കൊറിയക്കാരന്‍റെ ക്യൂട്ട്നെസ് നെറ്റിസണ്‍സിന് ഏറെ ഇഷ്ടമായി. എന്നാല്‍, കൃഷ്ണനെക്കാൾ അദ്ദേഹത്തിന് രാധയാണ് കൂറെ കുടി നന്നാവുകയെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. 

ലോകമെങ്ങുമുള്ള ഹൈന്ദവിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു കൊറിയക്കാരന്‍. അദ്ദേഹത്തിന്‍റെ കൃഷ്ണ വേഷമാണ് ഈ അമ്പരപ്പിന് കാരണം. കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്യൂട്ട് കൃഷ്ണനാണ് ഇയാളെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. സിയോളിൽ താമസിക്കുന്ന ഇന്ത്യൻ ഫാഷൻ ഡിസൈനറായ ആഞ്ചൽ അവെയർ ആണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മുംബൈ സ്വദേശിനിയായ ആഞ്ചൽ അവെയർ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ മോഡലും ഫാഷന്‍ ഡിസൈനറും ഫാഷന്‍ സ്റ്റൈലിസ്റ്റുമായി ജോലി നോക്കുകയാണ്.

ജന്മാഷ്ടമിയോട് അനുബന്ധിച്ചാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എല്ലാവര്‍ക്കും ആരോഗ്യം, സമാധാനം, സമൃദ്ധിയും ആശംസിച്ച കുറിപ്പില്‍ തങ്ങൾ. തങ്ങളുടെ കൃഷ്ണനെ പരിചയപ്പെടുത്തുന്നുവെന്നും കുറിച്ചു. യുണ്സൂ എന്ന മോഡലാണ് കൃഷ്ണ വേഷം ധരിച്ചെത്തിയത്. യുണ്സൂ, കൃഷ്ണനെ കൃത്യമായി അടയാളപ്പെടുത്തുന്നുവെന്നും കുറിപ്പ് അവകാശപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രിയങ്കരമായ മുഖം, കൃപ, ആകര്‍ഷണം, സൗന്ദര്യം എല്ലാം അവരുടെ ജീവിതത്തിൽ എങ്ങനെ ജീവിക്കുന്നു എന്നതിൽ പ്രതിഫലിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. താന്‍ കരുതിയതിനെക്കാളും യുണ്സൂ കൃഷ്ണനെ പകര്‍ത്തിയിരിക്കുന്നുവെന്നും ഇനി പറയൂ നിങ്ങളുടെ ജീവിതത്തിലെ കൃഷ്ണന്‍ ആരാണെന്നും കുറിപ്പില്‍ ചോദിക്കുന്നു.

View post on Instagram

കൃഷ്ണനാകാൻ നിങ്ങൾ വളരെ ഭംഗിയുള്ളവനാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭംഗിയുള്ള കൃഷ്ണനെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റ് ചിലര്‍ യൂണ്സുവിന്‍റെ കണ്ണുകൾക്ക് വലിയ ആകര്‍ഷണീയതയുള്ളതായി അവകാശപ്പെട്ടു. മറ്റ് ചില കാഴ്ചച്ചക്കാര്‍ യൂണ്സുവിനെ രാധയുടെ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതായി കുറിച്ചു. കൃഷ്ണനെക്കാളും യൂണ്സുവിന് രാധയുടെ വേഷം നന്നായി ചേരുമെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. 11 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഏതാണ്ട് ഒന്നര ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.