പ്രകോപമൊന്നുമില്ലാതെ മുന്നിലിരുന്ന സഹയാത്രക്കാരനെ കളിയാക്കികൊണ്ട് തുടങ്ങിയതായിരുന്നു. പിന്നീട് അതൊരു പൊരിഞ്ഞ തല്ലിലേക്ക് വഴി മാറി.
ഇപ്പോൾ വിമാനയാത്രകൾ ചെറിയ ആശങ്കയിലാണുള്ളത്. അടുത്തിടെ അടിക്കടിയുണ്ടായ ബോയിംഗ് വിമാനങ്ങളുടെ അപകടം ഈ ആശങ്ക ഉയര്‍ത്തുകയാണ് ചെയ്തത്. അതിനിടെയിലാണ് നിസാര കാര്യത്തിന് യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും വഴക്കുകകളും അതോടനുബന്ധിച്ച് വിമാനം വൈകലും. അത്തരമൊരു സംഭവത്തില്‍ 30,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ഫ്രോണ്ടിയർ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ വച്ച് സഹയാത്രക്കാരനെ പ്രകോപനമൊന്നുമില്ലാതെ അക്രമിച്ച 21കാരനായ ഇന്ത്യന്‍ വംശജനെ മിയാമി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വീഡിയോയില്‍ ആളുകൾ വിമാനത്തില്‍ ഇരിക്കുമ്പോൾ രണ്ട് പേര്‍ തങ്ങളുടെ സീറ്റില്‍ കയറി നിന്ന് പരസ്പരം അടികൂടുന്നത്. കാണാം. മറ്റുള്ളവര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും വലിയ വാശിയിലാണ് പരസ്പരം പോരടിക്കുന്നത്. ഇതിനിടെ ഒരാൾ മറ്റേയാളെ വിമാനത്തിന്‍റെ തറയിലേക്ക് എടുത്തുയർത്തി ഇടുന്നതും കാണാം. യാത്രക്കാര്‍ തമ്മിലുള്ള ഈ സംഘര്‍ഷം നടന്നത് വിമാനം 30,000 അടി ആകാശത്ത് കൂടി പറക്കുമ്പോഴായിരുന്നു. വിമാനം മിയാമി എയര്‍പോര്‍ട്ടില്‍ ലാന്‍റ് ചെയ്തതിന് പിന്നാലെ പോലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.
റിപ്പോര്‍ട്ടുകൾ അനുസരിച്ച ഇഷാന്‍ ശര്‍മ്മ എന്ന 21- കാരനാണ് തന്‍റെ സഹായാത്രിക്കാരന് നേരെ അക്രമണം അഴിച്ച് വിട്ടത്. ഇയാൾ സഹയാത്രക്കാരനെ നിരന്തരം കളിയാക്കുകയായിരുന്നു. ഇതിനിടെ സഹയാത്രക്കാരന്‍ ബാത്ത് റൂമില്‍ പോയി തിരിച്ചെത്തിയപ്പോഴും പരിഹാസം തുടര്‍ന്നു. പിന്നാലെയാണ് ഇരുവരുടം തമ്മില്‍ അടിതുടങ്ങിയത്. ഇഷാന്‍ ശര്‍മ്മയ്ക്ക് 5,000 ഡോളര്‍ (4,26 ലക്ഷം രൂപ) പിഴ വിധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


