട്ട് ചെയ്യാന്‍വേണ്ടി റെയില്‍വേ ട്രാക്കിലേക്ക് കാറുമായി ഇറങ്ങിയത്. ഇതിന് പിന്നാലെ മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ ഓട്ടോറിക്ഷ ഓടിച്ച് യുവാവ് ഭീതി പടർത്തി. ബീഹാറിലെ സീതാമർഹിയിലെ മെഹ്‌സോൾ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവർ റെയിൽവേ ട്രാക്കിലൂടെ വാഹനം ഓടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മെഹ്‌സൗൾ റെയിൽവേ ക്രോസിംഗിന് സമീപത്ത് വെച്ചാണ് അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവർ ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിലേക്ക് കയറ്റിയത്. ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ പോകുന്നുണ്ടായിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വേഗത്തിൽ ഇടപെട്ട് ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റുകയുമായിരുന്നു.

Scroll to load tweet…

വൈറലായ വീഡിയോയിൽ ഒരു ഓട്ടോ റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്നതും അമിതമായി മദ്യപിച്ച ഓട്ടോറിക്ഷ ഡ്രൈവർ വാഹനത്തിന് ചുറ്റും നടക്കുന്നതും കാണാം. കൂടാതെ പ്രദേശവാസികളായ നിരവധി ആളുകൾ റെയിൽവേ ട്രാക്കിലും പരിസരപ്രദേശങ്ങളിലുമായി ചുറ്റും കൂടിനിൽക്കുന്നു. ഏതാനും പേർ ചേർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇതേസമയം തന്നെ തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ കടന്നുപോകുന്നതും കാണാം. തലനാരീഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

2016 ഏപ്രിൽ ഒന്ന് മുതൽ ബീഹാറിൽ സമ്പൂർണ മദ്യനിരോധനം നിലവിലുണ്ട്. സ്ത്രീകളുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇത് നടപ്പിലാക്കിയത്. എന്നാൽ, നിമയപരമായി മദ്യം വില്‍ക്കാന്‍ പാടില്ലെങ്കിലും സംസ്ഥാനത്ത് മദ്യത്തിന്‍റെയും മറ്റ് ലഹരി വസ്തുക്കളുടെയും നിയമവിരുദ്ധ വ്യാപാരവും ഉപഭോഗവും വ്യാപകമായി തുടരുകയാമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിയമവിരുദ്ധമായ മദ്യക്കടത്തും വിൽപ്പനയും ബീഹാറിൽ വലിയ തോതിൽ നടക്കുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.