വെള്ളം കുടിക്കാനായി അമ്മയോടൊപ്പം അരുവിയിലേക്ക് ഇറങ്ങാന്‍ നേരമാണ് തന്‍റെ കെയർടേക്കര്‍ അല്പം മാറി ഇരിക്കുന്നത് അവന്‍ കണ്ടത്. പിന്നൊന്നും നോക്കിയില്ല. ഓടി കെയർടേക്കറുടെ അടുത്തെത്തി.
കഴിഞ്ഞ ദിവസം മഴ നനയാതെ ഒരു സ്ത്രീയെ ആനകൾ സംരക്ഷിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് ആനയുടെ ബുദ്ധിവൈഭവത്തെയും വൈകാരിക അടുപ്പത്തെയും കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. ഇപ്പോഴിതാ മറ്റൊരു രസകരമായ വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയാണ്. ഈ വീഡിയോയിലേ ഹീറോ ഒരു കുട്ടിയാനയാണ്. തന്‍റെ കെയർടേക്കറുമായി അവൻ നടത്തുന്ന രസകരമായ കുസൃതിത്തരങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കുന്നത് പോലെ തന്നെ ആനക്കുട്ടിയുടെ വികൃതിത്തരങ്ങൾ കെയർടേക്കറായ യുവാവ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
wildlife.report ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയോടൊപ്പം പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോകുന്നതിനിടയിലാണ് കുട്ടിയാന തന്‍റെ പ്രിയപ്പെട്ട കെയർടേക്കർ അവിടെ ഇരിക്കുന്നത് കാണുന്നത്. ഉടൻതന്നെ ആനക്കുട്ടി അയാൾക്ക് അരികിലേക്ക് ഓടിയെത്തുന്നു. തുടർന്ന് അയാളെ തള്ളിയിട്ടും കെട്ടിപ്പിടിച്ചും ദേഹത്ത് കയറിയുമൊക്കെ അവന്‍ തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നു. അൽപ്പനേരത്തെ ഗുസ്തി പിടുത്തത്തിന് ശേഷം കുട്ടിയാന അമ്മയ്ക്കരികിലേക്ക് ഓടുന്ന ഹൃദയസ്പർശിയായ രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.
കാഴ്ചക്കാരുടെ മുഖത്ത് ചിരി പടർത്തുന്ന ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ വീഡിയോ എവിടെ നിന്ന് ഇപ്പോൾ ചിത്രീകരിച്ചിട്ടുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആനകളും മനുഷ്യരും തമ്മിലുള്ള വൈകാരിക അടുപ്പം കാണിച്ചുതരുന്നതാണ്. ഏറെ വൈകാരികമായ കാഴ്ചയാണ് വീഡിയോയിലുള്ളതെന്നും ആനയും അതിന്‍റെ കെയർടേക്കറും തമ്മിലുള്ള വിശ്വാസവും അടുപ്പവും എത്ര മനോഹരമാണെന്നും വീഡിയോ കാണിച്ചു തരുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. ആനകൾ ശരിക്കും അത്ഭുത ജീവികളാണെന്നും മനുഷ്യരുമായി വൈകാരിക അടുപ്പം ഇത്രമാത്രം സൂക്ഷിക്കാൻ സാധിക്കുന്ന മറ്റ് ജീവികൾ ഇല്ലെന്നും മറ്റ് ചിലരും അഭിപ്രായപ്പെട്ടു.