തന്‍റെ കൂട്ടില്‍ വീണ കുഞ്ഞിനെ കൈകളിലെടുത്ത് അമ്മയ്ക്ക് കൈമാറുന്ന ഗറില്ലയുടെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
മൃഗശാല സന്ദര്‍ശന വേളകളില്‍ മനുഷ്യര്‍ മൃഗങ്ങളുടെ കൂടുകളിലേക്ക് അബദ്ധത്തിലും ചിലപ്പോഴൊക്കെ ബോധത്തിലും ചെന്ന് പെടുന്നത് അപൂര്‍വ്വമല്ല. ലോകമെമ്പാടു നിന്നും ഇത്തരത്തിലുള്ള നിലവധി വാര്‍ത്തകൾ ഇതിന് മുമ്പും വന്നിട്ടുണ്ട്. എന്നാല്‍, അത്തരം അപകടങ്ങളില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടവര്‍ അപൂര്‍വ്വമാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ പക്ഷേ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു ഗറില്ലയുടെ കൂട്ടിലേക്ക് വീണ് പോയ കുട്ടിയെ ഗറില്ല എടുത്ത് കുട്ടിയുടെ അമ്മയ്ക്ക് കൈമാറുന്ന ദൃശ്യങ്ങളായിരുന്നു അത്.
Tyrese എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതെങ്ങനെ സംഭവിക്കുന്നു. കുട്ടികൾ എങ്ങനെയാണ് കൂട്ടിലെത്തിയത്? എന്ന് ചോദിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്. ഒരു ഗറില്ല തന്‍റെ കൂട്ടില്‍ വീണ കുട്ടിയുടെ അടുത്തേക്ക് നടന്ന് വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം ഒരു സ്ത്രീ കൂടിന് വെളിയില്‍ നില്‍ക്കുന്നതും കാണാം. സാവധാനത്തില്‍ നടന്ന് വന്ന ഗറില്ല. കുട്ടിയെ തന്‍റെ കൈകളില്‍ കോരിയെടുത്ത് കൂട്ടിന് പുറത്ത് നില്‍ക്കുന്ന സ്ത്രീയുടെ കൈയിലേക്ക് വച്ച് കൊടുക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
വീഡിയോയില്‍ യുഎസിലെ ഏറ്റവും വലിയ മൃഗശാലയായ ബ്രോക്സ് മൃഗശാലയിലാണ് സംഭവമെന്ന് പറയുന്നത് കേൾക്കാം. എന്നാല്‍, ബ്രോക്സ് മൃഗശാലയില്‍ നിന്നും ഔദ്ധ്യോഗികമായി അത്തരമൊരു വാര്‍ത്ത പുറത്ത് വന്നിട്ടില്ല. എങ്കിലും ഒറ്റ ദിവസം കൊണ്ട് വീഡിയോ 68 ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് രണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോ എഐ നിർമ്മിതമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

1996 ല്‍ ചിക്കാഗോ മൃഗശാലയിലും 2016 ല്‍ സിന്‍സിനിയാറ്റി മൃഗശാലയിലെയും ഗറില്ലാ കൂടുകളിലേക്ക് കുട്ടികൾ വീണിരുന്നു. ചിക്കാഗോ മൃഗശാലയിലെ 24 അടി താഴ്ചയുള്ള കൂടിലേക്ക് വീണ 3 വയസുകാരി തത്ക്ഷണം മരിച്ചപ്പോൾ സിന്‍സിനിയാറ്റി മൃഗശാലയിലെ കൂട്ടിലേക്ക് വീണ എട്ട് വയസുകാരനെ രക്ഷപ്പെടുത്താന്‍ മൃഗശാല അധികൃതര്‍ക്ക് ബിന്‍റി ജുവ എന്ന ആണ്‍ ഗൊറില്ലയെ വെടിവച്ച് കൊല്ലേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
