ദസ്റ ആഘോഷത്തിനിടെ രാംലീല മൈതാനത്തേക്ക് പോകാൻ റാപ്പിഡോ ബുക്ക് ചെയ്യുന്ന ഹനുമാൻ വേഷധാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഗദയുമായി ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്ന ഹനുമാൻറെ ദൃശ്യം രസകരമായ പ്രതികരണങ്ങളാണ് ഉയർന്നത്.
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ദസ്റ. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയദശമിയായും പ്രാദേശിക രാജാക്കന്മാരുടെ യുദ്ധവിജയമായും ഈ സമയം ആഘോഷിക്കുമ്പോൾ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ രാവണ നിഗ്രഹ ശേഷമുള്ള രാമന്‍റെ വിജയമായാണ് ദസ്റയെ ആഘോഷിക്കുന്നത്. ദസ്റ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രസകരമായ നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അതിലൊന്ന് റാപ്പിഡോ ബുക്ക് ചെയ്ത് രാംലീല മൈതാനത്തേക്ക് പോകുന്ന ഹനുമാന്‍റെ വീഡീയോയാണ്.
ഗദ കാണിച്ച് ഹനുമാന്‍
സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ റോഡില്‍ ഗദയും പിടിച്ച് ആരെയോ കാത്ത് നില്‍ക്കുന്ന ഹനുമാനെ കാണാം. അല്പ സമയത്തിന് ശേഷം ഒരു സ്കൂട്ടി അദ്ദേഹത്തിന് മുന്നില്‍ വന്ന് നില്‍ക്കുന്നു. പിന്നാലെ ഹനുമാന്‍ വേഷധാരി തന്‍റെ മൊബൈലില്‍ നോക്കി, താന്‍ ബുക്ക് ചെയ്ത റാപ്പിഡോ തന്നെയാണോയെന്ന് ഒടിപി നോക്കി ഉറപ്പ് വരുത്തുന്നതും കാണാം. പിന്നാലെ റാപ്പിഡോയുടെ പിന്നില്‍ കയറി അദ്ദേഹം തനിക്ക് പോകേണ്ട ദിക്കിലേക്ക് ഗദ ചൂണ്ടിക്കാണിക്കുകയും റോപ്പിഡോ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സമൂഹ മാധ്യമ പ്രതികരണം
രാമായണത്തിലെ രാമഭക്തനായ ഹനുമാന്‍ അമാനുഷിക ശക്തിയുള്ള അസാധാരണ വ്യക്തിയാണ്. അദ്ദേഹം ലക്ഷ്മണന്‍റെ ജീവന്‍ രക്ഷിക്കാനായി ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന സഞ്ജീവനി എന്ന ദിവ്യൗഷധം കൊണ്ടുവരാനായി ദ്രോണഗിരി പർവ്വതം തന്നെ ചുമന്ന് ശ്രീലങ്കയിൽ എത്തിച്ച അമാനുഷീകനാണ്. എന്നാല്‍ പുതിയ കാലത്ത് അദ്ദേഹം രാംലീല മൈതാനത്തേക്ക് പോകാന്‍ റാപ്പിഡോ ബുക്ക് ചെയ്ത് നില്‍ക്കുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ രസകരമായ കുറിപ്പുമായി രംഗത്തെത്തി. രാമലീലയ്ക്ക് വേണ്ടി ഹനുമാൻ ജി വൈകും. പക്ഷേ, വേഗത്തിൽ എത്താൻ അദ്ദേഹം റാപ്പിഡോ ബുക്ക് ചെയ്യുമെന്നായിരുന്നു ഒരു കുറിപ്പ്. അദ്ദേഹം വഴി കാണിക്കുന്നത് വരെ എല്ലാം ശരിയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരാൾ ഇരുവരുടെയും സംഭാഷണം കുറിച്ചു, റാപ്പിഡോ ഡ്രൈവര്‍: 'ഒടിപി പറയൂ'. ഹനുമാന്‍ജി: 'ജയ് ശ്രീറാം, ഇനി നമുക്ക് ഇപ്പോൾ പോകാം'. അദ്ദേഹം വായു പുത്രനാണ് പക്ഷേ, ഇപ്പോൾ കാലാവസ്ഥയില്‍ അമിതമായ ഈര്‍പ്പം ഉള്ളതിനാല്‍ അദ്ദേഹത്തിന് പറക്കാന്‍ കഴിയില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ മറുപടി. അതേ സമയം ഇത് പഴയകാലമല്ലെന്നും അദ്ദേഹത്തിന് പ്രായമേറെയായെന്നുമുള്ള കുറിപ്പുകളും നിരവധി പേരെഴുതി.


