ഒരു ദിവസം തന്നെ നാലും അഞ്ചും വിമാനങ്ങളില്‍ ജോലി ചെയ്യേണ്ടിവരിക. ഒന്ന് ഇരിക്കണമെന്ന് കരുതിയാൽ പോലും ചിരിച്ച് കൊണ്ട് മാത്രം നില്‍ക്കേണ്ടിവരിക….. എയർഹോസ്റ്റസുകളുടെ ജീവിതം വെളിപ്പെടുത്തി യുവതി. 

പുറമേ നിന്ന് നോക്കുമ്പോൾ, എപ്പോഴും വിമാനയാത്ര, നിരവധി രാജ്യങ്ങളില്‍ പോകാം, എപ്പോഴും ചിരിച്ച് കൊണ്ട് നില്‍ക്കുന്ന മുഖമുള്ള എയർഹോസ്റ്റസുമാർ, സുഖ ജീവിതം എന്ന് തോന്നുമെങ്കിലും തങ്ങൾ ഉള്ളില്‍ കരയുകുയാണെന്ന് വെളിപ്പെടുത്തിയ ഒരു ക്യാബിന്‍ ക്രൂവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇൻഡിഗോ ക്യാബിൻ ക്രൂ അംഗമായ ഗുഞ്ചൻ ബർമനാണ് തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തി വീഡിയോ പങ്കുവച്ചത്.

'ആളുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാത്ത ക്യാബിൻ ക്രൂ ജീവിതത്തിന്‍റെ യാഥാർത്ഥ്യം' എന്ന കുറിപ്പോടെയാണ് എയർലൈൻ യൂണിഫോമിലെത്തുന്ന ഗുഞ്ചൻ ബർമൻ വീഡിയോയിൽ എത്തുന്നത്. പിന്നാലെ ഗുഞ്ചൻ തങ്ങളുടെ ജോലിയിലെ പ്രയാസങ്ങൾ എണ്ണമിട്ട് അടിക്കുറിപ്പായി വിശദീകരിക്കുന്നു. എയർഹോസ്റ്റസ് ജോലിയുടെ യാഥാർത്ഥ്യം പറയുന്ന 10 കാര്യങ്ങളെ കുറിച്ചാണ് ഗുഞ്ചന്‍ വിവരിച്ചത്. ഒരു വിമാനത്തിൽ 200-ലധികം യാത്രക്കാരെ കൈകാര്യം ചെയ്യുക, ഒരു ദിവസം നാല് വിമാനങ്ങൾ വരെ കൈകാര്യം ചെയ്യുക, ചിലപ്പോൾ വഴിതിരിച്ചുവിടൽ സംഭവിച്ചാൽ അഞ്ച് വിമാനങ്ങൾ പോലും കൈകാര്യം ചെയ്യേണ്ടിവരിക തുടങ്ങിയ വെല്ലുവിളികൾ ഗുഞ്ചൻ അക്കമിട്ട് എഴുതി.

View post on Instagram

ലേഓവറുകൾ വളരെ അപൂർവമായി മാത്രമേ ഗ്ലാമറസാകൂവെന്നും, അവസാന നിമിഷം റോസ്റ്ററുകൾ മാറാറുണ്ടെന്നും, ജന്മദിനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പ്രധാന അവസരങ്ങൾ പലപ്പോഴും നഷ്ടമാകുമെന്നും ഗു‌ഞ്ചൻ വിശദീകരിക്കുന്നു. ഒരു മെഡിക്കൽ ലീവ് എടുക്കുന്നതിന് തന്നെ ഒന്നിലധികം തലങ്ങളിലുള്ള പരിശോധന ആവശ്യമാണെന്നും അവര്‍ പറയുന്നു. ഇത്രയും പ്രശ്നങ്ങളിലൂടെ കടന്ന് പോകുമ്പോൾ നമ്മുടെ ശരീരം ഒന്ന് വിശ്രമിക്കാനായി വല്ലാതെ ആഗ്രഹിക്കും പക്ഷേ, അപ്പോഴും ഞങ്ങൾ പുഞ്ചിരിയോടെ ജോലിയിലായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ വൈറലായതിന് പിന്നാലെ വളരെ സത്യസന്ധമായ വിവരണമെന്ന് നിരവധി പേര്‍ എഴുതി. ഇത്രയും ത്യാഗം സഹിച്ചിട്ടും ആകാശത്തിലെ വീരന്മാര്‍ എപ്പോഴും തിളങ്ങുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിരവധി പേര്‍ ഗുഞ്ചനെ അഭിനന്ദിച്ചു. യാത്രക്കാരുടെ സുരക്ഷയും സുഖവും നോക്കുന്ന ക്യാബിന്‍ ക്രൂ അനുഭവിക്കുന്ന പ്രയാസങ്ങൾ പക്ഷേ, പലപ്പോഴും യാത്രക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് മറ്റ് ചിലരെഴുതി.