വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ സച്ചിന്‍ റായിയുെ വീഡിയോയും കുറിപ്പും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയത്തിലായിരുന്നു പതിച്ചത്.
രാജസ്ഥാനിലെ രന്തംബോർ ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉള്ളമുലച്ചു. സച്ചിന്‍ റായി എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പങ്കുവച്ചതായിരുന്നു വീഡിയോ. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ ഇങ്ങനെ എഴുതി, 'ഒരു ഇതിഹാസത്തിന്‍റെ അവസാന യാത്ര. രന്തംബോറിലെ അരോഹെഡ് കടുവ'. ഏറെ ദയനീയനായ ഭക്ഷണമോ വെള്ളമോ കിട്ടാതെ എല്ലും തോലുമായ ഒരു കടുവ, തലയുയര്‍ത്താതെ ഭൂമിയിലേക്ക് മാത്രം നോക്കിക്കൊണ്ട് വിശാലമായ ഒരു തടാകത്തിന് സമീപത്ത് കൂടി വളരെ പതുക്കെ നടന്ന് നീങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
അരോഹെഡ് (T-84) വളര്‍ഷങ്ങളോളം നിയന്ത്രിച്ചിരുന്ന പദം തലബ് പ്രദേശത്ത് ജൂണ്‍ 17 ന് വൈകുന്നേരം താന്‍ കണ്ട കാഴ്ചയെ കുറിച്ച് വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. 'അവളുടെ പോരാട്ടം കണ്ട് നില്‍ക്കുകയെന്നത് ഹൃദയഭേദകമായിരുന്നു. ഏറെ പ്രയാസപ്പെട്ട് എഴുനേറ്റ് മൂന്നാല് അടിവയ്ക്കും. പിന്നെയും താഴെ വീഴും.' സച്ചിന്‍ റായി എഴുതി. 'ഒരു പത്ത് അടി നടക്കുകയെന്നാല്‍ വലിയൊരു പ്രയത്നമായിരുന്നു. അവസാനം അവളൊരു മരത്തിന് അടിയിലെത്തി അവിടെ കിടന്നു. നിശബ്ദമായ കുറച്ച് നിമിഷങ്ങൾ, അവളുടെ അവസാനം അടുത്തെന്ന് ഞാനെന്‍റെ ഹൃദയത്തിലറിഞ്ഞു. ഒന്നോ രണ്ടോ ദിവസം മാത്രം.'
അരോഹെഡ് എങ്ങനെയാണ് പദം തലബ് പ്രദേശം അടക്കി വാണതെന്ന് അവളുടെ ചെറുപ്പകാലം മുതൽ അവളെ പിന്തുടരുന്ന സച്ചിന്‍ എഴുതി. അമ്മയുടെ മരണ ശേഷം പദം തലബിന്‍റെ യഥാര്‍ത്ഥ അവകാശി താനാണെന്ന് അരോഹെഡ് തെളിയിച്ചു. പിന്നെ പല ബന്ധങ്ങളിലായി നാല് കുട്ടികൾ. അതില്‍ മൂന്നെണ്ണവും മരിച്ചു. ഏറ്റവും ഒടുവിലത്തെ മകൾ T20 എന്ന കടുവയിലുണ്ടായതാണ്. അവളാണ് ഇപ്പോൾ അരോഹെഡ്ഡിന്‍റെ സ്ഥാനത്ത് കാട് ഭരിക്കുന്നത്. പലപ്പോഴും അവൾക്കും മക്കൾക്കും അസുഖമുണ്ടായപ്പോഴൊക്കെ ഞങ്ങൾ അവള്‍ക്ക് മരുന്നും ശുശ്രൂഷയും നല്‍കി ചികിത്സിച്ചു. ഒടുവില്‍ 11 -മത്തെ വയസില്‍ ജൂണ്‍ 19 ന് അവൾ വിട പറഞ്ഞു. പക്ഷേ, ഒന്നുറപ്പുണ്ട്. അരോഹെഡ് തനിക്ക് പിന്നില്‍ ഒരു വലിയ പാരമ്പര്യം അവസാനിപ്പിച്ചാണ് പോകുന്നത്. വന്യസൗന്ദര്യത്തിന്‍റെ പ്രതീകമാണ് അവൾ. ക്ഷമയില്‍ പാകപ്പെടുത്തിയ അധികാരം. ഒറ്റയ്ക്കുള്ള അതിജീവനം രന്തംബോർ ഒരിക്കലും അവളെ മറക്കില്ല. അദ്ദേഹം ഏറെ വൈകാരികമായി കുറിച്ചു. 43 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
അരോഹെഡ്ഡിന്‍റെ നിരവധി അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നതായി മൃതദേഹ പരിശോധനയില്‍ തെളിഞ്ഞു. അതേസമയം അരോഹെഡ്ഡിന്‍റെ നാലാമത്തെ മകൾ കങ്കാട്ടി (T2507), കഴിഞ്ഞ ഏപ്രിലിൽ ഒരു ഏഴ് വയസുകാരനെ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കങ്കാട്ടിയെ മുകുന്ദ്രാ ഹിൽസ് ടൈഗർ റസർവിലേക്ക് മാറ്റി മണിക്കൂറുകൾക്കുള്ളില്‍ അരോഹെഡ് മരിച്ചെന്ന് ആര്‍ടിആര്‍ ഫീൽഡ് ഡയറക്ടറ്‍ അനൂപ് കെ ആര്‍ പറഞ്ഞു. 'രന്തംബോറിന്‍റെ റാണി', 'മുതല വേട്ടക്കാരി' തുടങ്ങിയ വിശേഷണങ്ങളോടെയാണ് അരോഹെഡ് വിടവാങ്ങിയത്. അരോഹെഡ്ഡിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിരോചിതമായ അന്തിമോപചാരങ്ങളോടെ വിട നല്‍കി.


