ആ സമയത്ത് ചുറ്റും കൂടി നിൽക്കുന്നവരെല്ലാം ഞെട്ടലോടെ അധ്യാപികയെ നോക്കുന്നത് കാണാം. യുവാവ് ബഹുമാനക്കുറവ് കാണിച്ചു എന്നാണ് അധ്യാപിക ആരോപിക്കുന്നത്.
ഒരു സ്കൂൾ അധ്യാപികയും യുവാവും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുട്ടികൾ സ്കൂളിൽ കയറാതെ കറങ്ങി നടക്കുന്നതെന്താണ് എന്ന് അന്വേഷിച്ച മാധ്യമപ്രവർത്തകനായ യുവാവിനെ ചെരിപ്പൂരി അടിക്കാനോങ്ങുകയാണ് അധ്യാപിക. മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഹിനോതി അസം ഗ്രാമത്തിലെ ഷാസ്കിയ പ്രൈമറി സ്കൂളിലെ അധ്യാപികയും മാധ്യമപ്രവർത്തകനും തമ്മിലാണ് തർക്കം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുട്ടികൾ ക്ലാസിൽ കയറാതെ പുറത്ത് ചുറ്റിനടക്കുന്നത് കണ്ടപ്പോഴാണ് അധ്യാപികയോട് യുവാവ് കാര്യങ്ങൾ ചോദിക്കുന്നത്. എന്നാൽ, ഇത് അധ്യാപികയെ ദേഷ്യം കൊള്ളിക്കുകയായിരുന്നു.
വീഡിയോയിൽ കുട്ടികൾ ക്ലാസിൽ കയറുന്നതിന് പകരം പുറത്ത് കളിച്ചുനടക്കുന്നത് കാണാമായിരുന്നു. 'ഈ കുട്ടികൾ സ്കൂളിന് പുറത്ത് കറങ്ങിനടക്കുന്നത് നോക്കൂ' എന്ന് മാധ്യമപ്രവർത്തകനായ യുവാവ് പറയുന്നുണ്ട്. പിന്നാലെയാണ് ഇക്കാര്യം അധ്യാപികയോട് ചോദിക്കുന്നതും. 'ഞാൻ നിന്നോട് എന്തെങ്കിലും അസംബന്ധം പറയാൻ വന്നോ' എന്നാണ് അധ്യാപിക തിരിച്ചു ചോദിക്കുന്നത്. പിന്നാലെ 'ചെരിപ്പൂരി തല്ലുകിട്ടും' എന്നും പറയുന്നുണ്ട്. അത് പറയുക മാത്രമല്ല, അവർ യുവാവിനെ തല്ലാൻ ചെല്ലുന്നതും വീഡിയോയിൽ കാണാം.
ആ സമയത്ത് ചുറ്റും കൂടി നിൽക്കുന്നവരെല്ലാം ഞെട്ടലോടെ അധ്യാപികയെ നോക്കുന്നത് കാണാം. യുവാവ് ബഹുമാനക്കുറവ് കാണിച്ചു എന്നാണ് അധ്യാപിക ആരോപിക്കുന്നത്. എന്നാൽ, താനൊരു ബഹുമാനക്കുറവും കാണിച്ചിട്ടില്ല, തന്നെ തൊടരുത് എന്നും സംഭവങ്ങളെല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നുമാണ് യുവാവിന്റെ മറുപടി. പിന്നീട് യുവാവ് നാട്ടുകാരോടും താൻ എന്തെങ്കിലും ബഹുമാനക്കുറവ് കാണിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്നാണ് അവർ പറയുന്നത്. അധ്യാപികയുടെ ഭാഗത്താണ് പ്രശ്നം എന്നാണ് അവരുടെ നിലപാട്. നിരവധിപ്പേരാണ് അധ്യാപികയെ വിമർശിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.


