ഗുജറാത്ത് ഹൈക്കോടതി നടപടികൾ വെർച്വലായി നടക്കുന്നതിനിടെ  മുതിർന്ന അഭിഭാഷകന്‍ സൂം കോളിൽ ബിയർ കപ്പ് നുണഞ്ഞ് ഇരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഗുജറാത്തില്‍ നടന്ന ഒരു ഓണ്‍ലൈന്‍ കോടതിക്കിടെ അഭിഭാഷകന്‍ ബിയര്‍ കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജൂൺ 25 ന് ജസ്റ്റിസ് സന്ദീപ് ഭട്ട് കോടതി നടപടകൾ നിയന്ത്രിക്കുന്നതിനിടെയാണ് മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ ടന്ന ഒരു ബിയർ ഗ്ലാസെടുത്ത് ചുണ്ടോടടുപ്പിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി ഞെട്ടിൽ രേഖപ്പെടുത്തി. അഭിഭാഷകന്‍റെ പ്രകടനപരമായ അതിക്രമത്തോടെയുള്ള പെരുമാറ്റത്തിന് സ്വമേധയാ കോടതിയലക്ഷ്യ നടപടിക്ക് കേസെടുത്തു.

ഭാസ്‌കർ ടന്നയുടെ പെരുമാറ്റം കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ സീനിയർ അഭിഭാഷക പദവി പിൻവലിക്കണമെന്ന് ജസ്റ്റിസ് എ.എസ്. സുപേഹിയ, ജസ്റ്റിസ് ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു. സൂം കോളിലൂടെ കോടതി നടപടികൾ കാണിക്കുന്ന ക്ലിപ്പിൽ, മൂന്ന് വീഡിയോകളാണ് ഉണ്ടായിരുന്നത്. ഒന്ന് ജസ്റ്റിസ് ഭട്ടിനെയും മറ്റ് രണ്ടെണ്ണം കേസിലെ അഭിഭാഷകരെയും കാണിച്ചു. മൂന്നാമത്തേത് കോടതി നടപടിക്രമങ്ങൾക്കായി വെർച്വലായി ഹാജരായ ഭാസ്കര്‍ ടന്നയുടെതായിരുന്നു. ഇദ്ദേഹം കോടതി നടപടിക്കിടെ പലതവണ ബിയര്‍ ഗ്ലാസ് നുണയുന്നത് കാണാമായിരുന്നു.

Scroll to load tweet…

ജൂൺ 25 ന് നടന്ന കോടതി നടപടികളാണെങ്കിലും വീഡിയോ ജൂലൈ ഒന്നാം തിയതിയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. 'സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഹൈക്കോടതി നടപടികളുടെ ഒരു വീഡിയോ ക്ലിപ്പ്, വാദം കേൾക്കുമ്പോൾ ഫോണിൽ സംസാരിക്കുകയും ബിയർ മഗ്ഗിൽ മദ്യപിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെ നിന്ദ്യമായ പെരുമാറ്റം കാണിക്കുന്നു,' എന്ന് ജസ്റ്റിസ് സുപേഹിയ പറഞ്ഞു. ഇത് സംബന്ധിച്ച് അഡ്വ. ഭാസ്കര്‍ ടന്നയ്ക്ക് നോട്ടിസയക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോട് നിർദ്ദേശിക്കുകയും കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തു.

 'ടന്നയുടെ പെരുമാറ്റം കോടതി അദ്ദേഹത്തിന് നൽകിയ മുതിർന്ന അഭിഭാഷകന്‍റെ പ്രത്യേകാവകാശത്തെ ലംഘിക്കുന്നു. ഞങ്ങളുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്‍റെ പദവി പിൻവലിക്കണം, എങ്കിലും അക്കാര്യം പിന്നീട് തീരുമാനിക്കും' ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കഴഞ്ഞ ആഴ്ച ടോയ്‍ലെറ്റ് സീറ്റില്‍ ഇരുന്ന് ഗുജറാത്ത് ഹൈക്കോടതി നടപടിക്രമങ്ങളില്‍ ഒരാൾ പങ്കെടുത്ത വീഡിയോയും വിവാദമായിരുന്നു. വീട്ടിലെ ടോയ്‍ലറ്റ് സീറ്റിലിരുന്നായിരുന്നു ഇയാൾ വെർച്വൽ കോടതി നടപടികളില്‍ ഹാജരായത്. ഇതിന് പിന്നാലെയാണ് അഡ്വ. ഭാസ്കര്‍ ടന്നയുടെ ബിയര്‍ കുടി.